നെയ്യാറ്റിന്‍കര വ്ളാത്താങ്കരയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ സംശയരോഗവും കുട്ടികളില്ലാത്തതിലുള്ള വിഷമവുമാണെന്ന് പൊലീസ്. അല്‍മയെ കൊലപ്പെടുത്താനായി വിഷ്ണു ഒരാഴ്ച മുൻപേ വെട്ടുകത്തി വാങ്ങി വീട്ടിൽ കരുതിയിരുന്നതായി മൊഴിയുണ്ട്. പുറംലോകം വിവരം അറിയാതിരിക്കാനും ആരും തടയാതിരിക്കാനുമാണ് ഞായറാഴ്ച രാവിലെ പള്ളിയിലെ പ്രാർഥനാ സമയം കൊലപാതകത്തിനായി തിരഞ്ഞെടുത്തത്.
കഴിഞ്ഞദിവസം രാവിലെ അല്‍മയെ കൊലപ്പെടുത്തിയ ശേഷം വിഷ്ണു തന്നെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. നവമാധ്യമങ്ങളിൽ സജീവമായിരുന്ന അൽമയുടെ രീതികളോട് വിഷ്ണുവിന് കടുത്ത എതിർപ്പുണ്ടായിരുന്നു. ഇതേച്ചൊല്ലി ഇരുവരും നിരന്തരം വഴക്കിടാറുണ്ടായിരുന്നു. ഈ തർക്കങ്ങളാണ് ഒടുവിൽ ആസൂത്രിതമായ കൊലപാതകത്തിൽ കലാശിച്ചത്. കൃത്യം നടത്തുമ്പോൾ അൽമയുടെ നിലവിളി പുറത്തുകേൾക്കാതിരിക്കാനാണ് പള്ളിയിലെ ശുശ്രൂഷാ സമയം വിഷ്ണു ഒളിപ്പിച്ചു വെച്ച ആയുധവുമായി എത്തിയത്. സോഷ്യൽ മീഡിയയിൽ നിന്ന് പിന്മാറാൻ പലതവണ ആവശ്യപ്പെട്ടിട്ടും അൽമ തയാറാകാതിരുന്നത് വിഷ്ണുവിന്റെ വൈരാഗ്യം വർധിപ്പിച്ചു.
ഒൻപത് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ദമ്പതികൾക്ക് കുട്ടികളില്ലാതിരുന്നതിലെ മാനസിക വിഷമവും കൊലപാതകത്തിലേക്ക് നയിച്ച മറ്റൊരു കാരണമായി പൊലീസ് ചൂണ്ടിക്കാട്ടുന്നു. സംഭവദിവസം രാവിലെയുണ്ടായ തർക്കത്തിന് പിന്നാലെ വിഷ്ണു വെട്ടുകത്തിയെടുത്ത് അൽമയുടെ കഴുത്തിലും ചെവിക്ക് പിന്നിലുമായി വെട്ടുകയായിരുന്നു. തുടർന്ന് തലയിണ ഉപയോഗിച്ച് മുഖം അമർത്തി മരണം ഉറപ്പാക്കി. ശേഷം സഹോദരന്റെ വീട്ടിലെത്തി കൊലപാതക വിവരം അറിയിച്ചു. മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം വെള്ളറടയിലെ കുടുംബവീട്ടിൽ അൽമയുടെ മൃതദേഹം സംസ്കരിച്ചു. കോടതി റിമാൻഡ് ചെയ്ത വിഷ്ണുവിനെ തെളിവെടുപ്പിനായി പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും.




