Crime

ദത്തെടുത്ത പെണ്‍കുട്ടിയെ പൂട്ടിയിട്ട് പീഡിപ്പിച്ചു; ഗര്‍ഭമലസിപ്പിക്കാന്‍ വെട്ടുകല്ല് വയറ്റിൽ വച്ചു, പ്രതിക്ക് 25 വർഷം തടവ്

തലശ്ശേരിയിൽ ദത്തെടുത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 44 വർഷം കഠിന തടവും 1,04,000 രൂപ പിഴയും വിധിച്ചു. കൂടാതെ പെൺകുട്ടിയുടെ സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് 7 വർഷം തടവും 15,000 രൂപ പിഴയും ശിക്ഷയുണ്ട്.

ശിക്ഷാകാലാവധി ഒന്നിച്ച് 25 വർഷം അനുഭവിച്ചാൽ മതിയെന്ന് തലശ്ശേരി പോക്സോ കോടതി ജഡ്ജി എം.ടി. ജലജ റാണി ഉത്തരവിട്ടു. കൂത്തുപറമ്പ് മാങ്ങാട്ടിടം സ്വദേശി ശശികുമാറിനെയാണ് ശിക്ഷിച്ചത്. എന്നാൽ ഇയാൾക്കൊപ്പം താമസിച്ചിരുന്ന രണ്ടാം പ്രതിയായ സ്ത്രീയെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.

2016-ലാണ് കേസിനാസ്പദമായ ക്രൂരത നടന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് പെൺകുട്ടിയെ മുറിയിൽ പൂട്ടിയിട്ട് മൂന്ന് ദിവസത്തോളം പീഡിപ്പിക്കുകയായിരുന്നു. ഭീഷണി ഭയന്ന് കുട്ടി വിവരം പുറത്തുപറഞ്ഞില്ലെങ്കിലും ഇതിനിടെ ഗർഭിണിയായി. ഗർഭച്ഛിദ്രം നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെത്തുടർന്ന് കുട്ടിയെക്കൊണ്ട് കഠിനമായ ജോലി ചെയ്യിക്കുകയും വെട്ടുകല്ല് വയറ്റിൽ വെപ്പിക്കുകയും ചെയ്തു. ക്രൂരമായ ഈ നടപടിയെത്തുടർന്ന് രക്തസ്രാവമുണ്ടാവുകയും ഗർഭം അലസിപ്പോകുകയും ചെയ്തു എന്നാണ് കേസ്.

അവധിക്ക് ഇതേ വീട്ടിൽ താമസിക്കാൻ വന്ന മറ്റൊരു കുട്ടിയോടാണ് പീഡനത്തിനിരയായ പെൺകുട്ടി വിവരങ്ങൾ പങ്കുവെച്ചത്. തന്നോടും ശശികുമാർ അപമര്യാദയായി പെരുമാറിയെന്ന് ആ കുട്ടിയും വെളിപ്പെടുത്തി. പിന്നീട് അനാഥാലയത്തിൽ തിരിച്ചെത്തിയ കുട്ടി കൗൺസിലിങ്ങിൽ കാര്യങ്ങൾ വ്യക്തമാക്കിയതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനത്തിനിരയായ രണ്ട് പെൺകുട്ടികളും സഹോദരിമാരാണെന്ന ഞെട്ടിക്കുന്ന വിവരം തിരിച്ചറിഞ്ഞത്. ചെറുപ്പത്തിലേ ശിശുഭവനുകളിൽ വേർപിരിഞ്ഞു കഴിഞ്ഞിരുന്നതിനാൽ അവർക്ക് പരസ്പരം തിരിച്ചറിയാൻ സാധിച്ചിരുന്നില്ല.