ചൈനയിൽ അയൽവാസികൾ തമ്മിലുള്ള തർക്കം അസാധാരണമായ ഒരു പ്രതികാര നടപടിയിലേക്ക് നീങ്ങിയത് വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. തന്നെ ശല്യം ചെയ്ത അയൽക്കാരനോടുള്ള ദേഷ്യം തീർക്കാൻ ഒരാൾ മണിക്കൂറുകളോളം ഉച്ചഭാഷിണിയിൽ പ്രേതകഥകൾ വെച്ചതാണ് വിവാദമായത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്ത ഈ സംഭവം ഇപ്പോൾ കോടതിക്ക് മുന്നിലെത്തിയിരിക്കുകയാണ്.
ഗ്യാങ്‌ഷു പ്രവിശ്യയിലെ ലു എന്നയാളും സുഹൃത്തും ചേർന്ന് അയൽവാസിയായ സീ എന്ന വ്യക്തിയുമായുള്ള തർക്കത്തെത്തുടർന്നാണ് ഈ ‘പ്രേത പ്രതികാരം’ തുടങ്ങിയത്. ഇവർ വീടിന്റെ ചുവരിലായി ഒരു ഉച്ചഭാഷിണി സ്ഥാപിച്ച് ദിവസവും രാവിലെ മുതൽ രാത്രി വൈകുന്നത് വരെ തുടർച്ചയായി പത്തുമണിക്കൂറോളം ഭയപ്പെടുത്തുന്ന പ്രേതകഥകൾ പ്ലേ ചെയ്യുകയായിരുന്നു. ഇത് അയൽവാസിയായ സീയെ മാത്രമല്ല, ആ കെട്ടിടത്തിലെ മറ്റ് താമസക്കാരെയും സാരമായി ബാധിച്ചു. രണ്ടു നിലകൾക്ക് മുകളിൽ താമസിക്കുന്ന കുയി എന്ന വ്യക്തി തന്റെ കുട്ടിയുടെ പഠനം തടസ്സപ്പെട്ടതോടെ പരാതിയുമായി അധികൃതരെ സമീപിച്ചു.
എന്നാൽ ശബ്ദപരിധി നിയമപരമായ പരിധിയായ 60 ഡെസിബെല്ലിന് താഴെയായിരുന്നതിനാൽ (36 ഡെസിബെൽ മാത്രം) ഉദ്യോഗസ്ഥർക്ക് ആദ്യം ലുവിനെതിരെ നടപടിയെടുക്കാൻ കഴിഞ്ഞില്ല. ഒടുവിൽ കുയി കോടതിയെ സമീപിക്കുകയായിരുന്നു. ജനങ്ങളുടെ സമാധാനപരമായ ജീവിതം തടസ്സപ്പെടുത്താൻ ബോധപൂർവ്വം ശബ്ദമുണ്ടാക്കുകയാണെന്ന് ബോധ്യപ്പെട്ട കോടതി ലുവിനോട് ഇത് ഉടൻ നിർത്താൻ ഉത്തരവിട്ടു. കോടതി നിർദ്ദേശത്തെത്തുടർന്ന് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ലു ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങൾ മാറ്റുകയും ഇത്തരം കാര്യങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകുകയും ചെയ്തു.




