Featured Sports

ദേ… ഇതാണ് ക്യാപ്റ്റന്‍… ഇങ്ങിനെയായിരിക്കണം കളി ; ശ്രേയസ് അയ്യര്‍ ഐപിഎല്ലില്‍ പുതിയ റെക്കോഡ് ഇട്ടു

ദേ…നായകനെന്നാല്‍ ഇങ്ങിനെയായിരിക്കണം എന്നാണ് ഐപിഎല്‍ കലാശപ്പോരിലേക്ക് നീങ്ങുമ്പോള്‍ പഞ്ചാബ് കിംഗ്‌സ് തങ്ങളുടെ നായകന്‍ ശ്രേയസ് അയ്യരെക്കുറിച്ച് പറയുക. കഴിഞ്ഞ തവണ കപ്പുയര്‍ത്തിക്കൊടുത്തിട്ടും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വില്‍പ്പനയ്ക്ക് വെച്ച ശ്രേയസ് അയ്യരെ ടീമിലെടുക്കുമ്പോള്‍ കപ്പില്‍ കുറഞ്ഞതൊന്നും പഞ്ചാബിന്റെ ലക്ഷ്യത്തില്‍ ഇല്ലായിരുന്നു. ഐപിഎല്ലില്‍ ഉജ്വല കുതിപ്പ് നല്‍കിയ പ്രതീക്ഷയെ ശ്രേയസ് അയ്യര്‍ തുണയ്ക്കുകയും ചെയ്തു.

രണ്ടാം ക്വാളിഫയറില്‍ മുംബൈയെ വീഴ്ത്തി അവര്‍ കലാശപ്പോരില്‍ എത്തുകയും ചെയ്തു. ഇനി ഒരു കയ്യകലത്തില്‍ മാത്രമാണ് പഞ്ചാബിന്റെ ആദ്യത്തെ ഐപിഎല്‍ കിരീടം നില്‍ക്കുന്നത്. ഈ വിജയത്തോടെ ശ്രേയസ് അയ്യര്‍ ചരിത്രത്തില്‍ ഇടംപിടിക്കുകയും ചെയ്തു. മൂന്ന് ഐപിഎല്‍ ടീമുകളെ ഫൈനലില്‍ എത്തിച്ച നായകനായിട്ടാണ് അയ്യര്‍ ഈ വിജയത്തോടെ കടന്നത്. 2020 ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെയും 2024 ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും ഫൈനലില്‍ കടത്തിയ അദ്ദേഹം 2025 ല്‍ പഞ്ചാബ് കിംഗ്‌സിനെയും ഫൈനലില്‍ എത്തിച്ചിരിക്കുകയാണ്. ഈ സീസണ്‍ വിജയിച്ചാല്‍ തുടര്‍ച്ചയായി രണ്ടു സീസണുകളില്‍ രണ്ടു ടീമുകള്‍ക്ക് വേണ്ടി കപ്പുയര്‍ത്തിയ ആദ്യനായകനായി ശ്രേയസ് മാറും.

നിര്‍ണ്ണായക മത്സരത്തില്‍ ഉയര്‍ന്ന സമ്മര്‍ദത്തിലാണ് പതറാതെ ശ്രേയസ് ടീമിനെ കൊണ്ടുപോയത്. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തി 204 റണ്‍സ് പിന്തുടര്‍ന്ന അയ്യര്‍ 41 പന്തില്‍ (5 ഫോറും 8 സിക്‌സും) പുറത്താകാതെ 87 റണ്‍സുമായി ഉറച്ചുനിന്നു. ശരാശരി ഒരോവറില്‍ 10 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യേണ്ട മത്സരത്തില്‍ പഞ്ചാബിന് നിയന്ത്രണത്തോടും അധികാരത്തോടും കൂടി ബാറ്റ് ചെയ്യാന്‍ ഒരാളെ ആവശ്യമുണ്ടായിരുന്നു. അത് തിരിച്ചറിഞ്ഞ ശ്രേയസ് സമ്മര്‍ദത്തിനു വഴിപ്പെടാതെ വ്യക്തതയോടെ കണക്കുകൂട്ടി ആക്രമണോത്സുകത സംയോജിപ്പിച്ച് കുതിച്ചു.

29 പന്തില്‍ 48 റണ്‍സെടുത്ത നെഹാല്‍ വധേര അദ്ദേഹത്തിന് മികച്ച പിന്തുണ നല്‍കി. ഈ ജോഡി നാലാം വിക്കറ്റില്‍ 84 റണ്‍സ് കൂട്ടിച്ചേര്‍ത്തത് ടീമിന്റെ പിന്തുടരല്‍ സുസ്ഥിരമാക്കി. ഒമ്പതാം ഓവറില്‍ മിച്ചല്‍ സാന്റ്നറുടെ പന്തില്‍ ഡീപ്പ് മിഡ് വിക്കറ്റില്‍ നമന്‍ ധിറിന് ക്യാച്ച് പിഴച്ചത് മുംബൈയുടെ കളിയില്‍ നിര്‍ണ്ണായകമായി. വധേര പുറത്തായിട്ടും സംയമനം പ്രകടിപ്പിച്ച് അയ്യര്‍ ശാന്തമായി വേട്ടയാടി. ഇരുടീമിലെയും ബൗളര്‍മാര്‍ നന്നായി അടിവാങ്ങിയ മത്സരത്തിലെ ഏറ്റവും കൗതുകം ഒരു വിക്കറ്റ് പോലും നേടാതെ ലോകോത്തര പേസ്ബൗളറായ ജസ്പ്രീത് ബുംറെ അടി വാങ്ങിയതായിരുന്നു. നാല് ഓവര്‍ എറിഞ്ഞ അദ്ദേഹം 40 റണ്‍സാണ് വഴങ്ങിയത്.