നാട്ടിലെത്തിയാൽ വീട്ടുജോലികളും കൃഷിപ്പണികളുമൊക്കെയായി സാധാരണ ജീവിതം നയിക്കുകയും ഫാഷൻ വേദിയിലെത്തുമ്പോൾ ലോകപ്രശസ്ത ഡിസൈനർമാരുടെ വസ്ത്രങ്ങളണിഞ്ഞ് ആത്മവിശ്വാസത്തോടെ ചുവടുവയ്ക്കുകയും ചെയ്യുന്ന ഇന്ത്യൻ സൂപ്പർ മോഡലുകളുടെ രണ്ട് മുഖങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. സ്വന്തം നാട്ടിലെ ജീവിതവും ഫാഷൻ വേദിയിലെ തിളക്കവും ഒരൊറ്റ വിഡിയോയിൽ അവതരിപ്പിക്കുന്ന ‘ഹോംടൗൺ വേഴ്സസ് റൺവേ’ എന്ന പുതിയ ട്രെൻഡ് ഇൻസ്റ്റഗ്രാമിൽ തരംഗമാകുകയാണ്.
ഫാഷൻ ലോകത്തെ മോഡലുകളെ കാണുമ്പോൾ ആഡംബര വസ്ത്രങ്ങളും മേക്കപ്പും മനോഹരമായ ഫോട്ടോഷൂട്ടുകളുമൊക്കെയാണ് പലരുടെയും മനസ്സിലേക്ക് ആദ്യം എത്തുന്നതെങ്കിലും ആ തിളക്കത്തിനപ്പുറം ഗ്രാമങ്ങളിലെ വീടുകളും കൃഷിയിടങ്ങളും അടുക്കളയുമെല്ലാം അവരുടെ ജീവിതത്തിന്റെ ഭാഗമാണെന്ന യാഥാർഥ്യം ഈ വിഡിയോകൾ രസകരമായി അവതരിപ്പിക്കുന്നു. ചെറിയ ഗ്രാമങ്ങളിൽനിന്നും പട്ടണങ്ങളിൽനിന്നും ദേശീയ, രാജ്യാന്തര ഫാഷൻ വേദികളിലേക്ക് എത്തിയ തങ്ങളുടെ യാത്ര നൂറുകണക്കിന് ഇന്ത്യൻ മോഡലുകളാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി പങ്കുവയ്ക്കുന്നത്.
ഗഡ്വാളി ഭാഷയിലെ ‘സ്വാമി പർദേശ്’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഭൂരിഭാഗം വിഡിയോകളുടെയും അടിസ്ഥാനം ‘എന്റെ നാട്ടിലെ ഞാൻ, റാംപിലെ ഞാൻ’ എന്ന ആശയമാണ്. ആദ്യ ഭാഗത്ത് മേക്കപ്പില്ലാതെ സാധാരണ വസ്ത്രങ്ങളണിഞ്ഞ് അടുക്കളയിൽ ചപ്പാത്തി പരത്തുകയോ കൃഷിയിടങ്ങളിൽ വിളവെടുക്കുകയോ വിറകുവെട്ടുകയോ വെള്ളം ചുമക്കുകയോ ചെയ്യുന്ന മോഡലുകളെ കാണുമ്പോൾ, ഗാനത്തിന്റെ താളം മാറുന്നതോടെ വീട്ടുമുറ്റവും അടുക്കളയും അപ്രത്യക്ഷമായി വെളിച്ചത്തിൽ തിളങ്ങുന്ന ഫാഷൻ വേദികൾ പ്രത്യക്ഷപ്പെടുന്നു. ആഡംബര വസ്ത്രങ്ങളും മേക്കപ്പും അണിഞ്ഞ് അതേ വ്യക്തികൾ റാംപിലൂടെ ചുവടുവയ്ക്കുന്ന ദൃശ്യങ്ങളാണ് പിന്നീട് കാണുന്നത്. സാധാരണ ജീവിതവും ഫാഷൻ ലോകത്തെ ഗ്ലാമറും തമ്മിലുള്ള ഈ വ്യത്യാസമാണ് വീഡിയോകളുടെ പ്രധാന ആകർഷണം.
