കണ്ണൂർ കരിവെള്ളൂരിലെ സി.പി.ഒ ദിവ്യശ്രീയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് രാജേഷിന് കോടതി മൂന്ന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കൊലപാതകം, ദിവ്യശ്രീയുടെ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിക്കൽ തുടങ്ങി മൂന്ന് വ്യത്യസ്ത കുറ്റങ്ങൾക്കാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഈ അപൂർവ വിധി പുറപ്പെടുവിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ പ്രതിക്ക് രണ്ട് ലക്ഷം രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്.
2024 നവംബർ 21-ന് വൈകുന്നേരമാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. വീട്ടിലെത്തിയ പ്രതി ദിവ്യശ്രീയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വിവാഹമോചന കേസിൽ കോടതിയിൽ ഹാജരായ ദിവ്യശ്രീ, ബന്ധം വേർപെടുത്തണമെന്ന് ശക്തമായ നിലപാടെടുത്തതിന്റെ തൊട്ടടുത്ത ദിവസമാണ് കൊലപാതകം നടന്നത്. കേസിന്റെ ഗൗരവം പരിഗണിച്ച് വളരെ വേഗത്തിലാണ് കോടതി വിചാരണ നടപടികൾ പൂർത്തിയാക്കിയത്.




