ബാധ ഒഴിപ്പിച്ച് തരാമെന്ന് പറഞ്ഞ് പൂജ നടത്തിയ ക്ഷേത്രത്തിലെ പൂജാരിക്ക് ബാധ ഒഴിഞ്ഞില്ലെന്ന് ആരോപിച്ച് മർദ്ദനം. വിഴുമല ക്ഷേത്രത്തിലെ പൂജാരിയായ സുരേഷിനാണ് മർദനമേറ്റത്. പ്രതികളുടെ ബന്ധുവായ പെണ്‍കുട്ടിക്ക് മാനസികമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് ബാധയാണെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൂജ നടത്തി. ബാധ ഒഴിപ്പിക്കാമെന്ന് അറിയിച്ച് പൂജയ്ക്ക് നേതൃത്വം നല്‍കിയത് സുരേഷായിരുന്നു.
ഇരട്ടക്കുളം കൃഷ്ണൻ (54), മക്കളായ രജിൻ (24), വിപിൻ (21), കൃഷ്ണന്റെ സഹോദരി ഭർത്താവ് പരമൻ (51) എന്നിവരാണ് സുരേഷിനെ മർദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ ആലത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.
പ്രതികളുടെ വീട്ടിൽ ബാധ ഒഴിപ്പിക്കാനായി പൂജാരി പൂജ നടത്തിയിരുന്നു. എന്നാൽ പൂജ പൂർത്തിയായിട്ടും ‘ബാധ ഒഴിഞ്ഞില്ല’ എന്ന് ആരോപിച്ചാണ് പ്രതികൾ പൂജാരിയെ ക്രൂരമായി മർദിച്ചത്. തലയ്ക്കും ശരീരത്തിലുമായി ഗുരുതരമായി പരുക്കേറ്റ സുരേഷ് ആശുപത്രിയിൽ ചികിത്സയിലാണ്. സുരേഷും ആശ്രമവാസികളും മർദ്ദിച്ചെന്ന് ആരോപിക്കുന്ന കൃഷ്ണനെയും മക്കളെയും പാലക്കാട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
പൂജാരി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പ്രതികൾക്ക് മുൻപ് ക്രിമിനൽ കേസുകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.




