Featured Sports

‘ദക്ഷിണാഫ്രിക്ക മണ്ടന്മാര്‍, ഇന്ത്യയെ പുറത്താക്കാന്‍ വിന്‍ഡീസിനോടു തോറ്റു കൊടുക്കണമായിരുന്നു’: ഇംഗ്ലണ്ട് മുന്‍ നായകന്‍

ലണ്ടന്‍: അടുത്തിടെ സമാപിച്ച ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ കളിച്ചവരില്‍ മണ്ടന്‍ ടീം ദക്ഷിണാഫ്രിക്കയെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. ടൂര്‍ണമെന്റില്‍ ഇന്ത്യ കിരീടമുയര്‍ത്താന്‍ കാരണം ദക്ഷിണാഫ്രിക്കയുടെ വങ്കത്തരമാണെന്ന് വോണിന്റെ പരിഹാസം.

‘സ്റ്റിക് ടു ക്രിക്കറ്റ്’ പോഡ്കാസ്റ്റിലായിരുന്നു കമന്റേറ്റര്‍ കൂടിയായ വോണ്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വിവാദ പ്രസ്താവന നടത്തിയത്. ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യയെ പുറത്താക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കു നല്ല അവസരമുണ്ടായിരുന്നു. സൂപ്പര്‍ എട്ടില്‍ വെസ്റ്റിന്‍ഡീസിനോടു തോറ്റു കൊടുത്തിരുന്നെങ്കില്‍ ഇന്ത്യയുടെ വഴിയടയുമായിരുന്നു. പക്ഷേ, അതുണ്ടായില്ല. ടൂര്‍ണമെന്റിലെ കരുത്തരെ ഏതുവിധേനയും തുടക്കത്തിലേ പുറത്താക്കുകയാണ് കിരീടം നേടാനുള്ള ലളിതമാര്‍ഗം.

ദക്ഷിണാഫ്രിക്കയ്ക്കു പക്ഷേ, ഇതില്‍ തന്ത്രപരമായ പിഴവു സംഭവിച്ചു. അവര്‍ വെസ്റ്റിന്‍ഡീസിനോടു തോല്‍ക്കാന്‍ തയാറായില്ല. ഇതിന്റെ ഗുണം ലഭിച്ചത് ഇന്ത്യക്കായിരുന്നു. സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത് സെമിയില്‍ കടന്ന ഇന്ത്യ കിരീടം ചൂടുകയും ചെയ്തു. ആത്യന്തികമായി ദക്ഷിണാഫ്രിക്കയുടെ തന്ത്രപരമായ പിഴവാണ് ഇന്ത്യക്കു കിരീടത്തിലേക്കുള്ള വഴിതുറന്നത്- വോണ്‍ പറഞ്ഞു.

സൂപ്പര്‍ എട്ടിലെ ആദ്യമത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കു മുന്നില്‍ 76 റണ്ണിന് ഇന്ത്യ തോറ്റിരുന്നു. പിന്നീട് സിംബാബ്‌വെയെ കീഴടക്കി പ്രതീക്ഷ നിലനിര്‍ത്തിയെങ്കിലും വെസ്റ്റിന്‍ഡീസിനെതിരേ തോല്‍വി പുറത്തേക്കുള്ള വഴി തുറക്കുമായിരുന്നു. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ വിന്‍ഡീസിനെ കെട്ടുകെട്ടിച്ച് ഇന്ത്യ സെമി ഉറപ്പാക്കി.

സെമിയില്‍ കടന്നെങ്കിലും ന്യൂസിലന്‍ഡിനോട് തോറ്റ് ടൂര്‍ണമെന്റില്‍നിന്നു പുറത്താകാനായിരുന്നു പ്രോട്ടീസിന്റെ വിധി. 33 പന്തില്‍ സെഞ്ചുറിയടിച്ച ഫിന്‍ അലന്റെ മാസ്മരിക പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഒന്‍പതുവിക്കറ്റിന്റെ അനായാസജയത്തിലൂടെ കിവികള്‍ ഫൈനല്‍പ്രവേശം രാജകീയമാക്കി. ഇംഗ്ലണ്ടിനെ സെമിയില്‍ തോല്‍പ്പിച്ച ഇന്ത്യ കലാശപ്പോരില്‍ കിവികളെ തകര്‍ത്ത് കിരീടം നിലനിര്‍ത്തുകയും ചെയ്തു.