ശ്രദ്ധനേടിയ വിഡിയോകളിൽ ഒന്നിൽ നിലത്തിരുന്ന് ചപ്പാത്തി പരത്തുന്ന മോഡലായ ദീക്ഷയെയും അടുത്ത നിമിഷം ലാക്മെ ഫാഷൻ വീക്കിന്റെ വേദിയിലൂടെ ആത്മവിശ്വാസത്തോടെ ചുവടുവയ്ക്കുന്ന ദീക്ഷയെയുമാണ് കാണുന്നത്. മഹാരാഷ്ട്രയിൽനിന്നുള്ള മോഡൽ സാക്ഷി കുംഭാർ കുർത്ത ധരിച്ച് കൃഷിയിടത്തിൽ വിളവെടുക്കുന്ന കാഴ്ചയിൽനിന്ന് ലാക്മെ ഫാഷൻ വീക്കിൽ കറുത്ത നിറത്തിലുള്ള ആധുനിക ഡിസൈനർ വസ്ത്രമണിഞ്ഞ് റാംപിലൂടെ നടക്കുന്നത് കാണുമ്പോൾ കൃഷിയിടത്തിൽ ജോലി ചെയ്യുന്ന യുവതിയും മോഡലും ഒരാൾ തന്നെയാണെന്നത് കൗതുകമാകുന്നു. രാജ്യാന്തര ഫാഷൻ വേദിയിലെത്തിയ നകുൽ ഭരദ്വാജ് സ്വന്തം നാട്ടിൽ അടുക്കള ജോലികളിൽ സഹായിക്കുന്ന ദൃശ്യങ്ങൾക്ക് പിന്നാലെ വെർസാച്ചെയുടെ വേദിയിലൂടെ നടക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ച് സാധാരണ ജീവിതസാഹചര്യങ്ങളിൽനിന്ന് രാജ്യാന്തര ഫാഷൻ ലോകത്തേക്ക് എത്തിയ യാത്രയെ ഓർമിപ്പിക്കുന്നു.
പുരുഷ മോഡലുകളായ കരൺ നാട്ടിൽ വെള്ളം നിറച്ച പാത്രങ്ങൾ ചുമന്നുനടക്കുന്ന ദൃശ്യങ്ങൾക്ക് പിന്നാലെ ഫാഷൻ വേദിയിൽ ചുവടുവയ്ക്കുന്നതും, രാജ് ഡോബൽ വിറകുവെട്ടുന്ന കാഴ്ചയ്ക്ക് പിന്നാലെ ലാക്മെ ഫാഷൻ വീക്കിന്റെ റാംപിൽ നടക്കുന്നതും വിഡിയോകളിലൂടെ പങ്കുവച്ചിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നുള്ള മോഡൽ സംഗീത രമേഷും വീട്ടിൽ ചപ്പാത്തി പരത്തുന്ന ദൃശ്യങ്ങൾ അവതരിപ്പിച്ച ശേഷം വെള്ളിനിറത്തിലുള്ള മനോഹരമായ വസ്ത്രമണിഞ്ഞ് റാംപിലൂടെ നടന്ന് ഈ ട്രെൻഡിന്റെ ഭാഗമായി. വീട്ടിലെ സാധാരണ ജീവിതവും ഫാഷൻ വേദിയിലെ തിളക്കവും ഒരുപോലെ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണെന്ന് ഇവർ വ്യക്തമാക്കുന്നു.
ഫാഷൻ മോഡലുകളുടെ ജീവിതം ആഡംബരവും ആഘോഷങ്ങളും നിറഞ്ഞതാണെന്ന പൊതുധാരണയ്ക്ക് മറ്റൊരു കാഴ്ചപ്പാട് നൽകുകയാണ് ഈ വിഡിയോകൾ. വലിയ ഫാഷൻ വേദികളിൽ ചുവടുവയ്ക്കുമ്പോഴും വീട്ടിലെ ഉത്തരവാദിത്വങ്ങളും സ്വന്തം നാടിന്റെ ജീവിതരീതികളും ഇപ്പോഴും ജീവിതത്തിന്റെ ഭാഗമാണെന്നും ഫാഷൻ വേദിയിലെത്തിയതുകൊണ്ട് സ്വന്തം വേരുകളെ മറന്നിട്ടില്ലെന്നും ഇവർ തെളിയിക്കുന്നു. സാധാരണ ജീവിതസാഹചര്യങ്ങളിൽനിന്ന് വലിയ സ്വപ്നങ്ങളിലേക്ക് നടന്നെത്തിയതിന്റെ അഭിമാനം വ്യക്തമാക്കുന്ന ഈ ട്രെൻഡ്, റാംപിലെ തിളക്കത്തിന് പിന്നിൽ കൃഷിയിടങ്ങളുടെയും അടുക്കളകളുടെയും കഥകളുണ്ടെന്ന് നമ്മെ ഓർമിപ്പിക്കുന്നു.




