Featured Spotlight

‘ജി.സുധാകരൻ കാണിച്ചത് ചെറ്റത്തരം, വലിയ വഞ്ചന; പാർട്ടി തെറ്റിദ്ധരിക്കപ്പെട്ടു’: പിണറായി വിജയൻ

സിപിഎം മുൻ നേതാവ് ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സുധാകരന്റേത് വലിയ വഞ്ചനയും ചെറ്റത്തരവുമാണെന്ന് മുഖ്യമന്ത്രി തുറന്നടിച്ചത്. പാർട്ടിയുടെ രണ്ട് ടേം നിബന്ധനയെത്തുടർന്ന് പല പ്രമുഖരും മാറിയെങ്കിലും തനിക്ക് എന്തോ പ്രത്യേകതയുണ്ടെന്ന ഭാവമാണ് സുധാകരൻ കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടിയിൽ എല്ലാവരും തുല്യരാണെന്നും തെറ്റായ നിലപാടുകൾ വലിയ പാതകമാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

കോൺഗ്രസ് നേതാവ് കെ. സുധാകരൻ പാർട്ടി തീരുമാനത്തിന് വിധേയനായി നിന്നതിനെ മുഖ്യമന്ത്രി ഈ അവസരത്തിൽ പ്രശംസിച്ചു. കെ. സുധാകരൻ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും പാർട്ടി നിർദ്ദേശം അദ്ദേഹം അനുസരിച്ചു. എന്നാൽ ഇതിന് വിപരീതമായി ജി. സുധാകരൻ വഞ്ചനയാണ് കാട്ടിയതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. പാർട്ടി അർപ്പിച്ച വിശ്വാസം മുഴുവൻ അദ്ദേഹം നശിപ്പിച്ചു. കോൺഗ്രസ് പിന്തുണയോടെ ഗൂഢാലോചന നടത്തി സ്ഥാനാർത്ഥിയാകുന്നത് പാർട്ടിക്ക് നിരക്കാത്ത കാര്യമാണെന്ന് പിണറായി വിജയൻ വ്യക്തമാക്കി.

ഉറച്ച സഖാവായിരുന്ന സുധാകരൻ മറ്റൊരു തരത്തിൽ പ്രവർത്തിക്കുമെന്ന് പാർട്ടി പ്രതീക്ഷിച്ചിരുന്നില്ല. ഗൂഢമായ നീക്കങ്ങളാണ് അദ്ദേഹം നടത്തിയത്. തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് ഇപ്പോൾ മനസ്സിലാക്കുന്നു. പെട്ടെന്നുണ്ടായ ഒന്നല്ല ഇതെന്നും നേരത്തെ തന്നെ ഇതിനായുള്ള കളമൊരുക്കുകയായിരുന്നു സുധാകരനെന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തെ അനുനയിപ്പിക്കാൻ താൻ നേരിട്ട് ശ്രമിച്ചിരുന്നതായും പിണറായി വിജയൻ വെളിപ്പെടുത്തി.

സ്ഥാനമാനങ്ങൾ ലഭിക്കാത്തതിന്റെ പേരിൽ ആർക്കും ഇത്തരത്തിൽ അധഃപതനം സംഭവിക്കാം. തളിപ്പറമ്പിലെ ടി.കെ. ഗോവിന്ദന്റെ നിലപാടിനെയും മുഖ്യമന്ത്രി വിമർശിച്ചു. അവിടെ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കാൻ പാർട്ടി നേരത്തെ തീരുമാനിച്ചതാണ്. കഴിവുള്ള അവർ എം.വി. ഗോവിന്ദന്റെ ഭാര്യ എന്നതുകൊണ്ടല്ല പരിഗണിക്കപ്പെട്ടത്. പാർട്ടി വിട്ട ടി.കെ. ഗോവിന്ദനെ പിന്തുണയ്ക്കേണ്ട സാഹചര്യം ആർക്കും ഉണ്ടായിരുന്നില്ല. ഇത്തരം വഞ്ചനകൾ ചരിത്രത്തിൽ ഒറ്റപ്പെട്ടതാണെങ്കിലും ഇത് ലജ്ജാവഹമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.