ഇന്ത്യൻ ട്വന്റി20 ടീം ക്യാപ്റ്റനും മുംബൈ ഇന്ത്യൻസ് താരവുമായ സൂര്യകുമാർ യാദവിനും ഭാര്യ ദേവിഷ ഷെട്ടിക്കും പെൺകുഞ്ഞ് പിറന്നു. താൻ ഒരു ‘പെൺകുട്ടിയുടെ അച്ഛൻ’ ആയ വിവരം സൂര്യകുമാർ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇതിനു പിന്നാലെ ബോളിവുഡ് താരം രൺവീർ സിങ്, സഹതാരം ദീപക് ചാഹർ തുടങ്ങിയ പ്രമുഖരും മുംബൈ ഇന്ത്യൻസ് ടീമും താരത്തിന് ആശംസകളുമായി എത്തി. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കേണ്ടതിനാൽ ഞായറാഴ്ച റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ സൂര്യ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ ഹാർദിക് പാണ്ഡ്യയ്ക്ക് പകരം കഴിഞ്ഞ മത്സരത്തിൽ ടീമിനെ നയിച്ചത് സൂര്യയായിരുന്നു. ഹാർദിക് തിരിച്ചെത്തിയില്ലെങ്കിൽ രോഹിത് ശർമയാകും അടുത്ത മത്സരത്തിൽ മുംബൈയെ നയിക്കുക.
സന്തോഷവാർത്തയ്ക്കിടയിലും സൂര്യകുമാറിനെ തേടി ഒരു നിരാശവാർത്തയും എത്തുന്നുണ്ട്. ഇന്ത്യയുടെ ട്വന്റി20 ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് സൂര്യയെ മാറ്റാൻ ബിസിസിഐ ആലോചിക്കുന്നതായാണ് വിവരം. ഐപിഎല്ലിലെ മികച്ച പ്രകടനം കണക്കിലെടുത്ത് ശ്രേയസ് അയ്യരെ ട്വന്റി20 ടീമിലേക്ക് തിരികെ കൊണ്ടുവരാനും ടീമിന്റെ നായകസ്ഥാനം ഏൽപ്പിക്കാനും സെലക്ഷൻ കമ്മിറ്റിക്ക് പദ്ധതിയുണ്ട്. നിലവിൽ ഫോം കണ്ടെത്താൻ സൂര്യ ബുദ്ധിമുട്ടുന്നതും പരിക്കിന്റെ പ്രശ്നങ്ങളുമാണ് ഇത്തരമൊരു ചിന്തയ്ക്ക് പിന്നിൽ. ഐപിഎൽ അവസാനിച്ചാലുടൻ അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകൾക്കുള്ള ടീമിനെ പ്രഖ്യാപിക്കുമ്പോൾ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.
രോഹിത് ശർമയ്ക്ക് ശേഷം നായകനായി എത്തിയ സൂര്യകുമാറിന് കീഴിൽ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്. എന്നാൽ കഴിഞ്ഞ ട്വന്റി20 ലോകകപ്പിലും നിലവിലെ ഐപിഎല്ലിലും ബാറ്റിങ്ങിൽ തിളങ്ങാൻ സൂര്യയ്ക്ക് സാധിച്ചിട്ടില്ല. മുംബൈക്കായി ഈ സീസണിൽ കളിച്ച പത്ത് മത്സരങ്ങളിൽ നിന്ന് വെറും 195 റൺസ് മാത്രമാണ് താരം നേടിയത്. ബാറ്റിങ്ങിൽ ഫോം ഔട്ട് ആയ ഒരാളെ വെറും നായകനായി മാത്രം ടീമിൽ നിലനിർത്തേണ്ടതില്ല എന്നാണ് ബിസിസിഐയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. കൈത്തണ്ടയിലെ പരിക്ക് സൂര്യയുടെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
വെള്ളബോൾ ക്രിക്കറ്റിൽ (ഏകദിനവും ട്വന്റി20യും) ഒരേ നായകൻ എന്ന നയത്തിലേക്ക് മാറാനും ബിസിസിഐയ്ക്ക് ആലോചനയുണ്ട്. അങ്ങനെയെങ്കിൽ ശുഭ്മൻ ഗില്ലിന് പകരം ശ്രേയസ് അയ്യർ ഏകദിന ടീമിന്റെയും നായകസ്ഥാനം ഏറ്റെടുത്തേക്കും. പരിചയസമ്പന്നനായ അയ്യർ പരിക്കിൽ നിന്ന് മുക്തനായി മികച്ച ഫോമിലേക്ക് തിരിച്ചെത്തിയത് ടീമിന് ഗുണകരമാകുമെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ജൂണിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരങ്ങളോടെയാണ് ഇന്ത്യയുടെ അടുത്ത രാജ്യാന്തര സീസൺ തുടങ്ങുന്നത്. അടുത്ത വർഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്നതിനാൽ വരാനിരിക്കുന്ന സീസണിൽ ഏകദിന മത്സരങ്ങൾക്കായിരിക്കും ടീം ഇന്ത്യ കൂടുതൽ പ്രാധാന്യം നൽകുക.




