Featured Good News

ഈ ഇന്ത്യൻ നഗരത്തിൽ ഗതാഗതക്കുരുക്കോ ഹോൺ മുഴക്കലോ ഇല്ല… കാരണമറിയേണ്ടേ ?

ഗതാഗതക്കുരുക്കുകളും വാഹനങ്ങളുടെ ഘോരശബ്ദവും കാറിന്റെ ഹോൺ മുഴക്കലുകളും വിവേകമുള്ള വ്യക്തികളെപോലും പലപ്പോഴും രോഷാകുലരാക്കും. പ്രത്യേകിച്ച് സ്വകാര്യ വാഹനത്തിൽ, പോകുന്ന എല്ലാ ഇന്ത്യക്കാരെയും ഭയപ്പെടുത്തുന്ന കാര്യങ്ങളാണിവ.

എന്നാൽ ഇന്ത്യയിൽ ഗതാഗതക്കുരുക്കിൽ നിന്ന് മുക്തമായ ഒരു നഗരമുണ്ടെന്നും ഡ്രൈവർമാർ വിവേചനരഹിതമായി കാറുകളുടെ ഹോൺ മുഴക്കില്ലെന്നും നിങ്ങൾക്കറിയാമോ? ഇത് ഒരു ഫാന്റസിപോലെ തോന്നാം. പക്ഷേ വടക്കുകിഴക്കൻ ഇന്ത്യയിലെ മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാൾ, ഗതാഗതക്കുരുക്കില്ലാത്ത നഗരമാണ്. ഹോൺ മുഴക്കംപോലുമില്ല.

ഗതാഗതക്കുരുക്കില്ലാത്ത ഏക ഇന്ത്യൻ നഗരം

ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, അസം തുടങ്ങിയ ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളിലെ പ്രധാന നഗരങ്ങളില്‍പോലും ഗതാഗത പ്രശ്‌നങ്ങൾ രൂക്ഷമാണ്. ഗതാഗതം നന്നായി നിയന്ത്രിക്കുകയും വാഹന ഉടമകൾ നിയമങ്ങൾ പാലിക്കുകയും ചെയ്‌താൽ ഓരോ ഇന്ത്യൻ നഗരവും എങ്ങനെയായിരിക്കുമെന്ന് കാണിക്കുന്ന ഒരു മികച്ച ഉദാഹരണമാണ് ഐസ്വാൾ .

മറ്റ് ഇന്ത്യൻ നഗരങ്ങളിൽ നിന്നും നഗര കേന്ദ്രങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഐസ്വാൾ. ട്രാഫിക് സിഗ്നൽ പച്ച നിറമാകുന്നതുവരെ കാത്തിരിക്കുമ്പോൾ ഡ്രൈവർമാർ ഹോൺ മുഴക്കുന്നത് അപൂർവമായി മാത്രമേ ഇവിടെ കാണാൻ കഴിയൂ. പകരം എഞ്ചിനുകൾ ഓഫാക്കി വാഹന ഉടമകൾ നീണ്ട നിരകളിൽ ക്ഷമയോടെ കാത്തിരിക്കുന്നത് കാണാം.

ഐസ്വാളിലെ ശാന്തമായ ഗതാഗതത്തിന് പിന്നിലെ രഹസ്യം എന്താണ്?

ഐസ്വാളിലെ ശാന്തമായ ഗതാഗതത്തിന് പിന്നിലെ വലിയ രഹസ്യം കടുത്തശിക്ഷാ നടപടികളോ ഗതാഗത നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതോ അല്ല. ഈ രഹസ്യം മിസോറാമിന്റെ സംസ്കാരത്തിലാണ്. ഈ സംസ്ഥാനനിവാസികൾ കർശനമായി പിന്തുടരുന്ന അടിസ്ഥാന മൂല്യങ്ങളായി അച്ചടക്കവും പൗരബോധവും സാമൂഹിക ഉത്തരവാദിത്തവുമാണ്. അതുകൊണ്ട് തന്നെ ഈ മനോഹരമായ വടക്കുകിഴക്കൻ സംസ്ഥാനത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നു.

വിദേശികളും ആഭ്യന്തര സന്ദർശകരും ഉൾപ്പെടുന്ന സന്ദര്‍ശകരെ ഐസ്വാളിലെ ഗതാഗതത്തിന്റെ അസാധാരണമായ ക്രമം അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള മിക്ക നഗര കേന്ദ്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ നഗരത്തിലെ റോഡുകൾ എത്ര ശാന്തമാണന്ന് അവർ അത്ഭുതപ്പെടുന്നു. ചിട്ടയായ ഗതാഗതത്തിന് പുറമേ ഐസ്വാൾ അതിന്റെ ശുചിത്വത്തിനും പേരുകേട്ടതാണ്. തെരുവുകളിൽ മാലിന്യം തള്ളുന്ന ആളുകളെ പോലും ഇവിടെ അപൂർവമായി മാത്രമേ കാണാൻ കഴിയൂ.

വീണ്ടും പറയട്ടെ, മിസോകളുടെ ഈ വളരെ പക്വമായ പൗരബോധം കനത്ത പിഴകളോ കർശനമായ പോലീസിംഗോ ഉപയോഗിച്ച് നടപ്പിലാക്കപ്പെടുന്നില്ല. മറിച്ച് സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ ഒരു സാമൂഹിക മനഃസാക്ഷിയിൽ നിന്നും ധാർമ്മികതയിൽ നിന്നുമാണ് ഉരുത്തിരിഞ്ഞത്. നല്ല പൊതു പെരുമാറ്റത്തെ വിലമതിക്കുന്ന ജനതയാണ് മിസോകൾ.

പോലീസിംഗിനെക്കാളോ കനത്ത പിഴകളെക്കാളോ വ്യക്തിപരമായ ധാർമ്മികതയും ശക്തമായ പൗരബോധവും ഗതാഗത നിയന്ത്രണത്തിനും ക്രമസമാധാനത്തിനും എങ്ങനെ മികച്ച ഉപകരണങ്ങളായി പ്രവർത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ഐസ്വാൾ.