Featured Sports

​ആരാണ് പ്രഫുൽ ഹിംഗെ ? ആദ്യ ഓവറിൽ മൂന്ന് വിക്കറ്റ്! ഐപിഎല്ലിൽ ചരിത്രമെഴുതിയ അരങ്ങേറ്റക്കാരൻ

തിങ്കളാഴ്ച നടന്ന ഐപിഎൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ ബാറ്റിങ് നിരയെ തകർത്തെറിഞ്ഞ പ്രഫുൽ ഹിംഗെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. തന്റെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറിൽ തന്നെ രണ്ടാം പന്തിൽ വൈഭവ് സൂര്യവംശിയെയും, മൂന്നാം പന്തിൽ ധ്രുവ് ജുറേലിനെയും, അവസാന പന്തിൽ ലുയാൻ-ഡ്രെ പ്രിട്ടോറിയസിനെയും പുറത്താക്കി പ്രഫുൽ സ്വപ്നതുല്യമായ തുടക്കമാണ് കുറിച്ചത്.

ഇതിനു മുമ്പ് ഇന്ത്യൻ ആഭ്യന്തര സർക്യൂട്ടിൽ വളരെ അപൂർവമായി കേട്ടിരുന്ന ഒരു പേരുകാരന്‍ ഒരൊറ്റ ഓവർ കൊണ്ട് ബാറ്റർമാരുടെ കളിയിടമായ ഐപിഎല്ലിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് ഇപ്പോള്‍.

ഹൈദരാബാദിന്റെ ബൗളിങ് പ്രതിസന്ധിയിലായിരുന്ന ഘട്ടത്തിൽ ടീമിലെത്തിയ ഈ യുവതാരം മാനേജ്‌മെന്റിന്റെ വിശ്വാസം കാത്തുസൂക്ഷിച്ചു. ആദ്യ ഓവറിൽ നിർത്തിയടത്തുനിന്നും തുടങ്ങിയ പ്രഫുൽ, തന്റെ രണ്ടാം ഓവറിൽ രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗിന്റെ വിക്കറ്റും സ്വന്തമാക്കി. ഐപിഎൽ അരങ്ങേറ്റത്തിൽ എറിഞ്ഞ ആദ്യ 12 പന്തുകൾക്കുള്ളിൽ താരം നേടിയത് നാലു വിക്കറ്റുകൾ.

ഐപിഎൽ ചരിത്രത്തിൽ ഒരു മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തുന്ന ആദ്യ ബൗളറെന്ന അപൂർവ്വ റെക്കോർഡ് ഇതോടെ പ്രഫുൽ ഹിംഗെ സ്വന്തം പേരിലാക്കി. ഹൈദരാബാദിന്റെ പേസ് ബൗളിങ് കോച്ചായ വരുൺ ആരോണാണ് ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങൾ വിലയിരുത്തി പ്രഫുലിനെ കണ്ടെത്തുന്നത്. 2026-ലെ ഐപിഎൽ ലേലത്തിൽ 30 ലക്ഷം രൂപയ്ക്കാണ് സൺറൈസേഴ്സ് ഹൈദരാബാദ് ഹിംഗെയെ ടീമിലെടുത്തത്.

13-ാം വയസ്സിൽ ഒരു ഫാസ്റ്റ് ബൗളറാകണമെന്ന് ഉറപ്പിച്ച പ്രഫുലിന്റെ കരിയറിൽ നിർണ്ണായകമായത് 16-ാം വയസ്സിൽ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ അക്കാദമിയിൽ എത്തിയതാണ്. അവിടെ കോച്ച് സഞ്ജീവിന്റെ കീഴിൽ പരിശീലനം ആരംഭിച്ച താരം അണ്ടർ-19 ട്രയൽസുകളിൽ 36 വിക്കറ്റുകൾ നേടി ശ്രദ്ധിക്കപ്പെട്ടെങ്കിലും കോവിഡ് പ്രതിസന്ധിയും ലോക്ക്ഡൗണും കരിയറിന് താൽക്കാലികമായി തടസ്സമുണ്ടാക്കി.

പിന്നീട് എംആർഎഫ് പേസ് ഫൗണ്ടേഷനിൽ ചേർന്നതാണ് പ്രഫുലിന്റെ ബൗളിങ്ങിൽ വലിയ വഴിത്തിരിവുണ്ടാക്കിയത്. വിദർഭയ്ക്കായി 10 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 27 വിക്കറ്റുകൾ വീഴ്ത്തിയ താരം, കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫിയിൽ തമിഴ്‌നാടിനെതിരായ പ്രകടനത്തിലൂടെയാണ് വരുൺ ആരോണിന്റെ ശ്രദ്ധയിൽപ്പെടുന്നത്. മത്സരത്തിന് പിന്നാലെ വരുൺ ആരോൺ പ്രഫുലിനെ സൺറൈസേഴ്സിന്റെ ട്രയൽസിലേക്ക് ക്ഷണിച്ചു. തന്നിൽ വലിയ വിശ്വാസമർപ്പിച്ച ടീമിന് വേണ്ടി തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഐതിഹാസികമായ പ്രകടനം കാഴ്ചവെക്കാൻ ഈ യുവതാരത്തിന് സാധിച്ചു.

“തന്റെ ആദ്യ മത്സരത്തിൽ നാലോ അഞ്ചോ വിക്കറ്റുകൾ നേടുമെന്ന് താൻ നേരത്തെ തന്നെ കുറിച്ചുവെച്ചിരുന്നതായും അത് യാഥാർത്ഥ്യമായതിൽ സന്തോഷമുണ്ടെന്നും” പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ഹിംഗെ പറഞ്ഞു. പവർപ്ലേ ഓവറുകളിൽ പരമാവധി ആധിപത്യം സ്ഥാപിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യം. തന്റെ 13-ാം വയസ്സിലാണ് ക്രിക്കറ്റ് കളിച്ചു തുടങ്ങിയതെന്നും ഈ നേട്ടം കുടുംബത്തിനായി സമർപ്പിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു. പ്രത്യേകിച്ച് വൈഭവ് സൂര്യവംശിയെ പുറത്താക്കിയതിലാണ് താൻ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതെന്നും, ആദ്യ പന്തിൽ തന്നെ ഒരു ബൗൺസറിലൂടെ അയാളെ പുറത്താക്കുമെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായും ഹിംഗെ വെളിപ്പെടുത്തി. ബോളിങ് കോച്ച് വരുൺ ആരോണിന്റെ പിന്തുണയും താരം നന്ദിയോടെ സ്മരിച്ചു.

മുൻപ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ആന്ധ്രയ്‌ക്കെതിരെ കളിച്ചതായിരുന്നു ഹിംഗെയുടെ ഏക ട്വന്റി20 മത്സരം. കഴിഞ്ഞ വർഷം നടന്ന വിദർഭ പ്രോ ടി20 ലീഗിലെ മികച്ച പ്രകടനമാണ് താരത്തിന്റെ കരിയറിൽ വഴിത്തിരിവായത്. തന്റെ ഉയരത്തെ കൃത്യമായി ഉപയോഗപ്പെടുത്തുന്ന ഹിംഗെ, ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെയാണ് തന്റെ മാതൃകാപുരുഷനായി കാണുന്നത്. സീനിയർ താരമായ ഉമേഷ് യാദവിൽ നിന്നും തനിക്ക് വലിയ പ്രചോദനം ലഭിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.