നമ്മുടെ ആരോഗ്യത്തിന്റെ കണ്ണാടിയാണ് പാദങ്ങൾ എന്ന് പറയാറുണ്ട്. പലപ്പോഴും വാർഷിക ആരോഗ്യ പരിശോധനകളിൽ നാം പാദങ്ങളെ അവഗണിക്കാറാണ് പതിവ്. എന്നാൽ കരളിന്റെ ആരോഗ്യം മോശമാകുന്നു എന്നതിന്റെ വ്യക്തമായ സൂചനകൾ പാദങ്ങൾ നൽകും. നടത്തത്തിനിടയിലോ അല്ലാതെയോ പാദങ്ങളിൽ കാണുന്ന ചില മാറ്റങ്ങൾ ശ്രദ്ധിച്ചാൽ കരൾ രോഗങ്ങളെ നേരത്തെ തിരിച്ചറിയാൻ സാധിക്കുമെന്ന് ഗ്യാസ്ട്രോ എന്ററോളജി വിദഗ്ധനായ ഡോ. അനുജ് പഹൂജ വ്യക്തമാക്കുന്നു.
കരൾ രോഗത്തിന്റെ പ്രധാന 4 ലക്ഷണങ്ങൾ:
പാദങ്ങളിലെ നീര് (Edema):
കരൾ ആൽബുമിൻ എന്ന പ്രോട്ടീൻ ഉൽപ്പാദിപ്പിക്കുന്നത് കുറയുമ്പോൾ പാദങ്ങളിലും കണങ്കാലിലും ദ്രാവകം അടിഞ്ഞുകൂടി നീരുണ്ടാകുന്നു. ഇത് ഹൃദയരോഗങ്ങൾ ഉള്ളവരിലും പ്രമേഹരോഗികളിലും കാണാറുണ്ടെങ്കിലും തുടർച്ചയായ നീര് കരൾ പ്രവർത്തനത്തിലെ തകരാറുകളെയാണ് സൂചിപ്പിക്കുന്നത്.
ത്വക്കിന്റെയും നഖങ്ങളുടെയും മഞ്ഞനിറം:
രക്തത്തിൽ ബിലിറൂബിന്റെ അളവ് കൂടുമ്പോൾ കണ്ണുകൾക്ക് പുറമെ പാദങ്ങളിലെ ചർമ്മത്തിലും നഖങ്ങളിലും മഞ്ഞനിറം പടരുന്നു. സ്വാഭാവിക വെളിച്ചത്തിൽ ഇത് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. മഞ്ഞപ്പിത്തം കഠിനമാകുന്നതിന്റെ സൂചനയാണിത്.
ഉള്ളംകാലിലെ ചൊറിച്ചിൽ:
കാരണമില്ലാതെ ഉള്ളംകാലിൽ ഉണ്ടാകുന്ന ചൊറിച്ചിൽ കരൾ രോഗത്തിന്റെ പ്രാരംഭ ലക്ഷണമാകാം. ബിലിറൂബിൻ കൂടുന്നതും പിത്തരസം രക്തത്തിൽ കലരുന്നതുമാണ് ഇതിന് കാരണം. രാത്രികാലങ്ങളിൽ ഈ ചൊറിച്ചിൽ വർധിക്കാൻ സാധ്യതയുണ്ട്.
വേഗത്തിൽ മുറിവുകളുണ്ടാകുകയോ രക്തം വരികയോ ചെയ്യുക:
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ നിർമ്മിക്കുന്നത് കരളാണ്. കരളിന്റെ പ്രവർത്തനം മന്ദഗതിയിലാകുമ്പോൾ നിസ്സാരമായ തട്ടലോ മുട്ടലോ ഏറ്റാൽ പോലും പാദങ്ങളിൽ ചതവുകളുണ്ടാകുകയും രക്തം വരികയും ചെയ്തേക്കാം.
എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?
ലക്ഷണങ്ങൾ കുറച്ചുദിവസങ്ങൾ നീണ്ടുനിൽക്കുകയോ, ഒപ്പം അമിതമായ ക്ഷീണം, മഞ്ഞപ്പിത്തം എന്നിവ അനുഭവപ്പെടുകയോ ചെയ്താൽ ഉടൻ വൈദ്യസഹായം തേടണം. ഫാറ്റി ലിവർ, അമിത മദ്യപാനം, പ്രമേഹം, ഹെപ്പറ്റൈറ്റിസ് എന്നിവയുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം. കരൾ പ്രവർത്തന പരിശോധന (LFT), അൾട്രാസൗണ്ട് സ്കാനിംഗ് എന്നിവയിലൂടെ രോഗം സ്ഥിരീകരിക്കാൻ സാധിക്കും. നേരത്തെയുള്ള രോഗനിർണ്ണയം മികച്ച ചികിത്സ ഉറപ്പാക്കാൻ സഹായിക്കും.




