മുംബൈയിൽ വിവാദ ജ്യോത്സ്യനും സ്വയം പ്രഖ്യാപിത ആൾദൈവവുമായ അശോക് ഖരാട്ടിനെതിരെ അതിശക്തമായ ആരോപണങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ലഹരിമരുന്ന് നൽകി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നു എന്ന വിവരങ്ങൾ ശരിവയ്ക്കുന്ന തെളിവുകളാണ് പോലീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഒരു മറാത്തി മാധ്യമം റിപ്പോർട്ട് ചെയ്തതനുസരിച്ച്, 2020 മുതൽ 2026 വരെയുള്ള കാലയളവിൽ അശോക് ഖരാട്ട് തന്നെ പലതവണ ബലാത്സംഗം ചെയ്തതായി ഒരു യുവതി പരാതിപ്പെട്ടു. തനിക്ക് ലഹരി പദാർഥങ്ങൾ നൽകിയെന്നും, വഴങ്ങിയില്ലെങ്കിൽ മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി വെളിപ്പെടുത്തി.
മതപരമായ ചടങ്ങുകൾ എന്ന വ്യാജേന വിശ്വസിപ്പിച്ച് തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. പ്രതി നൽകിയ ഗുളികകൾ കഴിച്ചതിനെത്തുടർന്ന് തനിക്ക് ഗർഭഛിദ്രം സംഭവിച്ചതായും ഇവർ ആരോപിക്കുന്നു. ഇതോടെ അശോകിനെതിരെ ലൈംഗിക ചൂഷണത്തിന് പരാതി നൽകുന്ന മൂന്നാമത്തെ സ്ത്രീയായി ഇവർ മാറി.
തനിക്ക് ദൈവിക ശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ചാണ് അശോക് സ്ത്രീകളെ വലയിലാക്കിയിരുന്നതെന്ന് ഇയാളുടെ മുൻ ജീവനക്കാരനും സാക്ഷ്യപ്പെടുത്തുന്നു. ശാരീരിക ബന്ധത്തിന് തയ്യാറായില്ലെങ്കിൽ ഭർത്താക്കന്മാർക്ക് അപകടം സംഭവിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്ന അശോകിനെതിരെ ബലാത്സംഗം, നരബലി, മന്ത്രവാദം തുടങ്ങിയ വകുപ്പുകൾ ചുമത്തി മാർച്ച് 18-നാണ് അറസ്റ്റ് ചെയ്തത്.




