ഓസ്ട്രേലിയയിലെ പ്രാദേശിക മത്സരമായ കമ്മ്യൂണിറ്റി ഷീൽഡിൽ അനായാ ബംഗാറിന്റെ പങ്കാളിത്തം സമ്മിശ്ര പ്രതികരണങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. അനുകൂല പ്രതികരണങ്ങൾക്കൊപ്പം വലിയ വിമർശനങ്ങളും ഉയരുന്നുണ്ട്. ടെസ്റ്റോസ്റ്റിറോൺ അളവ് നിശ്ചിത പരിധിക്കുള്ളിൽ നിലനിർത്തിയാൽ അടുത്ത വർഷം മാർച്ച് മാസത്തോടെ വുമൻസ് ബിഗ് ബാഷ് ലീഗിൽ (WBBL) മത്സരിക്കാൻ കഴിയുമെന്നാണ് അനായാ പ്രതീക്ഷിക്കുന്നത്.
എന്നാൽ ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ ബിഗ് ബാഷ് ലീഗിൽ അനായാ കളിക്കാൻ ശ്രമിക്കുന്നതിനെ “തികച്ചും അസംബന്ധം” എന്നാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം മരിസാൻ കാപ്പ് വിശേഷിപ്പിച്ചത്. ഇതിനെതിരെ പ്രതികരിച്ച അനായാ, തനിക്കെതിരെ ശബ്ദമുയർത്തുന്നവർ വിഷയത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ മാനദണ്ഡങ്ങൾ പാലിച്ചാണ് താൻ മുന്നോട്ട് പോകുന്നതെന്നും തനിക്ക് മത്സരങ്ങളിൽ യാതൊരുവിധ അനാവശ്യ മുൻതൂക്കവുമില്ലെന്നും വ്യക്തമാക്കുന്ന വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും അനായാ അറിയിച്ചു.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് ബംഗാറിന്റെ മകളായ അനായാ ബംഗാറിന് 2027 മാർച്ച് മുതൽ ഓസ്ട്രേലിയയിലെ എലൈറ്റ് വനിതാ ക്രിക്കറ്റിൽ കളിക്കാൻ യോഗ്യത ലഭിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. സർഫറാസ് ഖാനൊപ്പം പ്രായപരിധിയിലുള്ള ക്രിക്കറ്റിൽ കളിച്ചിട്ടുള്ള അനായാ ഈ വർഷം മാർച്ചിലാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നയമനുസരിച്ച് വനിതാ വിഭാഗത്തിൽ മത്സരിക്കുന്ന കളിക്കാർ കുറഞ്ഞത് 12 മാസത്തേക്ക് ടെസ്റ്റോസ്റ്റിറോൺ അളവ് 10 nmol/L-ൽ താഴെയായി നിലനിർത്തേണ്ടതുണ്ട്.
താൻ വളരെക്കാലമായി അതിജീവനത്തിനായുള്ള പോരാട്ടത്തിലായിരുന്നുവെന്നും ഇപ്പോൾ മാത്രമാണ് കാര്യങ്ങൾ അനുകൂലമായി മാറിത്തുടങ്ങിയതെന്നും അനായാ പറഞ്ഞു. ഓസ്ട്രേലിയയിൽ പോയി ക്ലബ്ബ് ക്രിക്കറ്റ് കളിച്ച് തന്റെ പ്രകടനം തെളിയിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും, മികച്ച പ്രകടനം പുറത്തെടുത്താൽ വുമൻസ് ബിഗ് ബാഷ് ലീഗിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ അവസരമുണ്ടാകുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു. നിലവിൽ ചില ക്ലബ്ബുകളുമായി സംസാരിച്ചു വരികയാണെന്നും ഉടൻ തന്നെ കളിച്ചു തുടങ്ങാൻ കഴിയുമെന്നാണ് കരുതുന്നതെന്നും അനായാ കൂട്ടിച്ചേർത്തു.




