തന്നെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേയും ചേര്‍ത്ത് പ്രചരിച്ച വിവാഹ വാർത്തയോട് രൂക്ഷമായിപ്രതികരിച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട്. രാഹുൽ ഗാന്ധിയെ കങ്കണ വിവാഹം കഴിക്കുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾക്കെതിരെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം രംഗത്തെത്തിയത്. ഇത്തരം വ്യാജപ്രചാരണങ്ങൾ അങ്ങേയറ്റം ദയനീയമാണെന്ന് കങ്കണ തുറന്നടിച്ചു.
രാഹുൽ ഗാന്ധി ബിജെപിയിൽ ചേരുകയാണെങ്കിൽ അദ്ദേഹത്തെ വിവാഹം കഴിക്കാൻ താൻ തയ്യാറാണെന്ന് കങ്കണ പറഞ്ഞതായാണ് പ്രചാരണം നടന്നത്. ആം ആദ്മി പാർട്ടിയിൽ നിന്നും രാഘവ് ഛദ്ദ ബിജെപിയിൽ ചേർന്നതിന് പിന്നാലെ ഒരു മീം പേജിലാണ് ഈ വാർത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. മിനിറ്റുകൾക്കകം തന്നെ ഇത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.
ഈ വ്യാജവാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടാണ് കങ്കണ തന്റെ പ്രതിഷേധം അറിയിച്ചത്. രാഷ്ട്രീയത്തിൽ പോലും സ്ത്രീകൾക്ക് അർഹമായ അന്തസ്സ് ലഭിക്കുന്നില്ലെന്നും ഇത്തരം അസംബന്ധങ്ങൾ പ്രചരിപ്പിക്കുന്നവരെ ഓർത്ത് ലജ്ജ തോന്നുന്നുവെന്നും താരം കുറിച്ചു. മുൻപ് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനുമായി ചേർത്ത് തന്നെപ്പറ്റി വന്ന വാർത്തകളും കങ്കണ തള്ളിക്കളഞ്ഞിരുന്നു.
ചിരാഗ് തന്റെ അടുത്ത സുഹൃത്ത് മാത്രമാണെന്നും തങ്ങൾ തമ്മിൽ പ്രണയത്തിലല്ലെന്നും താരം അന്ന് വ്യക്തമാക്കിയിരുന്നു. പത്ത് വർഷം മുൻപ് ഒരു സിനിമയിൽ ഒന്നിച്ച് അഭിനയിച്ചപ്പോഴാണ് ചിരാഗിനെ പരിചയപ്പെട്ടത്. പ്രണയത്തിലായിരുന്നെങ്കിൽ ഇതിനകം തങ്ങൾക്ക് കുട്ടികളുണ്ടാകുമായിരുന്നുവെന്നും താരം പരിഹാസരൂപേണ അന്ന് പറഞ്ഞിരുന്നു. സ്വന്തമായി സംവിധാനം ചെയ്ത് അഭിനയിച്ച ‘എമർജൻസി’യാണ് കങ്കണയുടേതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.




