കൊച്ചി വടുതലയിൽ അമ്മയും മക്കളും അടക്കം അഞ്ച് പേർ മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഈ കൂട്ടമരണം മാസങ്ങൾക്ക് മുൻപേ അശ്വതി ആസൂത്രണം ചെയ്തതാണോ എന്ന് പോലീസ് സംശയിക്കുന്നു. സ്വന്തം മക്കളെ മരണത്തിനായി ഒരുക്കി നിർത്തിയ അശ്വതിയുടെയും കുടുംബത്തിന്റെയും നീക്കങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്.
ബന്ധുക്കളോടുള്ള തീർത്താൽ തീരാത്ത വൈരാഗ്യമാണ് ഈ കടുംകൈക്ക് പിന്നിലെന്നാണ് സൂചനകൾ. കഴിഞ്ഞ ഡിസംബറിൽ തന്നെ തന്റെ സ്വത്തുക്കൾ ഒരു ചാരിറ്റബിൾ ട്രസ്റ്റിന് നൽകാൻ അശ്വതി തീരുമാനിച്ചിരുന്നു. തന്റെ മരണശേഷം സഹോദരങ്ങൾക്കോ ഭർതൃവീട്ടുകാർക്കോ ഒന്നും ലഭിക്കരുത് എന്ന വാശിയിലായിരുന്നു ഈ തീരുമാനം. ഭർത്താവ് അക്ഷതിന്റെ മരണശേഷം ഭർതൃമാതാവ് ഉഷയുമായി നിലനിന്നിരുന്ന കടുത്ത സ്വത്തുതർക്കങ്ങളാണ് ഈ പകയ്ക്ക് കാരണമെന്ന് പോലീസ് കരുതുന്നു.
അതേസമയം, അശ്വതിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഭർതൃമാതാവ് ഉഷ ഉന്നയിക്കുന്നത്. അക്ഷതിന്റെ മരണത്തിന് കാരണം കുടുംബപ്രശ്നങ്ങളാണെന്നും, ബിസിനസുകാരനായിരുന്ന മകനെ അശ്വതി മാനസികമായി തകർത്തെന്നും അവർ പറയുന്നു. അക്ഷത് മരിച്ചതിന് പിന്നാലെ സ്വർണ്ണവും പണവും രേഖകളുമായി അശ്വതി മുങ്ങിയെന്ന് കാട്ടി ഇവർ നേരത്തെ പരാതി നൽകിയിരുന്നു. ഉഷയുടെ പേരിലുണ്ടായിരുന്ന വസ്തു അശ്വതിയുടെ പേരിലേക്ക് മാറ്റിയതും വലിയ തർക്കങ്ങൾക്ക് വഴിവെച്ചിരുന്നു.
ഭർത്താവിന്റെ അമിത മദ്യപാനമാണ് കുടുംബം തകരാൻ കാരണമെന്ന് അശ്വതിയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. എന്നാൽ ഭർതൃവീട്ടുകാരുടെ പരാതിയും അശ്വതി എഴുതിവെച്ച വിൽപ്പത്രവും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ പോലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി വിശദമായ അന്വേഷണത്തിനുള്ള തയ്യാറെടുപ്പിലാണ് പോലീസ് സംഘം.




