Crime

വിവാഹ വാഗ്ദാനം നല്‍കി ഒന്നര വര്‍ഷം ലൈം​ഗികമായി ഉപയോ​ഗിച്ചു; മെഡി. കോളജ് മുന്‍ സൂപ്രണ്ടിനെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മുന്‍ സൂപ്രണ്ടും നിലവില്‍ ന്യൂറോ സര്‍ജറി വിഭാഗം മേധാവിയുമായ ഡോ. സുനില്‍ കുമാറിനെതിരേ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തു. ചികിത്സയ്‌ക്കെത്തിയ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയിലാണ് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തത്.

പരാതിയില്‍ പറയുന്നതനുസരിച്ച് 2023-ല്‍ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിയ യുവതിക്കു മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ സൈക്യാട്രി വിഭാഗത്തിലേക്കു മാറ്റിയിരുന്നു. ഈ സമയത്താണ് ഡോക്ടറുമായി പരിചയം ആരംഭിച്ചതെന്നു പറയുന്നു. തുടര്‍ന്ന് സൗഹൃദം സ്ഥാപിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി വിവാഹ വാഗ്ദാനം നല്‍കി പല തവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

സംഭവവുമായി ബന്ധപ്പെട്ടു മുമ്പ് വനിതാ കമ്മിഷനിലും പരാതി നല്‍കിയിരുന്നുവെന്നാണ് വിവരം. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കോളജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തിന്റെ വസ്തുതകള്‍ പരിശോധിച്ച ശേഷമേ തുടര്‍ നടപടികള്‍ സ്വീകരിക്കൂ എന്ന് പോലീസ് അറിയിച്ചു. തുടര്‍ അന്വേഷണത്തിനായി കേസ് കോവളം പോലീസിന് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.