Spotlight

‘സഭക്ക് വേണ്ടെങ്കിൽ തിരിച്ചും വേണ്ടെന്ന് വയ്‌ക്കും, ക്രൈസ്തവ സഭക്കെതിരെ ആഞ്ഞടിച്ച് ഷോൺ ജോർജ് , ‘‘അമിത് ഷാ ചോദിക്കുമ്പോൾ ഞാൻ എന്ത് പറയും?

തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ക്രൈസ്തവ സഭകൾക്കെതിരെ കടുത്ത വിമർശനവുമായി പാലായിലെ എൻ.ഡി.എ സ്ഥാനാർഥിയും ബി.ജെ.പി നേതാവുമായ ഷോൺ ജോർജ് രംഗത്തെത്തി. കത്തോലിക്ക സഭയിലെ ഒരു വിഭാഗം വൈദികരും സഭയുടെ മുഖപത്രമായ ‘ദീപിക’യും ബി.ജെ.പി വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്നും സഭയ്ക്കുള്ളിൽ ചില മുന്നണികൾക്കായി വിടുപണി ചെയ്യുന്നവരുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എഫ്.സി.ആർ.എ ബില്ല് മാറ്റിവെപ്പിച്ചത് തങ്ങളുടെ സമ്മർദ്ദം മൂലമാണെന്നും സഭയ്ക്ക് തങ്ങളെ വേണ്ടെങ്കിൽ തിരിച്ച് സഭയെയും വേണ്ടെന്നു വെക്കേണ്ടി വരുമെന്നും ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ ഷോൺ ജോർജ് വ്യക്തമാക്കി.

സഭാ വോട്ടുകൾ എന്നത് ദീപിക പത്രത്തിന്റെ മുഖപ്രസംഗം നോക്കി തീരുമാനിക്കുന്നതല്ലെന്ന് ഷോൺ പറഞ്ഞു. ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് പരോക്ഷമായി പറയുന്ന രീതിയിലായിരുന്നു ദീപികയുടെ ഒന്നാം പേജെന്നും സാൻറ്റ മോണിക്ക പോലെയുള്ള സ്വകാര്യ ഇൻവെസ്റ്റേഴ്സിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാനാണ് പത്രം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സഭയ്ക്കുള്ളിൽ വിവിധ രാഷ്ട്രീയ മുന്നണികൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഭയുടെ മുഖപത്രം എന്ന നിലയിൽ ദീപികയുടെ ഇത്തരം നിലപാടുകൾക്കെതിരെ ബിഷപ്പുമാർക്ക് പരാതി നൽകുമെന്ന് ഷോൺ ജോർജ് അറിയിച്ചു. ചില വ്യക്തികളുടെയും മുന്നണികളുടെയും രാഷ്ട്രീയം നടപ്പിലാക്കാൻ ശ്രമിക്കുന്ന പത്രം സഭയുടേതാണോ എന്ന് വ്യക്തമാക്കണമെന്നും ഇതാണ് സഭയുടെ പൊതുനിലപാടെങ്കിൽ തനിക്കും നിലപാട് മാറ്റേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് മനപ്പൂർവ്വം രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിച്ചാൽ ദീപികയെ തള്ളിക്കളയുന്ന സാഹചര്യം ഉണ്ടാവുമെന്നും ഷോൺ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ രണ്ടു വർഷമായി സഭ നേരിട്ട എല്ലാ പ്രതിസന്ധികളിലും ഷോൺ ജോർജ്ജും ബി.ജെ.പിയും കേന്ദ്ര നേതാക്കളുമാണ് കൂടെ നിന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. കെ.സി വേണുഗോപാലോ ജോസ് കെ മാണിയോ സി.പി.എം നേതാക്കളോ സഭയെ സഹായിച്ചിട്ടില്ലെന്നും ഇവരെ കൊണ്ട് സഭയ്ക്ക് എന്ത് ഗുണമാണ് ഉണ്ടായതെന്നും ഷോൺ ചോദിച്ചു. സഭയെ സഹായിച്ചവർക്കൊപ്പം നിൽക്കാതെ മറ്റ് മുന്നണികൾക്ക് വേണ്ടി ദീപിക പ്രവർത്തിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

എഫ്.സി.ആർ.എ ബില്ല് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സഭയ്ക്ക് വേണ്ടി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തിയത് തങ്ങളാണെന്ന് ഷോൺ ഓർമ്മിപ്പിച്ചു. ദീപികയുടെ ബി.ജെ.പി വിരുദ്ധ നിലപാടുകൾ ചൂണ്ടിക്കാട്ടി അമിത് ഷായെപ്പോലുള്ള നേതാക്കൾ തന്നോട് ചോദ്യങ്ങൾ ചോദിച്ചാൽ മറുപടി പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങളെ വേണ്ടെന്ന് സഭ തീരുമാനിച്ചാൽ സഭയെ വേണ്ടെന്ന് തങ്ങൾക്കും തീരുമാനിക്കേണ്ടി വരും. സഭയുടെ ഇത്തരം ഇരട്ടത്താപ്പ് പിതാക്കന്മാരുമായി ചർച്ച ചെയ്യുമെന്നും ഷോൺ ജോർജ് വ്യക്തമാക്കി.