Crime

ടിസിഎസ് ഓഫിസിലെ ലൈംഗികാതിക്രമക്കേസ്: ഒളിവിൽ പോയ എച്ച്ആർ മാനേജർ നിദ ഖാൻ പിടിയിൽ

നാസിക് ടിസിഎസ് ലൈംഗിക പീഡന, മതപരിവർത്തന കേസുകളിൽ പ്രതിയായ എച്ച് ആർ മാനേജർ നിദ ഖാനെ പോലീസ് പിടികൂടി. കഴിഞ്ഞ 25 ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ ഛത്രപതി സാംബാജി നഗറിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നരേഗാവിലെ ഒരു ഫ്ലാറ്റിൽ മാതാപിതാക്കൾക്കും സഹോദരനുമൊപ്പം ഒളിവിൽ കഴിയുകയായിരുന്നു ഇവരെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് ഫ്ലാറ്റിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഒടുവിൽ നാസിക് എസ്‌ഐടിയും ക്രൈം ബ്രാഞ്ചും ചേർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ നിദ ഖാനെ റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി ഇവരെ നാസിക്കിലേക്ക് കൊണ്ടുപോയിട്ടുണ്ട്. അറസ്റ്റിൽ നിന്ന് ഒഴിവാകാൻ ഇവർ നേരത്തെ നാസിക് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. താൻ രണ്ട് മാസം ഗർഭിണിയാണെന്ന വാദം ഉന്നയിച്ചാണ് ജാമ്യം തേടിയതെങ്കിലും കോടതി അത് നിഷേധിക്കുകയായിരുന്നു. 2021 മുതൽ കമ്പനിയിൽ ‘പ്രോസസ് അസോസിയേറ്റ്’ ആയി ജോലി ചെയ്തു വരികയായിരുന്ന ഇവരെ ആരോപണങ്ങൾ ഉയർന്നതോടെ സസ്പെൻഡ് ചെയ്തിരുന്നു.

കഴിഞ്ഞ മാസമാണ് നാസിക്കിലെ ടാറ്റാ കൺസൾട്ടൻസി സർവീസസുമായി ബന്ധപ്പെട്ട ബിപിഒ യൂണിറ്റിൽ നിന്ന് ഗുരുതരമായ പരാതികൾ ഉയർന്നത്. സ്ഥാപനത്തിലെ ജീവനക്കാർ ലൈംഗിക പീഡനത്തിനും മാനസിക പീഡനത്തിനും ഇരയായെന്നും നിർബന്ധിത മതപരിവർത്തനത്തിന് ശ്രമം നടന്നെന്നുമാണ് പരാതി. ഇതിനെത്തുടർന്ന് പോലീസ് നിരവധി സംഘങ്ങളായി തിരിഞ്ഞ് സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തി വരികയായിരുന്നു. കേസിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.