Featured Spotlight

തോല്‍പ്പിച്ചത് ക്യാപ്റ്റന്‍ പിണറായി; തുടര്‍ഭരണം ആരെയും ഏകാധിപതിയാക്കും; രൂക്ഷ വിമര്‍ശനവുമായി സെബാസ്റ്റ്യന്‍ പോള്‍

സംസ്ഥാനത്ത് ഇടതുപക്ഷത്തിനുണ്ടായ കനത്ത തിരിച്ചടിക്ക് പ്രധാന കാരണം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മുൻ എംപി സെബാസ്റ്റ്യൻ പോൾ . പാർട്ടിയും പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയെ നിയന്ത്രിക്കാൻ തയ്യാറാകാതെ സ്വതന്ത്രമായി വിട്ടത് തിരിച്ചടിയായി. ഭരണത്തെക്കാൾ ഉപരിയായി പിണറായി വിജയൻ എന്ന വ്യക്തിയോടുള്ള എതിർപ്പാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഏകാധിപത്യപരമായ സമീപനം ജനങ്ങൾക്കിടയിൽ അതൃപ്തിയുണ്ടാക്കിയെന്നും ജനങ്ങൾ ആഗ്രഹിക്കുന്നത് സ്നേഹത്തോടെ പെരുമാറുന്ന ഒരു മുഖ്യമന്ത്രിയെയാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കിലും പ്രവൃത്തിയിലും പുലർത്തേണ്ട മാന്യത ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും അത് ഇല്ലാതെ പോയതാണ് പിണറായിക്കെതിരായ വോട്ടായി മാറിയതെന്നും സെബാസ്റ്റ്യൻ പോൾ വിശദീകരിച്ചു. ഇത്തരം വ്യക്തിപരമായ വിയോജിപ്പുകൾ ആനുകൂല്യങ്ങൾ നൽകിയോ സാമ്പത്തിക നേട്ടങ്ങൾ കാണിച്ചോ പരിഹരിക്കാൻ സാധിക്കില്ല. ഇതാണ് തോൽവിക്ക് ആക്കം കൂട്ടിയത്. എന്നിരുന്നാലും, പിണറായി വിജയൻ പരാജയപ്പെട്ട ഒരു മുഖ്യമന്ത്രിയാണെന്ന് താൻ കരുതുന്നില്ലെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ അദ്ദേഹം മികച്ച രീതിയിൽ തന്നെ പ്രവർത്തിച്ചിട്ടുണ്ടെന്നും സെബാസ്റ്റ്യൻ പോൾ കൂട്ടിച്ചേർത്തു.

മന്ത്രി പി. രാജീവിനെതിരെയും സെബാസ്റ്റ്യൻ പോൾ പരോക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. എറണാകുളത്ത് മറ്റു നേതാക്കൾ വളരുന്നത് തടയാൻ രാജീവ് ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം പ്രവണതകൾ ജില്ലയിൽ പാർട്ടിയെ വലിയ പരാജയത്തിലേക്ക് നയിച്ചു. പല നേതാക്കളെയും അപമാനിച്ച് പുറത്താക്കുന്ന രീതിയാണ് അവിടെയുള്ളത്. കഴിവുള്ളവരെ മാറ്റിനിർത്താൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും സെബാസ്റ്റ്യൻ പോൾ കുറ്റപ്പെടുത്തി.

തുടർച്ചയായ ഭരണം ആരെയും ഏകാധിപതിയാക്കുമെന്നും പിണറായി വിജയൻ ഇതിന് ഒരു വലിയ ഉദാഹരണമാണെന്നും ‘വികാരം പിണറായിവിരുദ്ധം’ എന്ന പേരിൽ ദീപിക ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ ഇടയുസഹയാത്രികന്‍ കൂടിയായ എം.പി സെബാസ്റ്റ്യൻ പോൾ അഭിപ്രായപ്പെട്ടു. കേരളം ഇന്ത്യൻ യൂണിയന്റെ ഭാഗമായതിനാലും ഭരണഘടന സംരക്ഷിക്കാൻ രാഷ്ട്രപതി ഉള്ളതിനാലും മാത്രമാണ് പിണറായി വിജയന് തന്റെ സ്വഭാവം പൂർണ്ണമായി പ്രകടിപ്പിക്കാൻ കഴിയാത്തതെന്ന് അദ്ദേഹം പറഞ്ഞു .

സ്റ്റാലിന്റെ ഭരണകാലത്തെ പേടിപ്പെടുത്തുന്ന സാഹചര്യത്തെ ക്രൂഷ്‌ചേവ് വിശദീകരിച്ച സംഭവം ഉദാഹരിച്ചാണ് സെബാസ്റ്റ്യൻ പോൾ പിണറായിയുടെ ശൈലിയെ വിമർശിച്ചത്. തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ അന്ന് സ്റ്റാലിന്റെ കൂടെയുള്ളവർ ഭയപ്പെട്ടിരുന്നു. അതുപോലെ പിണറായി വിജയന്റെ തെറ്റുകൾ പറയാൻ പാർട്ടിയിലുള്ളവർക്കും ഭയമാണ്. പിണറായിക്ക് അനഭിമതനായതിന്റെ പേരിൽ തന്റെ പാർലമെന്ററി ജീവിതം അദ്ദേഹം അവസാനിപ്പിച്ചുവെന്നും സെബാസ്റ്റ്യൻ പോൾ ലേഖനത്തിൽ വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടെ പ്രവർത്തനരീതികൾ പാർട്ടിക്കുള്ളിലും പുറത്തും വലിയ ഭയമാണ് ഉണ്ടാക്കുന്നതെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഓരോ വോട്ടർക്കും വെറുക്കപ്പെട്ടവനായി മാറിയെന്ന് അദ്ദേഹം കുറിച്ചു. പിണറായിയെ ‘ക്യാപ്റ്റൻ’ ആയി ഉയർത്തിക്കാട്ടിയത് എൽ.ഡി.എഫ് എന്ന കപ്പൽ മുങ്ങാൻ കാരണമായി. ബംഗാളിൽ സി.പി.എമ്മിന് സംഭവിച്ച തകർച്ച കേരളത്തിലും ആവർത്തിക്കുമോ എന്ന് അദ്ദേഹം ആശങ്കപ്പെട്ടു. പാർട്ടിയുടെ തീരുമാനങ്ങൾക്ക് വിധേയമായി പ്രവർത്തിക്കേണ്ട മുഖ്യമന്ത്രി സ്വതന്ത്രനായി മാറിയത് സി.പി.എമ്മിന്റെ വീഴ്ചയാണ്. സംഹാരദൂതൻ കടന്നുപോയ രാത്രിയിൽ രക്ഷപ്പെടാൻ അടയാളപ്പെടുത്തിയ വീടുകൾ കുറവായിരുന്നു എന്ന ബൈബിൾ പരാമർശത്തോടെയാണ് അദ്ദേഹം ലേഖനം അവസാനിപ്പിച്ചത്.