അരുവിക്കര വട്ടക്കുളത്തെ എംകെ പവർ ടൂൾസ് എന്ന കടയിൽ നിന്ന് രണ്ടു ദിവസം മുൻപാണ് ബൈക്കിലെത്തിയ രണ്ടുപേർ ഏണി മോഷ്ടിച്ചു കൊണ്ടുപോയത്. ഏണി കാണാതായതിനെ തുടർന്ന് ഉടമ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം മോഷണമാണെന്ന് വ്യക്തമായത്. ഉടൻ തന്നെ കടയുടമ പോലീസിൽ പരാതി നൽകുകയും ചെയ്തു.
എന്നാൽ, ഇന്നലെ വൈകിട്ടോടെ കടയ്ക്ക് മുന്നിൽ വീണ്ടുമെത്തിയ മോഷ്ടാക്കൾ ഏണി തിരികെ വച്ച ശേഷം അവിടെനിന്ന് സ്ഥലംവിട്ടു. തുടർന്ന് കടയുടമ ഏണി പരിശോധിച്ചപ്പോഴാണ് അതിന് സമീപത്ത് വച്ചിരുന്ന ഒരു കുറിപ്പ് ശ്രദ്ധയിൽപ്പെട്ടത്. ഒരു സാധനം കുഴിയിൽ വീണപ്പോൾ അത് എടുക്കാൻ വേണ്ടിയാണ് ഏണിയെടുക്കേണ്ടി വന്നതെന്നും ക്ഷമിക്കണമെന്നും കത്തിൽ പറഞ്ഞിരുന്നു.
“അണ്ണാ സോറി, മിനിഞ്ഞാന്ന് കൊണ്ടു വയ്ക്കണമെന്ന് കരുതിയതാണ്, പക്ഷേ പെട്ടെന്ന് ഒരിടത്തോട്ട് പോകേണ്ടിവന്നു. ഇത് വൈറലാക്കരുത്, ജീവിതം ചെകുത്താനും കടലിനുമിടയിലാണ്, സൂയിസൈഡിന്റെ വക്കിലാണ്, സോറി സോറി സോറി” എന്നാണ് കുറിപ്പിൽ കുറിച്ചിരുന്നത്. എന്തായാലും ഏണി തിരികെ ലഭിച്ചതിനാൽ തുടർനടപടികളുമായി മുന്നോട്ടുപോകേണ്ടെന്നാണ് കടയുടമയുടെ തീരുമാനം. പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുമില്ല.




