വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് വെടിക്കെട്ട് കാണാനെത്തിയവർക്ക് മുൻപിൽ പേസ് ബൗളിങ്ങിന്റെ കരുത്ത് തെളിയിച്ച് പ്രഫുൽ ഹിംഗെ എന്ന അരങ്ങേറ്റക്കാരൻ വിസ്മയമായി. രാജസ്ഥാൻ റോയൽസിന്റെ തുടർച്ചയായ അഞ്ചാം ജയമെന്ന സ്വപ്നം തകർത്ത് സൺറൈസേഴ്സ് ഹൈദരാബാദ് 57 റൺസിന്റെ തകർപ്പൻ വിജയം സ്വന്തമാക്കി. ഈ സീസണിലെ രാജസ്ഥാന്റെ ആദ്യ തോൽവിയാണിത്. ഹൈദരാബാദ് ഉയർത്തിയ 217 റൺസ് എന്ന വലിയ ലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ, പേസർമാരുടെ കൃത്യതയാർന്ന ബൗളിങ്ങിന് മുന്നിൽ പതറി 19 ഓവറിൽ 159 റൺസിന് എല്ലാവരും പുറത്തായി.
തന്റെ ആദ്യ മത്സരത്തിൽ തന്നെ നാല് ഓവറിൽ 34 റൺസ് മാത്രം നൽകി നാല് വിക്കറ്റുകൾ വീഴ്ത്തിയ പ്രഫുൽ ഹിംഗെയാണ് രാജസ്ഥാൻ നിരയെ തകർത്തത്. മറ്റൊരു അരങ്ങേറ്റ താരമായ സാക്കിബ് ഹുസൈനും നാല് വിക്കറ്റുകൾ നേടി മികച്ച പിന്തുണ നൽകി. ഈഷൻ മല്ലിംഗ രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. ഒരു ഘട്ടത്തിൽ വലിയ നാണക്കേടിലേക്ക് നീങ്ങിയ രാജസ്ഥാനെ അർധസെഞ്ചറി നേടിയ ഡൊണോവൻ ഫെരേരയും (69), രവീന്ദ്ര ജഡേജയും (45) ചേർന്നാണ് മാന്യമായ സ്കോറിലേക്ക് എത്തിച്ചത്.
സൺറൈസേഴ്സിന്റെ ബാറ്റിങ് കരുത്തും രാജസ്ഥാൻ യുവനിരയുടെ പോരാട്ടവും പ്രതീക്ഷിച്ച ആരാധകർക്ക് അവിശ്വസനീയമായ കാഴ്ചകളാണ് സ്റ്റേഡിയത്തിൽ ലഭിച്ചത്. ഹൈദരാബാദിന്റെ അഭിഷേക് ശർമ്മ പൂജ്യനായി പുറത്തായപ്പോൾ ഏവരും വൈഭവിനെ ഉറ്റുനോക്കിയെങ്കിലും, മറുപടി ബാറ്റിങ്ങിന്റെ ആദ്യ ഓവറിൽ തന്നെ പ്രഫുൽ ഹിംഗെ കളി മാറ്റിമറിച്ചു. രണ്ടാമത്തെ പന്തിൽ വൈഭവിനെയും, നാലാം പന്തിൽ ധ്രുവ് ജുറേലിനെയും, അവസാന പന്തിൽ പ്രിട്ടോറിയസിനെയും പുറത്താക്കി പ്രഫുൽ രാജസ്ഥാനെ സ്തബ്ധരാക്കി. ഇതോടെ വെറും ഒരു റണ്ണിന് മൂന്ന് വിക്കറ്റെന്ന ദയനീയ അവസ്ഥയിലായി രാജസ്ഥാൻ.
ഐപിഎൽ ചരിത്രത്തിൽ തന്നെ ഒരു ഇന്നിങ്സിന്റെ ആദ്യ ഓവറിൽ മൂന്ന് വിക്കറ്റുകൾ നേടുന്ന ആദ്യ ബൗളറായി പ്രഫുൽ ഹിംഗെ മാറി. രാജസ്ഥാന്റെ തകർച്ച അവിടെയും അവസാനിച്ചില്ല; രണ്ടാം ഓവറിൽ സാക്കിബ് ഹുസൈൻ ഓപ്പണർ യശസ്വി ജയ്സ്വാളിനെ മടക്കിയതോടെ രാജസ്ഥാൻ 2 റൺസിന് 4 വിക്കറ്റ് എന്ന നിലയിലായി. തൊട്ടടുത്ത ഓവറിൽ ക്യാപ്റ്റൻ റിയാൻ പരാഗിനെ കൂടി പുറത്താക്കി പ്രഫുൽ തന്റെ നാലാം വിക്കറ്റ് തികച്ചപ്പോൾ രാജസ്ഥാൻ സ്കോർ 5 വിക്കറ്റിന് 9 റൺസ് മാത്രമായിരുന്നു.
പത്തോ പന്ത്രണ്ടോ ഓവറിൽ കളി തീരുമെന്ന് കരുതിയടത്തുനിന്നും ഡൊണോവൻ ഫെരേരയും രവീന്ദ്ര ജഡേജയും ചേർന്ന് നടത്തിയ പോരാട്ടം രാജസ്ഥാന് ആശ്വാസമായി. ആറാം വിക്കറ്റിൽ 118 റൺസ് കൂട്ടിച്ചേർത്ത ഈ സഖ്യം ടീമിനെ വമ്പൻ തകർച്ചയിൽ നിന്ന് കരകയറ്റി. 15-ാം ഓവറിൽ ഫെരേരയും തൊട്ടുപിന്നാലെ ജഡേജയും പുറത്തായതോടെ രാജസ്ഥാന്റെ അവസാന പ്രതീക്ഷകളും മങ്ങി. അവസാന ഓവറുകളിൽ തുഷാർ ദേശ്പാണ്ഡെ നടത്തിയ ചെറിയ ചെറുത്തുനിൽപ്പാണ് രാജസ്ഥാൻ സ്കോർ 150 കടത്തിയത്. 19-ാം ഓവറിൽ അവസാന വിക്കറ്റും വീണതോടെ ഹൈദരാബാദ് അർഹിച്ച വിജയം ആഘോഷിച്ചു.




