അമിത ആത്മവിശ്വാസം എത്രത്തോളം അപകടകരമാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ജനവാസ മേഖലയിൽ നിന്ന് പാമ്പിനെ പിടികൂടാനെത്തിയ ഒരു പാമ്പുപിടുത്തക്കാരൻ, കൃത്യമായ മുൻകരുതലുകൾ അവഗണിച്ചതിനെത്തുടർന്ന് രാജവെമ്പാലയുടെ കടിയേറ്റ് മരണത്തിന് കീഴടങ്ങിയ ദാരുണമായ വാർത്തയാണിത്.
ഒരു കെട്ടിടത്തിനുള്ളിൽ കയറിയ രാജവെമ്പാലയെ പിടികൂടി പുറത്തെത്തിച്ചതായിരുന്നു ഇയാൾ. എന്നാൽ സുരക്ഷിതമായ സഞ്ചിയിലേക്ക് പാമ്പിനെ മാറ്റുന്നതിന് പകരം, കാഴ്ചക്കാരുടെ മുന്നിൽ ഇക്കാര്യത്തിലുള്ള അമിത ആത്മവിശ്വാസം പ്രകടിപ്പിക്കാനാണ് ഇയാൾ ശ്രമിച്ചത്.
പിടികൂടിയ പാമ്പിനെ നിലത്തു കിടത്തിയ ശേഷം ഇയാൾ അതിനെ പ്രകോപിപ്പിക്കാനും തലയിൽ തട്ടി കളിക്കാനും തുടങ്ങി. ഇതിനിടെ പാമ്പ് ഇയാളുടെ കാലിൽ കടിച്ചു. രാജവെമ്പാലയെപ്പോലെയുള്ള അതീവ വിഷമുള്ള പാമ്പിന്റെ കടിയേറ്റിട്ടും ഭയമില്ലാതെ ‘കടിച്ചോട്ടെ’ എന്ന് ഇയാൾ പറയുന്നത് വീഡിയോയിൽ കേൾക്കാം. കടിയേറ്റ ശേഷവും പാമ്പിനെ പ്രകോപിപ്പിക്കുന്നത് തുടർന്ന ഇയാളെ പാമ്പ് വീണ്ടും വിരലിൽ കടിച്ചു. മുറിവിൽ നിന്ന് രക്തം വായ ഉപയോഗിച്ച് വലിച്ചെടുക്കാൻ ശ്രമിച്ചത് വിഷം ശരീരത്തിൽ വേഗത്തിൽ പടരാൻ കാരണമായി. കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിൽ വരുത്തിയ വീഴ്ചയാണ് ഇയാളുടെ ജീവൻ അപകടത്തിലാക്കിയത്.
അല്പസമയത്തിനുള്ളിൽ തന്നെ വിഷം ശരീരത്തിൽ പ്രവർത്തിക്കുകയും ഇയാളുടെ ആരോഗ്യനില മോശമാവുകയും ചെയ്തു. ഒടുവിൽ ബോധരഹിതനായി വീണ ഇയാൾ അതിവേദനയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പിന്നീട് സ്ഥലത്തെത്തിയവർ പാമ്പിനെ സുരക്ഷിതമായി മാറ്റി. വന്യജീവികളെ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നതും അവയെ നിസ്സാരമായി കാണുന്നതും എത്ര വലിയ ദുരന്തത്തിലേക്കാണ് നയിക്കുക എന്നതിന്റെ ഞെട്ടിക്കുന്ന ഓർമ്മപ്പെടുത്തലായി മാറി ഈ സംഭവം. ക്യാമറയിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ അമിത ആത്മവിശ്വാസം വരുത്തിവെക്കുന്ന വിനയെക്കുറിച്ച് വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.




