കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ–പാക്കിസ്ഥാൻ ട്വന്റി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ വീണ്ടും റണ്ണൊന്നുമെടുക്കാതെ പുറത്തായത് ആരാധകരെ നിരാശരാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ആദ്യ ഓവർ എറിയാനെത്തിയത് പാക്കിസ്ഥാൻ നായകൻ സൽമാൻ അലി ആഗയായിരുന്നു. ഓവറിലെ അവസാന പന്തിൽ മിഡ് ഓണിൽ ഷഹീൻ അഫ്രീദിക്ക് ക്യാച്ച് നൽകി നാല് പന്തുകൾ മാത്രം നേരിട്ട അഭിഷേക് മടങ്ങുകയായിരുന്നു.
ഇതോടെ ലോകകപ്പിലെ തുടർച്ചയായ രണ്ടാം ഇന്നിങ്സിലും താരം ‘ഡക്ക്’ ആയി. യുഎസ്എയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ ഗോൾഡൻ ഡക്കായ അഭിഷേകിന്, ആരോഗ്യപ്രശ്നങ്ങൾ കാരണം നമീബിയയ്‌ക്കെതിരായ രണ്ടാം മത്സരം നഷ്ടമായിരുന്നു. പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തിയ നിർണായക മത്സരത്തിലും തിളങ്ങാൻ സാധിക്കാത്തത് താരത്തിന് തിരിച്ചടിയായി.
ലോകകപ്പിൽ മാത്രമല്ല, ന്യൂസീലൻഡിനെതിരായ പരമ്പര മുതൽ തന്നെ ലോക ഒന്നാം നമ്പർ ട്വന്റി20 ബാറ്ററായ അഭിഷേകിന്റെ ഫോം സംശയത്തിലായിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ അർധസെഞ്ചറി നേടിയ അഭിഷേക്, പക്ഷേ രണ്ടാം മത്സരത്തിൽ ഗോൾഡൻ ഡക്കായി. മൂന്നാം മത്സരത്തിൽ വീണ്ടും അർധസെഞ്ചറി നേടി കരുത്തറയിച്ച താരം, പക്ഷേ നാലാം മത്സരത്തിൽ വീണ്ടും ഗോൾഡൻ ഡക്ക്. തിരുവനന്തപുരത്ത് നടന്ന അവസാന ട്വന്റി20യിൽ 16 പന്തിൽ 30 റൺസെടുത്ത് ഭേദപ്പെട്ട പ്രകടനം നടത്തി. പരമ്പരയിൽ രണ്ട് അർധസെഞ്ചറി നേടിയെങ്കിലും മറുവശത്ത്, രണ്ടു തവണ ഗോൾഡൻ ഡക്കായത് ചോദ്യമുയർത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സന്നാഹമത്സരത്തിലും താരം റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്നു.
നിലവിൽ കഴിഞ്ഞ ആറ് ഇന്നിങ്സുകളിൽ നാലിലും പൂജ്യത്തിന് പുറത്തായ അഭിഷേക്, ട്വന്റി20 ലോകകപ്പിലെ ആദ്യ രണ്ട് ഇന്നിങ്സുകളിലും ഡക്കാകുന്ന മൂന്നാമത്തെ താരമെന്ന മോശം റെക്കോർഡും സ്വന്തമാക്കി. ഇന്ത്യയുടെ ആശിഷ് നെഹ്റ, ബംഗ്ലാദേശ് താരം ഇമ്രുൾ കെയ്‌സ് എന്നിവരാണ് ഇതിന് മുൻപ് ഈ പട്ടികയിലുണ്ടായിരുന്നവർ.
മത്സരത്തിന് മുന്നോടിയായി പാക് ക്യാപ്റ്റൻ സൽമാൻ അലി ആഗ നടത്തിയ തന്ത്രപരമായ നീക്കങ്ങളും ശ്രദ്ധേയമായി. അഭിഷേക് വേഗത്തിൽ സുഖം പ്രാപിച്ച് കളിക്കാനിറങ്ങട്ടെ എന്ന് വാർത്താസമ്മേളനത്തിൽ ആശംസിച്ച ആഗ, മത്സരത്തിന്റെ ആദ്യ ഓവർ സ്വയം എറിയാൻ തീരുമാനിച്ചാണ് ഇന്ത്യയെ ഞെട്ടിച്ചത്.
സാധാരണയായി പേസർമാർ തുടങ്ങാറുള്ള ഓവർ സ്പിന്നറായ ക്യാപ്റ്റൻ തന്നെ എറിഞ്ഞ് അഭിഷേകിന്റെ വിക്കറ്റ് വീഴ്ത്തിയത് പാക്കിസ്ഥാന്റെ ‘ഔട്ട് ഓഫ് സിലബസ്’ നീക്കമായി വിലയിരുത്തപ്പെടുന്നു. മിസ്റ്ററി സ്പിന്നർ ഉസ്മാൻ താരിഖിനെ നേരിടാൻ തയ്യാറെടുത്ത ഇന്ത്യയ്ക്ക് മുന്നിൽ സൽമാൻ അലി ആഗ തന്നെ വിക്കറ്റെടുത്ത് പാക്കിസ്ഥാന് മികച്ച തുടക്കം നൽകി.




