Featured Sports

വിക്കറ്റിന് പിന്നിൽ ‘തല’യോ സഞ്ജുവോ?: ചെന്നൈയിൽ സഞ്ജുവിന്റെ ‘മാരക’ ഫിൽഡിങ് പരിശീലനം; ചിത്രം വൈറൽ

ചെന്നൈ സൂപ്പർ കിങ്സിലൂടെയുള്ള സഞ്ജു സാംസന്റെ അരങ്ങേറ്റം കാണാൻ ഐപിഎൽ ആരാധകർ വലിയ ആവേശത്തോടെ കാത്തിരിക്കുകയാണ്. ട്വന്റി20 ലോകകപ്പിലെ മികച്ച ഫോം ഐപിഎല്ലിലും സഞ്ജു ആവർത്തിക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ. സഞ്ജുവിനെ ഏത് റോളിലാകും ടീം ഉപയോഗിക്കുക എന്നതിനെക്കുറിച്ച് ഇപ്പോൾ സജീവമായ ചർച്ചകൾ നടക്കുന്നുണ്ട്.

ടീമിൽ ഓപ്പണറായി സഞ്ജു എത്തുമെന്ന് ഉറപ്പാണെങ്കിലും വിക്കറ്റ് കീപ്പിങ് ആര് ഏറ്റെടുക്കുമെന്നതാണ് പ്രധാന ചോദ്യം. എം.എസ്.ധോണി ടീമിലുള്ളപ്പോൾ സഞ്ജുവിന് ഗ്ലൗസ് കൈമാറുമോ എന്നറിയാൻ ആരാധകർക്ക് ആകാംക്ഷയുണ്ട്. ഇതിനിടെ ആർ.അശ്വിൻ പങ്കുവെച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ഈ ചർച്ചകൾക്ക് കൂടുതൽ കരുത്തുപകർന്നു. ഫീൽഡിങ് കോച്ച് ജെയിംസ് ഫോസ്റ്ററുടെ കീഴിൽ സഞ്ജു ബൗണ്ടറിയിൽ ക്യാച്ചിങ് പരിശീലിക്കുന്ന ചിത്രങ്ങളാണ് അശ്വിൻ പങ്കുവെച്ചത്. കീപ്പിങ് ഗ്ലൗസില്ലാതെ ഹൈ ക്യാച്ചുകൾ പരിശീലിക്കുന്നത് എന്തെങ്കിലും തന്ത്രപരമായ നീക്കമാണോ എന്ന് അശ്വിൻ ചോദിച്ചതോടെ ആരാധകരും ഇത് ഏറ്റെടുത്തു.

സഞ്ജു ഫീൽഡിങ് പരിശീലിക്കുന്നത് ധോണി തന്നെ വിക്കറ്റ് കീപ്പറായി തുടരുമെന്നതിന്റെ സൂചനയാണെന്ന് പല ആരാധകരും കമന്റ് ചെയ്യുന്നുണ്ട്. ധോണി വിരമിക്കുന്നതുവരെ സഞ്ജു ഔട്ട്ഫീൽഡിൽ തുടരുമെന്നും ഇരുവരും ഒരുമിച്ച് കളിക്കുന്നത് കാണാൻ കാത്തിരിക്കുകയാണെന്നും ആരാധകർ കുറിച്ചു. സിഎസ്‌കെയുടെ ഫീൽഡിങ് സഞ്ജുവിന്റെ വരവോടെ കൂടുതൽ കരുത്താർജ്ജിക്കുമെന്നും അശ്വിന്റെ പോസ്റ്റിന് താഴെ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

ധോണി ഇംപാക്ട് പ്ലെയറായി കളിക്കാൻ തീരുമാനിച്ചാൽ മാത്രമേ സഞ്ജുവിന് കീപ്പിങ് ലഭിക്കാൻ സാധ്യതയുള്ളൂ. അല്ലെങ്കിൽ ധോണി തന്നെയാകും വിക്കറ്റിന് പിന്നിലുണ്ടാവുക. ഓപ്പണിങ്ങിൽ യുവതാരം ആയുഷ് മാത്രേയാകും സഞ്ജുവിന്റെ പങ്കാളി. രാജസ്ഥാൻ റോയൽസ് നായകസ്ഥാനം ഒഴിഞ്ഞെത്തിയ സഞ്ജുവിന് ചെന്നൈ ടീമിൽ വൈസ് ക്യാപ്റ്റൻ സ്ഥാനം പോലുള്ള പ്രധാന ചുമതലകൾ നൽകുമോ എന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും.