ഓക്ലൻഡ്: ന്യൂസീലൻഡിനെതിരായ നാലാം ട്വന്റി20യിൽ ഇന്ത്യയ്ക്കായി ഗ്ലൗസ് അണിഞ്ഞത് ഇഷാൻ കിഷൻ. ടീമിലെ പ്രധാന വിക്കറ്റ് കീപ്പറായ സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ ഉണ്ടയിരുന്നിട്ടും ഇഷാൻ വിക്കറ്റ് കാത്തത് ആരാധകരെ അമ്പരിപ്പിച്ചു. പരുക്കിനെ തുടർന്ന് കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിട്ടുനിന്ന ഇഷാൻ, തിരിച്ചെത്തിയതിന് പിന്നാലെയാണ് കീപ്പർ ചുമതലയേറ്റെടുത്തത്.
ടോസ് സമയത്ത് കൈമാറിയ ടീം ഷീറ്റിലും വിക്കറ്റ് കീപ്പറായി ഇഷാൻ കിഷന്റെ പേരാണ് നൽകിയിരുന്നത്. ഇതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും മാനേജ്മെന്റ് നൽകിയിട്ടില്ലെങ്കിലും ‘റൊട്ടേഷൻ പോളിസി’യുടെ ഭാഗമായിട്ടാകാം ഈ നീക്കമെന്നാണ് കരുതപ്പെടുന്നത്. ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ പ്രധാന വിക്കറ്റ് കീപ്പറും വൈസ് ക്യാപ്റ്റനുമായ ഇഷാന് മാച്ച് പ്രാക്ടീസ് നൽകാനാണ് ഈ ചുമതല ഏൽപ്പിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
എന്നാൽ സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽനിന്ന് പുറത്തായേക്കുമെന്നതിന്റെ സൂചനയാണിതെന്നും വിലയിരുത്തലുകളുണ്ട്. മുൻപ് ജനുവരിയിൽ ന്യൂസീലൻഡിനെതിരായ പരമ്പരയിലും സഞ്ജുവിനെ കീപ്പർ സ്ഥാനത്തുനിന്ന് മാറ്റുകയും തൊട്ടുപിന്നാലെ പ്ലേയിങ് ഇലവനിൽനിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. പിന്നീട് ട്വന്റി20 ലോകകപ്പിലാണ് താരം വിക്കറ്റ് കീപ്പറായി മടങ്ങിയെത്തിയത്.
മൂന്നാം മത്സരത്തിൽ തിളങ്ങിയ വൈഭവ് സൂര്യവംശിയെ ഇലവനിൽ നിലനിർത്തണമെന്ന വാദം ശക്തമാണ്. നാലാം ട്വന്റി20യിൽ സഞ്ജുവും ഇഷാനും പരാജയപ്പെട്ടതോടെ വൈഭവിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന ചർച്ചകൾ വീണ്ടും സജീവമായിട്ടുണ്ട്. വൈഭവ് പ്ലേയിങ് ഇലവനിലേക്ക് എത്തുകയാണെങ്കിൽ സഞ്ജു സാംസൺ പുറത്തുപോകേണ്ടി വരും.




