Health

സ്ത്രീകൾ ശ്രദ്ധിക്കാൻ; അമിതഭാരം ക്യാൻസറിന് കാരണമാകുമോ? ഡോക്ടർ മറുപടി നൽകുന്നു

ഇന്നത്തെ കാലഘട്ടത്തില്‍ ജീവിതശൈലീ രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി അമിതവണ്ണം (Obesity) മാറിയിരിക്കുന്നു. ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുമായി അമിതവണ്ണത്തെ നാം എപ്പോഴും ബന്ധപ്പെടുത്താറുണ്ടെങ്കിലും, ഇത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന കാര്യം പലപ്പോഴും ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടാറില്ല. പ്രത്യേകിച്ച് സ്ത്രീകളില്‍, ശരീരഭാരവും അണ്ഡാശയ ക്യാന്‍സറും (Ovarian Cancer) തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ലോകമെമ്പാടും അമിതവണ്ണമുള്ളവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍, ശരീരത്തിലെ അധിക കൊഴുപ്പ് എങ്ങനെയാണ് അണ്ഡാശയത്തെ ബാധിക്കുന്നതെന്നും കോശങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതെന്നും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഈ വിഷയത്തില്‍ പുണെയിലെ M|O|C ക്യാന്‍സര്‍ കെയറിലെ വിദഗ്ധയായ ഡോ. റിതു ദാവെ പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നല്‍കിയ മുന്നറിയിപ്പുകളും നിരീക്ഷണങ്ങളും ഏറെ പ്രസക്തമാണ്.

അമിതവണ്ണം ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നത് എങ്ങനെ?

‘ശരീരത്തിലെ അമിതമായ കൊഴുപ്പ് വെറും തൂക്കം കൂട്ടുക മാത്രമല്ല ചെയ്യുന്നത്, അത് ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങളെ മാറ്റിമറിക്കുന്നു,’ ഡോ. റിതു പറയുന്നു. ഇതിന്റെ പ്രധാന കാരണങ്ങള്‍ താഴെ പറയുന്നവയാണ്:

ഹോര്‍മോണ്‍ വ്യതിയാനം : കൊഴുപ്പ് കോശങ്ങള്‍ ഹോര്‍മോണുകളെ ഉത്പാദിപ്പിക്കുകയും ഇത് ശരീരത്തിലെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥ തെറ്റിക്കുകയും ചെയ്യുന്നു.

ദീര്‍ഘകാല വീക്കം (Chronic Inflammation) : അമിതവണ്ണം ശരീരത്തില്‍ വിട്ടുമാറാത്ത വീക്കം ഉണ്ടാക്കുന്നു, ഇത് ക്യാന്‍സര്‍ കോശങ്ങള്‍ വളരാന്‍ അനുകൂല സാഹചര്യമൊരുക്കുന്നു.

ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് : ഇത് കോശങ്ങളുടെ അമിത വളര്‍ച്ചയ്ക്ക് കാരണമായേക്കാം.

മെറ്റബോളിക് സിന്‍ഡ്രോം (Metabolic Syndrome) : 2025 ഒക്ടോബറില്‍ ഐ.സി.എം.ആര്‍ (ICMR) നടത്തിയ പഠനമനുസരിച്ച്, മെറ്റബോളിക് സിന്‍ഡ്രോം ഉള്ള സ്ത്രീകള്‍ക്ക് അണ്ഡാശയ ക്യാന്‍സര്‍ വരാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ മൂന്നിരട്ടി കൂടുതലാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുക, അമിതമായ വയറിലെ കൊഴുപ്പ്, കൊളസ്‌ട്രോള്‍ വ്യതിയാനം എന്നിവയുടെ കൂട്ടായ്മയെയാണ് മെറ്റബോളിക് സിന്‍ഡ്രോം എന്ന് വിളിക്കുന്നത്.

പ്രതിരോധ മാര്‍ഗങ്ങള്‍ : സ്ത്രീകള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും?

ഇന്ത്യയിലെ സ്ത്രീകളില്‍ അണ്ഡാശയ ക്യാന്‍സറിനെക്കുറിച്ചുള്ള അവബോധം വളരെ കുറവാണെന്ന് (ഏകദേശം 28% മാത്രം) പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ കൃത്യമായ ജീവിതശൈലിയിലൂടെ ഈ സാധ്യത കുറയ്ക്കാന്‍ സാധിക്കും :

ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക : ജീവിതശൈലിയില്‍ മാറ്റം വരുത്തി അമിതവണ്ണം കുറയ്ക്കുന്നത് ക്യാന്‍സര്‍ സാധ്യത നേരിട്ട് കുറയ്ക്കാന്‍ സഹായിക്കും.

പതിവായ വ്യായാമം : ദിവസേനയുള്ള ശാരീരിക അധ്വാനം ഹോര്‍മോണ്‍ നില മെച്ചപ്പെടുത്തുന്നു.

സമീകൃതാഹാരം : പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും ജങ്ക് ഫുഡ് ഒഴിവാക്കുകയും ചെയ്യുക.

സമ്മര്‍ദ്ദം കുറയ്ക്കുക : മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതും ക്യാന്‍സര്‍ പ്രതിരോധത്തില്‍ പ്രധാനമാണ്.

‘അമിതവണ്ണം എന്നത് ഒഴിവാക്കാന്‍ കഴിയാത്ത ഒരു ശാപമല്ല. കൃത്യമായ വ്യായാമം, മിതമായ ഭക്ഷണം എന്നിവയിലൂടെ അണ്ഡാശയ ക്യാന്‍സര്‍ മാത്രമല്ല, മറ്റ് പല മാരക രോഗങ്ങളെയും നമുക്ക് അകറ്റി നിര്‍ത്താം,’ – ഡോ. റിതു ദാവെ വ്യക്തമാക്കുന്നു.