Featured Spotlight

യുപി. ‘സിങ്കം’, എൻകൗണ്ടർ സ്പെഷലിസ്റ്റ്; ബംഗാളിലെ തിരഞ്ഞെടുപ്പ് സുരക്ഷയ്ക്ക്; അയാൾ ‘സിങ്കം’ ആണെങ്കിൽ ഞാൻ ‘പുഷ്പ’യാണെന്ന് ടി.എം.സി നേതാവ്

കൊൽക്കത്ത∙ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനിടെ ഉത്തർപ്രദേശിലെ ‘എൻകൗണ്ടർ സ്പെഷലിസ്റ്റ്’ എന്നറിയപ്പെടുന്ന ഐപിഎസ് ഓഫിസർ അജയ് പാൽ ശർമയെ പൊലീസ് ഒബ്സർവറായി നിയമിച്ചത് വലിയ വിവാദമായി. സൗത്ത് 24 പർഗാനാസ് ജില്ലയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇദ്ദേഹത്തെ നിയോഗിച്ചത്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയുള്ള ഈ നീക്കം ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള കടുത്ത വാക്പോരിന് വഴിതുറന്നു.

ഉത്തർപ്രദേശിലെ നിരവധി സുരക്ഷാ ഓപ്പറേഷനുകളിലൂടെയാണ് അജയ് പാൽ ശർമ ശ്രദ്ധിക്കപ്പെട്ടത്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് ശർമയെ കൊണ്ടുവന്നതെന്ന് ബിജെപിയും തിരഞ്ഞെടുപ്പ് കമ്മിഷനും വാദിക്കുമ്പോൾ, വോട്ടർമാരെ ഭയപ്പെടുത്തി ഭരണം പിടിക്കാനുള്ള ബിജെപിയുടെ തന്ത്രമാണിതെന്ന് തൃണമൂൽ കോൺഗ്രസും അഖിലേഷ് യാദവും ആരോപിച്ചു. ബിജെപി തങ്ങളുടെ ഏജന്റുമാരെ ഇറക്കി ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ പരാതി.

യുപി കേഡറിലെ 2011 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അജയ് പാൽ ശർമ നിലവിൽ പ്രയാഗ്‌രാജിലെ അഡീഷനൽ പൊലീസ് കമ്മിഷണറാണ്. പഞ്ചാബ് സ്വദേശിയായ അദ്ദേഹം ഐപിഎസ് നേടുന്നതിന് മുൻപ് ഒരു ദന്തഡോക്ടറായിരുന്നു. കർക്കശമായ നടപടികളിലൂടെ പൊലീസ് സേനയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം യുപി പൊലീസിലെ കരുത്തനായ ഉദ്യോഗസ്ഥനായാണ് അറിയപ്പെടുന്നത്.

ശർമയുടെ നിയമനത്തിന് പിന്നാലെ അദ്ദേഹത്തെ യുപിയിലെ ‘സിങ്കം’ എന്ന് വിശേഷിപ്പിച്ച ബിജെപി നേതാവ് അമിത് മാളവ്യ, തൃണമൂൽ പ്രവർത്തകർക്ക് ശർമ മുന്നറിയിപ്പ് നൽകുന്ന വിഡിയോയും പങ്കുവെച്ചു. എന്നാൽ, ശർമ നർത്തകർക്കൊപ്പം നിൽക്കുന്ന പഴയ വിഡിയോകൾ പങ്കുവെച്ചുകൊണ്ട് തൃണമൂൽ എംപി മഹുവ മൊയ്ത്ര ഇതിനെ പരിഹസിച്ചു. ഉദ്യോഗസ്ഥന്റെ നിയമനത്തെ ചൊല്ലിയുള്ള തർക്കം ബംഗാൾ രാഷ്ട്രീയത്തിൽ ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.

ഫാൽത്ത മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ, തിരഞ്ഞെടുപ്പ് കമ്മിഷൻ ഒബ്സർവറായ അജയ് പാൽ ശർമക്കെതിരെ സിനിമാ ഡയലോഗിലൂടെ വെല്ലുവിളി ഉയർത്തിയത് ശ്രദ്ധേയമായി. ഉദ്യോഗസ്ഥന്റെ കർക്കശമായ ഇടപെടലുകൾക്ക് മറുപടിയായാണ് ഖാൻ ഇത്തരമൊരു ശൈലി സ്വീകരിച്ചത്.

വളരെ കടുത്ത ഭാഷയിലാണ് ജഹാംഗീർ ഖാൻ ഇതിനോട് പ്രതികരിച്ചത്. ഇത് ബംഗാളാണെന്നും ഉദ്യോഗസ്ഥൻ ‘സിങ്കം’ ആണെങ്കിൽ താൻ ‘പുഷ്പ’യാണെന്നുമായിരുന്നു ഖാന്റെ വാക്കുകൾ. ഇവിടെ ഒരുതരത്തിലുള്ള ഭീഷണിയും നടപ്പിലാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘പുഷ്പ’ സിനിമയിലെ നായകന്റെ വിട്ടുകൊടുക്കാത്ത പ്രകൃതത്തെ മുൻനിർത്തിയുള്ള ഈ വെല്ലുവിളി ദേശീയ തലത്തിൽ തന്നെ വലിയ ചർച്ചയായി മാറി.