കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ വെറും മൂന്ന് ദിവസം മാത്രം ശേഷിക്കെ, രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച് ടുഡെയ്‌സ് ചാണക്യയുടെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നു. സംസ്ഥാനത്ത് ഇത്തവണ തൂക്കുസഭയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് സർവേ വ്യക്തമാക്കുന്നത്. യുഡിഎഫും എൽഡിഎഫും തമ്മിൽ അതിശക്തമായ പോരാട്ടമാണ് നടക്കുന്നതെന്നും പ്രവചനം സൂചിപ്പിക്കുന്നു.
കണക്കുകൾ പ്രകാരം യുഡിഎഫിന് നേരിയ മുൻതൂക്കമുണ്ടെങ്കിലും എൽഡിഎഫിനും അധികാരത്തിലെത്താൻ സാധ്യതയുണ്ട്. യുഡിഎഫ് 60 മുതൽ 78 വരെ സീറ്റുകൾ നേടിയേക്കാമെന്നും എൽഡിഎഫ് 55 മുതൽ 73 വരെ സീറ്റുകൾ സ്വന്തമാക്കിയേക്കാമെന്നുമാണ് ചാണക്യയുടെ കണ്ടെത്തൽ. ബിജെപി നയിക്കുന്ന എൻഡിഎ 3 മുതൽ 11 സീറ്റുകൾ വരെ നേടി നിർണ്ണായക ശക്തിയാകുമെന്നും പ്രവചിക്കപ്പെടുന്നു. ഇത് സംഭവിക്കുകയാണെങ്കിൽ കേരളത്തിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത അവസ്ഥയുണ്ടാകും.
സമുദായങ്ങൾക്കിടയിലെ വോട്ടിംഗ് രീതി പരിശോധിച്ചാൽ നായർ വിഭാഗത്തിനിടയിൽ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്ന് സർവേ പറയുന്നു. നായർ വോട്ടുകളുടെ 39 ശതമാനവും ബിജെപിക്ക് ലഭിക്കുമ്പോൾ യുഡിഎഫിന് 32 ശതമാനവും എൽഡിഎഫിന് 28 ശതമാനവുമാണ് പ്രവചിക്കുന്നത്. എന്നാൽ മുസ്ലിം വോട്ടുകളിൽ വലിയൊരു ഭാഗം യുഡിഎഫിനൊപ്പമാണ്, ഏകദേശം 62 ശതമാനം.
ഇവിടെ എൽഡിഎഫിന് 33 ശതമാനവും ബിജെപിക്ക് 4 ശതമാനവുമാണ് സാധ്യത.
ഈഴവ വോട്ടുകളിൽ 47 ശതമാനവുമായി എൽഡിഎഫ് ആധിപത്യം തുടരും. ഈ വിഭാഗത്തിൽ ബിജെപി 32 ശതമാനവും യുഡിഎഫ് 20 ശതമാനവും വോട്ട് നേടിയേക്കും. ക്രിസ്ത്യൻ വിഭാഗത്തിനിടയിൽ 53 ശതമാനവുമായി യുഡിഎഫ് മുന്നിട്ടുനിൽക്കുന്നു. എസ്‌സി വിഭാഗത്തിൽ 49 ശതമാനം വോട്ട് എൽഡിഎഫിന് ലഭിക്കുമെന്നാണ് കണക്ക്. ആകെ വോട്ട് വിഹിതത്തിൽ യുഡിഎഫ് 40 ശതമാനവും എൽഡിഎഫ് 38 ശതമാനവും എൻഡിഎ 20 ശതമാനവും നേടുമെന്ന് സൂചനയുണ്ട്.
അതേസമയം, അസമിൽ ബിജെപി സഖ്യം വൻ വിജയം നേടുമെന്നാണ് ചാണക്യ പ്രവചിക്കുന്നത്. ആകെയുള്ള 126 സീറ്റുകളിൽ 93 മുതൽ 111 വരെ സീറ്റുകൾ നേടി എൻഡിഎ അധികാരം നിലനിർത്താൻ സാധ്യതയുണ്ട്. കോൺഗ്രസ് സഖ്യം 14 മുതൽ 32 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നാണ് റിപ്പോർട്ട്. എൻഡിഎ 50 ശതമാനം വോട്ട് വിഹിതം നേടുമ്പോൾ കോൺഗ്രസിന് 38 ശതമാനം വോട്ടുകളാണ് പ്രവചിക്കുന്നത്. മെയ് 4-നാണ് ഔദ്യോഗിക ഫലം പുറത്തുവരുന്നത്.




