ഐസിസിയുടെയും വിവിധ ക്രിക്കറ്റ് ബോർഡുകളുടെയും സമ്മർദത്തിന് വഴങ്ങി ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ കളിക്കാൻ തീരുമാനിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ കടുത്ത വിമർശനം . ഒരു ചാനൽ ചർച്ചയിിാണ് ഷാഹിദ് അഫ്രീദിയുടെ പ്രതികരണം.
‘‘എന്തിനാണ് പിസിബി ഇങ്ങനെ നാണം കെടുന്നത്. നിങ്ങൾക്കു ലോകകപ്പ് കളിക്കണമെങ്കിൽ കളിക്കു, ഇല്ലെങ്കിൽ വേണ്ട. ഇപ്പോൾ പാക്കിസ്ഥാന്റെ അഭിമാനം ഇന്ത്യയുടെ കാലിൽകൊണ്ടു വച്ചിരിക്കുകയാണ്. പണത്തിനായി പാക്കിസ്ഥാന്റെ അഭിമാനമാണു വിറ്റത്. രാജ്യാന്തരതലത്തിൽ തന്നെ നാണക്കേടിലായി.’’– ഇന്ത്യൻ ക്രിക്കറ്റ് നിയന്ത്രിക്കുന്നത് നാല് ഗുജറാത്തികളാണെന്ന വിവാദ പരാമർശവും അദ്ദേഹം നടത്തി.
എന്നാല് ട്വന്റി20 ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിന് പാക് സർക്കാർ പച്ചക്കൊടി കാട്ടിയതിന് പിന്നാലെ, സർക്കാരിന്റെ ഈ തീരുമാനം ലോകകപ്പിന്റെ പവിത്രത കാത്തുസൂക്ഷിച്ചുവെന്ന് അഫ്രീദി അഫ്രീദി തന്റെ എക്സ് (X) അക്കൗണ്ടിൽ കുറിച്ചു..
“ക്രിക്കറ്റിന്റെ മാന്യത വിജയിച്ചിരിക്കുന്നു. മത്സരത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചതിലൂടെ പാക്കിസ്ഥാൻ സർക്കാർ ട്വന്റി20 ലോകകപ്പിന്റെ അന്തസ്സ് സംരക്ഷിക്കുകയും ക്രിക്കറ്റിന്റെ ആഗോള നിലനിൽപ്പ് ഉറപ്പാക്കുകയും ചെയ്തു. ക്രിക്കറ്റ് വിജയിക്കുമ്പോൾ, വലിയ ഭിന്നതകൾക്കിടയിൽപ്പോലും പാലമായി വർത്തിക്കാൻ കളിക്ക് സാധിക്കുമെന്ന് ഇത് തെളിയിക്കുന്നു,” അഫ്രീദി എഴുതി.
പാക്കിസ്ഥാനും ബംഗ്ലദേശും ഐസിസിയും തമ്മിൽ ദിവസങ്ങളോളം നീണ്ട ചർച്ചകൾക്കൊടുവിൽ, കൊളംബോയിൽ നടക്കുന്ന ഇന്ത്യക്കെതിരായ നിർണായക മത്സരത്തിൽ കളത്തിലിറങ്ങാൻ തിങ്കളാഴ്ച രാത്രിയാണ് പാക് സർക്കാർ ടീമിന് നിർദ്ദേശം നൽകിയത്. ഐസിസി മേധാവി ജയ് ഷായുടെ കൂടി സാന്നിധ്യത്തിൽ നടന്ന ചർച്ചകളെത്തുടർന്ന്, ഇന്ത്യക്കെതിരെ കളിക്കാൻ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് പാക്കിസ്ഥാനോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് പാക് സർക്കാർ തങ്ങളുടെ നിലപാട് മാറ്റിയത്.
“ബഹുതല ചർച്ചകളിലെ തീരുമാനങ്ങളും സൗഹൃദ രാജ്യങ്ങളുടെ അഭ്യർത്ഥനയും പരിഗണിച്ച്, 2026 ഫെബ്രുവരി 15-ന് ഐസിസി പുരുഷ ട്വന്റി20 ലോകകപ്പിലെ നിശ്ചയിച്ച മത്സരത്തിൽ പങ്കെടുക്കാൻ പാക്കിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീമിനോട് സർക്കാർ നിർദ്ദേശിക്കുന്നു,” പാക് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. നാടകീയമായ സംഭവങ്ങൾ അവസാനിച്ചതായി സ്ഥിരീകരിച്ചുകൊണ്ട് ഐസിസിയും പ്രസ്താവന പുറത്തിറക്കി. ക്രിക്കറ്റിന്റെ താത്പര്യം സംരക്ഷിക്കുന്നതിനായി ഐസിസിയും പിസിബിയും പരസ്പര സഹകരണത്തോടെയും നിഷ്പക്ഷതയോടെയും പ്രവർത്തിക്കാൻ ധാരണയായതായി ഐസിസി വ്യക്തമാക്കി.
ഐപിഎൽ സീസണിന് മുന്നോടിയായി പേസർ മുസ്തഫിസുർ റഹ്മാനെ വിട്ടുനൽകാൻ ബിസിസിഐ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് നിർദ്ദേശിച്ചതിനെ തുടർന്ന്, ഇന്ത്യയിൽ ലോകകപ്പ് മത്സരങ്ങൾ കളിക്കില്ലെന്ന ബംഗ്ലദേശിന്റെ നിലപാടാണ് പ്രതിസന്ധികൾക്ക് തുടക്കമിട്ടത്. ബംഗ്ലദേശിന് പകരം സ്കോട്ട്ലൻഡിനെ ഉൾപ്പെടുത്തിയതോടെ, ഐസിസിയുടേത് ഇരട്ടത്താപ്പാണെന്ന് ആരോപിച്ച് പാക്കിസ്ഥാൻ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു. ബംഗ്ലദേശിന്റെ നിലപാട് ശരിയാണെന്നും അതിനാൽ അവരെ പിന്തുണയ്ക്കേണ്ടത് അത്യാവശ്യമാണെന്നും പിസിബി മേധാവി മൊഹ്സിൻ നഖ്വി നേരത്തെ വ്യക്തമാക്കിയിരുന്നു.




