Crime

കാരണവർ വധക്കേസ് പ്രതി ഷെറിന്റെ ജയിലിലെ ‘ലീലാവിലാസം’ തുറന്നുകാട്ടിയ സുനിത, ഭീഷണിയുണ്ടെന്ന് അന്നു പറഞ്ഞു; ദുരൂഹത

ബംഗളൂരുവിൽ തൊഴിലുടമയുടെ ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ട വാടാനപ്പള്ളി സ്വദേശിനി സുനിത, മുൻപ് കേരളത്തിലെ ജയിൽ ഭരണത്തെ പിടിച്ചുകുലുക്കിയ വെളിപ്പെടുത്തലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട വ്യക്തി . പ്രമാദമായ കാരണവർ വധക്കേസിലെ പ്രതി ഷെറിന് ജയിലിൽ ലഭിച്ചിരുന്ന വി.ഐ.പി സൗകര്യങ്ങളെക്കുറിച്ചും ഉന്നത രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചും കഴിഞ്ഞ വർഷം സുനിത നടത്തിയ വെളിപ്പെടുത്തലുകൾ വലിയ വാർത്തയായിരുന്നു.

മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് അട്ടക്കുളങ്ങര ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് താൻ നേരിൽ കണ്ട കാര്യങ്ങളാണ് സുനിത പുറത്തുവിട്ടത്. ഷെറിൻ ജയിലിനുള്ളിൽ മൊബൈൽ ഫോണും മേക്കപ്പ് സാധനങ്ങളും ഉപയോഗിച്ചിരുന്നതായും മുൻ ജയിൽ ഡി.ഐ.ജി പ്രദീപ്, മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ എന്നിവരുടെ സ്വാധീനത്താൽ ഇവർക്ക് നിരന്തരം പരോൾ ലഭിച്ചിരുന്നതായും സുനിത ആരോപിച്ചിരുന്നു.

ജയിലിലെ ഇത്തരം നിയമവിരുദ്ധമായ ആനുകൂല്യങ്ങൾക്കെതിരെ 2015ൽ തന്നെ സുനിത അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും ഉദ്യോഗസ്ഥർ ഷെറിനെ സംരക്ഷിക്കുകയാണുണ്ടായത്. ഇതിന്റെ പേരിൽ തനിക്ക് വലിയ ഭീഷണികൾ നേരിടേണ്ടി വന്നതായും അവർ വെളിപ്പെടുത്തിയിരുന്നു. കണ്ണൂർ ജയിലിൽ വെച്ച് ഒരു വിദേശ വനിതയെ ഷെറിൻ ആക്രമിച്ച സംഭവം പോലും ഉദ്യോഗസ്ഥർ മറച്ചുവെച്ചുവെന്ന ആരോപണം സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഷെറിന് ശിക്ഷാ ഇളവ് നൽകി വിട്ടയക്കാനുള്ള നീക്കങ്ങൾക്കെതിരെ സുനിത നടത്തിയ പോരാട്ടം വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതെളിച്ചത്.

മൃഗസ്നേഹി കൂടിയായിരുന്ന സുനിത നാട്ടിൽ 140 ഓളം തെരുവുനായ്ക്കളെ സ്വന്തം നിലയിൽ സംരക്ഷിച്ചു വരികയായിരുന്നു. സ്കൂളുകളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾ എത്തിച്ചായിരുന്നു ഇവയെ പരിപാലിച്ചിരുന്നത്. എന്നാൽ വേനലവധി തുടങ്ങിയതോടെ നായ്ക്കൾക്ക് ഭക്ഷണം കണ്ടെത്താൻ ഇവർ ഏറെ ബുദ്ധിമുട്ടി. ഇത്തരമൊരു സാഹചര്യത്തിലാണ് ബംഗളൂരുവിലെ ഒരു ഷെൽട്ടർ ഹോമിലെ ജോലിയെക്കുറിച്ച് പരസ്യം കാണുന്നത്. തുടർന്ന് നായ്ക്കളുടെ സംരക്ഷണത്തിന് പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഏപ്രിൽ 17ന് ഭർത്താവ് ഷിന്റോക്കും മറ്റ് രണ്ട് സ്ത്രീകൾക്കുമൊപ്പം സുനിത ബംഗളൂരുവിലേക്ക് പോകുകയായിരുന്നു.

മേയ് മൂന്നിനാണ് സുനിതയെ ദാരുണാന്ത്യത്തിലേക്ക് നയിച്ച മർദനം നടന്നത്. തൊഴിലുടമയായ ദീപക് സുനിതയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ഇത് എതിർത്ത സുനിത ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുമെന്ന് പറയുകയും ചെയ്തു. ഇതിൽ പ്രകോപിതനായ ദീപക് സുനിതയുടെ തല ഭിത്തിയിലും അലമാരയിലും ഇടിപ്പിക്കുകയും നെഞ്ചിൽ ആഞ്ഞുചവിട്ടുകയും ചെയ്തു. തടയാൻ ശ്രമിച്ച മറ്റ് സ്ത്രീകളെ ഇയാൾ ഭീഷണിപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ സുനിതയെ തൃശൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവം മൂലം ജീവൻ രക്ഷിക്കാനായില്ല. താൻ സുനിതയെ മർദിച്ചുവെന്ന് ദീപക് സമ്മതിക്കുന്ന ശബ്ദരേഖ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. നിലവിൽ തൃശൂർ ഈസ്റ്റ് പോലീസ് കേസിൽ അന്വേഷണം നടത്തിവരികയാണ്.