രമേശ് ചെന്നിത്തലയും വി. ഡി. സതീശനും തമ്മിൽ നടത്തിയ ചർച്ച പൂർണ്ണമായ യോജിപ്പിലെത്താൻ കഴിഞ്ഞില്ലെങ്കിലും, ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് നൽകാം എന്ന് വി. ഡി. സതീശൻ ഉറപ്പുനൽകി എന്ന് റിപ്പോര്‍ട്ടുകള്‍. അൻവർ സാദത്തിനെ മന്ത്രിസഭയിൽ എടുക്കണമെന്ന ആവശ്യം ചെന്നിത്തല വീണ്ടും ഉന്നയിച്ചു. ഈ കാര്യത്തിൽ മുസ്ലിം ലീഗുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കാമെന്നാണ് സതീശൻ വ്യക്തമാക്കിയത്. ലീഗ് ഇതിനോട് യോജിച്ചില്ലെങ്കിൽ ഐ. സി. ബാലകൃഷ്ണൻ, ടി. ജെ. വിനോദ്, ജ്യോതികുമാർ ചാമക്കാല എന്നിവരിൽ ഒരാളെ മന്ത്രിയാക്കണമെന്നാണ് ചെന്നിത്തലയുടെ മറ്റൊരു ആവശ്യം.
ഇതിനിടെ, പുതിയ മന്ത്രിസഭാ രൂപീകരണത്തിനായുള്ള യു.ഡി.എഫിലെ ഉഭയകക്ഷി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ ലഭിക്കുമെന്നാണ് സൂചനകൾ. കേരള കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ പദവിയും നൽകിയേക്കും. എന്നാൽ തങ്ങൾക്ക് രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ജോസഫ് വിഭാഗം.
അതേസമയം, കോൺഗ്രസിന്റെ മന്ത്രിമാരുടെ പട്ടിക ഇന്ന് തന്നെ തയ്യാറാകും. ഹൈക്കമാൻഡിന്റെ അനുമതിയോടെ ഈ പട്ടിക ഇന്ന് തന്നെ ഗവർണർക്ക് സമർപ്പിക്കും. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫും പി. സി. വിഷ്ണുനാഥും കന്റോൺമെന്റ് ഹൗസിലെത്തിയിട്ടുണ്ട്. കോൺഗ്രസ് മന്ത്രിമാരുടെ ലിസ്റ്റ് ഇന്ന് തന്നെയുണ്ടായേക്കുമെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. നിയുക്ത മുഖ്യമന്ത്രിയും കെ.പി.സി.സി. അധ്യക്ഷനും ദീപാ ദാസ് മുൻഷി, കെ. സി. വേണുഗോപാൽ എന്നിവരുമായി ചർച്ച നടത്തി പട്ടിക ഹൈക്കമാൻഡിന് കൈമാറും.




