Crime

നൂറിലധികം ഇരകൾ ? ബലാത്സംഗം, പെൺകുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തു; 20 വയസ്സുകാരൻ അറസ്റ്റിൽ

ഗോവയിൽ പ്രായപൂർത്തിയാകാത്തവർ അടക്കമുള്ള പെൺകുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത കേസിൽ 20 വയസ്സുകാരനായ സോഹം നായിക്കിനെ പൊലീസ് പിടികൂടി. ബലാത്സംഗം, അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവയ്‌ക്കൊപ്പം പോക്സോ, ഐടി ആക്ട് വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

നിലവിൽ നാല് പേരാണ് പ്രതിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇതിൽ പ്രതിയുടെ സുഹൃത്തും ഉൾപ്പെടുന്നു. പ്രതിയുടെ പിതാവ് ബിജെപി പശ്ചാത്തലമുള്ള മുൻസിപ്പൽ കൗൺസിലറാണെങ്കിലും, സോഹത്തിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. സംഭവത്തെ പാർട്ടി ശക്തമായി അപലപിക്കുകയും ചെയ്തു.

അതേസമയം, കുറ്റകൃത്യം നടന്ന് ഇത്രയും കാലം വൈകി മാത്രം നടപടിയെടുത്തതിനെ കോൺഗ്രസ് അധ്യക്ഷൻ അമിത് പട്കർ വിമർശിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തിന് ശേഷമാണ് പൊലീസ് അനങ്ങിയതെന്നും വനിതാ-ശിശു കമ്മിഷനുകൾ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രണ്ട് സഹോദരിമാരും പ്രതിയുടെ ഇരകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത കുട്ടിയാണ്. 15 മുതൽ 30 വരെ പെൺകുട്ടികൾ ചൂഷണത്തിന് ഇരയായിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, നൂറിലധികം പേർ ഇരകളാക്കപ്പെട്ടതായി കോൺഗ്രസ് ആരോപിക്കുന്നു.