Featured Fitness

90-ാം വയസിലും കസറുന്ന കനാസാവ; ബോഡി ബില്‍ഡിങ്ങില്‍ ദേശീയ കിരീടം, ഇരുമ്പ് പോലത്തെ ശരീരത്തിന് പിന്നിലെ രഹസ്യം?

90-ാം വയസ്സിലും ബോഡി ബിൽഡിംഗ് ചാംപ്യൻഷിപ്പുകളില്‍ മത്സരിക്കുന്നത് തുടരുന്ന ജാപ്പനീസ് പ്രൊഫഷണൽ ബോഡി ബിൽഡറും മുൻ നീന്തൽ താരവുമായ തോഷിസുക്കെ കനാസാവ വീണ്ടും ശ്രദ്ധേയനാകുന്നു. ഹിരോഷിമയിൽ നടന്ന ഓൾ ജപ്പാൻ മാസ്റ്റേഴ്സ് ഫിറ്റ്നസ് ചാംപ്യൻഷിപ്പിൽ 85 വയസും അതിനു മുകളിലുമുള്ളവരുടെ വിഭാഗത്തിൽ കനാസാവ തന്റെ 19-ാമത്തെ ദേശീയ കിരീടം സ്വന്തമാക്കി. 90-ാം പിറന്നാളിന് തൊട്ടുപിന്നാലെയായിരുന്നു ഈ നേട്ടം. ജപ്പാൻ ഓപ്പൺ ചാംപ്യൻഷിപ്പിൽ അസുക്ക മിയാമെയോടൊപ്പം (കനാസാവയെക്കാൾ 39 വയസ്സ് ഇളയയാൾ) ‘മിക്സഡ് പെയേഴ്സ്’ വിഭാഗത്തിൽ മത്സരിച്ച് നാലാം സ്ഥാനം കരസ്ഥമാക്കാനും അദ്ദേഹത്തിന് സാധിച്ചു.

1936 സെപ്റ്റംബറിൽ ഷിമനേ പ്രിഫെക്ചറിൽ ജനിച്ച കനാസാവ ഹൈസ്കൂൾ കാലത്ത് 1500 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിൽ മികവ് തെളിയിച്ചിരുന്നെങ്കിലും, പേശികൾക്കുണ്ടായ വിട്ടുമാറാത്ത പ്രശ്നങ്ങൾ കാരണം ബോഡി ബിൽഡിങ്ങിലേക്ക് തിരിയുകയായിരുന്നു. 24-ാം വയസ്സിൽ ആദ്യമായി മിസ്റ്റർ ജപ്പാൻ കിരീടം നേടിയ താരം, മൂന്ന് വർഷത്തിന് ശേഷം രണ്ടാമത്തെ കിരീടവും സ്വന്തമാക്കി. 1967-ൽ മോൺട്രിയലിൽ നടന്ന മിസ്റ്റർ യൂണിവേഴ്സ് മത്സരത്തിൽ ആർനോൾഡ് ഷവാർസനെഗർ, സെർജിയോ ഒലിവ തുടങ്ങിയ ഇതിഹാസങ്ങൾക്കൊപ്പം മത്സരിച്ച് നാലാം സ്ഥാനം നേടിയിരുന്നു. മുപ്പതുകളുടെ മധ്യത്തിൽ വിരമിച്ച കനാസാവ, രോഗം ബാധിച്ച ഭാര്യക്ക് പ്രചോദനമേകാൻ 50-ാം വയസ്സിൽ വീണ്ടും കായികരംഗത്തേക്ക് തിരിച്ചുവരികയായിരുന്നു. എൺപതാം വയസ്സിന് ശേഷം ആറ് വേൾഡ് മാസ്റ്റേഴ്സ് ചാംപ്യൻഷിപ്പുകൾ അദ്ദേഹം നേടിയിട്ടുണ്ട്.

ദഹനം സുഗമമാക്കുന്നതിനായി 50-ാം വയസ്സിൽ മാംസവും മൽസ്യവും ഉപേക്ഷിച്ച് കർശനമായ സസ്യാഹാര രീതിയിലേക്കാണ് അദ്ദേഹം മാറിയത്. ബ്രൗൺ റൈസ്, പച്ചമുട്ട കലർത്തിയ മിസോ സൂപ്പ് എന്നിവയാണ് പ്രധാന ആഹാരം. മുൻപ് ദിവസം ആറ് പ്രോട്ടീൻ ഷേക്കുകൾ ഉപയോഗിച്ചിരുന്നെങ്കിൽ, പ്രായം കൂടിയതോടെ ദഹനം എളുപ്പമാക്കാൻ ഇത് മൂന്നായി കുറച്ചു. ഹിരോഷിമയിലെ തന്റെ ജിമ്മിൽ ആഴ്ചയിൽ ആറുദിവസം രണ്ട് മണിക്കൂർ വീതം പരിശീലനം നടത്തുന്ന കനാസാവ, ഒരിക്കലും പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്തിട്ടില്ല എന്നതും തന്റെ ആരോഗ്യത്തിന്റെ രഹസ്യമായി കരുതുന്നു.