Health

കുട്ടികളെ ശ്രദ്ധിക്കൂ! ഐ ഡ്രോപ്‌സിലെ ഈ രാസവസ്തു കണ്ണിന് വില്ലനായേക്കാം, ഡോക്ടർമാരുടെ മുന്നറിയിപ്പ്

കണ്ണിനുപയോഗിക്കുന്ന തുള്ളിമരുന്നുകൾ ഏറ്റവും സുരക്ഷിതമായ മരുന്നുകളായാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ കുട്ടികൾക്കുണ്ടാകുന്ന അണുബാധകൾക്കും കണ്ണ് വരൾച്ചയ്ക്കുമൊക്കെ മാതാപിതാക്കൾ മടികൂടാതെ ഇവ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരം മരുന്നുകളിൽ ചേർക്കുന്ന ഒരു പ്രത്യേക ഘടകം അത്ര സുരക്ഷിതമല്ലെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് നേത്രരോഗ വിദഗ്ധർ.

മൾട്ടി-ഡോസ് ഐ ഡ്രോപ്പുകളിൽ ബാക്ടീരിയകൾ വരാതിരിക്കാൻ ചേർക്കുന്ന പ്രിസർവേറ്റീവ് ആയ പോളിഹെക്സാമെത്തിലീൻ ബൈഗ്വാനൈഡ് ആണ് ഇപ്പോൾ ചർച്ചാവിഷയം. മരുന്നിനെ അണുവിമുക്തമായി നിലനിർത്താൻ ഇത് സഹായിക്കുമെങ്കിലും, കുട്ടികളുടെ വളരുന്ന കണ്ണുകളിൽ ഇത് ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കിയേക്കാം എന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. കുപ്പിയിലെ മരുന്നിനെ ഇത് സംരക്ഷിക്കുമെങ്കിലും കണ്ണിന്റെ മൃദുവായ കോശങ്ങളെ ഇത് ദോഷകരമായി ബാധിച്ചേക്കാമെന്ന് പീഡിയാട്രിക് ഓഫ്താൽമോളജിസ്റ്റ് ഡോ. മിഹിർ കോത്താരി പറയുന്നു. കണ്ണിന്റെ ഉപരിതലത്തിലെ കോശങ്ങളെ നശിപ്പിക്കാനും കണ്ണുനീരിന്റെ സ്വാഭാവികമായ അവസ്ഥയിൽ മാറ്റം വരുത്താനും ഈ കെമിക്കലിന് സാധിക്കുമെന്ന് പരീക്ഷണശാലയിലെ പഠനങ്ങൾ വ്യക്തമാക്കുന്നു.

കുറഞ്ഞ കാലത്തെ ചികിത്സയ്ക്ക് ഇത് വലിയ പ്രശ്നമല്ലെങ്കിലും മാസങ്ങളോ വർഷങ്ങളോ തുടർച്ചയായി ഇത്തരം തുള്ളിമരുന്നുകൾ ഉപയോഗിക്കുന്നത് വലിയ അപകടമാണ്. കണ്ണ് വല്ലാതെ വരണ്ടുപോകാനും ചൊറിച്ചിലിനും മുറിവുകൾ ഉണങ്ങാൻ താമസം നേരിടാനും ഇത് കാരണമായേക്കാം. വികസിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ കണ്ണിന്റെ ഉപരിതലം മുതിർന്നവരുടേതിനേക്കാൾ സെൻസിറ്റീവ് ആയതിനാൽ ഈ പ്രശ്നങ്ങൾ അവരെ കൂടുതൽ ഗുരുതരമായി ബാധിക്കുന്നു. കാഴ്ചശക്തി വർദ്ധിപ്പിക്കാൻ നടത്തുന്ന ദീർഘകാല ചികിത്സകളിൽ ഇത്തരം തുള്ളിമരുന്നുകൾ ഉപയോഗിക്കുന്നത് കണ്ണിന്റെ സ്വാഭാവികമായ ആരോഗ്യത്തെ ബാധിച്ചേക്കാം.

എന്നാൽ ഇതിന് പരിഹാരവുമുണ്ട്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈ ദോഷകരമായ പ്രിസർവേറ്റീവുകൾ ഇല്ലാത്ത ഐ ഡ്രോപ്പുകൾ ഇപ്പോൾ ലഭ്യമാണ്. ദീർഘകാലം മരുന്ന് ഉപയോഗിക്കേണ്ടി വരുമ്പോൾ ഇത്തരം ‘പ്രിസർവേറ്റീവ് ഫ്രീ’ മരുന്നുകൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു. അസുഖം ഭേദമാക്കുക എന്നത് പോലെ തന്നെ കണ്ണിന്റെ മൃദുവായ ഉപരിതലത്തെ കേടുപാടുകൾ കൂടാതെ സംരക്ഷിക്കുക എന്നതും പ്രധാനമാണെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.