Crime

കാമുകിയായ കോളജ് ടീച്ചറെ ഓഫീസ് ക്ലർക്ക് കാറിലിട്ട് ചുട്ടുകൊന്നു, ശേഷം ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

കാമുകിയെ കാറിനുള്ളിലിട്ട് ചുട്ടുകൊന്ന ശേഷം താലൂക്ക് ഓഫീസ് ക്ലർക്ക് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ബംഗളൂരു നന്ദി ഹിൽസിന് സമീപമാണ് ഈ ദാരുണമായ സംഭവം നടന്നത്. ദേവനഹള്ളി താലൂക്ക് ഓഫീസിലെ ക്ലർക്കായ രാമഞ്ജിനപ്പയും (45), സ്വകാര്യ കോളേജ് അധ്യാപികയായ സരോജയുമാണ് (40) മരിച്ചത്. സരോജ വിവാഹിതയും രാമഞ്ജിനപ്പ വിവാഹമോചിതനുമാണ്.

യാത്രക്കിടെ ദൊഡബെല്ലാപൂരിലെ വിജനമായ സ്ഥലത്ത് വെച്ച് ഇവർ തമ്മിൽ തർക്കമുണ്ടായി. തുടർന്ന് രാമഞ്ജിനപ്പ ചുറ്റിക കൊണ്ട് സരോജയുടെ തലയ്ക്കടിച്ച് അബോധാവസ്ഥയിലാക്കി. ശേഷം സരോജയെ പിൻസീറ്റിലിട്ട് പെട്രോളൊഴിച്ച് കാറിന് തീയിടുകയായിരുന്നു. ഈ കൃത്യത്തിനിടെ രാമഞ്ജിനപ്പയുടെ വസ്ത്രത്തിലേക്കും തീ പടരുകയും ഇയാൾക്ക് പൊള്ളലേൽക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇയാൾ ഓടിപ്പോയി ട്രെയിനിന് മുന്നിൽ ചാടിയതെന്ന് പോലീസ് വ്യക്തമാക്കുന്നു.

സുഹൃത്തായ സുരേഷിന്റെ കാറിലായിരുന്നു ഇവർ യാത്ര ചെയ്തിരുന്നത്. വാഹനത്തിലുണ്ടായിരുന്ന ‘ഓട്ടോ കൊളീഷൻ നോട്ടിഫിക്കേഷൻ’ സംവിധാനം വഴി അപകടം നടന്ന വിവരം ഉടൻ തന്നെ കാറുടമയ്ക്ക് സന്ദേശമായി ലഭിച്ചു. സുരേഷ് സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് കത്തിക്കരിഞ്ഞ നിലയിൽ കാറും മൃതദേഹവും കണ്ടെത്തിയത്. മൃതദേഹത്തിലെ ആഭരണങ്ങൾ കണ്ടാണ് കൊല്ലപ്പെട്ടത് സരോജയാണെന്ന് ഭർത്താവ് ജയശങ്കർ തിരിച്ചറിഞ്ഞത്. റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ രാമഞ്ജിനപ്പയുടെ മരണത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.