കാഞ്ഞങ്ങാട്: വീട്ടില്‍ ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതി പി.എ. സലീമിന് (40) ഇരട്ട ജീവപര്യന്തം. മരണംവരെ പ്രതി തടവില്‍ കഴിയണമെന്നും ഹോസക്കദുര്‍ഗ് ഫാസ്റ്റ്ട്രാക്ക് കോടതി ഉത്തരവിട്ടു.
കഴിഞ്ഞവര്‍ഷം മേയ് 15 ന് ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. പുലര്‍ച്ചെ മൂന്നുമണിയോടെ കുട്ടിയുടെ മുത്തച്ഛന്‍ പശുവിനെ കറക്കാന്‍ പുറത്തുപോയ സമയത്താണ് സലീം വീടിന്റെ മുന്‍വാതിലിലൂടെ കയറി കുട്ടിയെ തട്ടിക്കൊണ്ടു പോയത്. അര കിലോമീറ്റര്‍ അകലെയുള്ള വയലില്‍വച്ചാണു കുട്ടിയെ പീഡിപ്പിച്ചത്.
തുടര്‍ന്ന് സ്വര്‍ണക്കമ്മല്‍ ഊരിയെടുത്തശേഷം കുട്ടിയെ വയലില്‍ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞു. വിറച്ചുകരഞ്ഞുകൊണ്ട് കുട്ടി ഇരുട്ടില്‍ തപ്പിത്തടഞ്ഞ് തൊട്ടടുത്ത വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് പ്രത്യേക അന്വേഷണം നടത്തി. മഹാരാഷ്ട്ര, ബംഗളൂരു, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ സലീമിനെ ഒന്‍പതാം ദിവസം അറസ്റ്റ് ചെയ്തു. ഇരയില്‍നിന്നു കവര്‍ന്ന കമ്മല്‍ വില്‍ക്കാന്‍ സഹായിച്ച സലീമിന്റെ സഹോദരിയെയും കോടതി കുറ്റക്കാരിയെന്നു കണ്ടെത്തി.
ഇവര്‍ക്ക് കോടതി പിരിയുംവരെ തടവും ആയിരം രൂപ പിഴയും കോടതി ശിക്ഷിച്ചു. അടുത്തിടെ വിവാഹിതയായതും പ്രായവും പരിഗണണിച്ചാണ് ഇവരുടെ ശിക്ഷ ലഘുകരിച്ചത്. സ്വര്‍ണക്കമ്മല്‍ കൂത്തുപറമ്പിലെ ജ്വല്ലറിയിലാണു വിറ്റത്. അറസ്റ്റ് ചെയ്തശേഷം ഇവരെ ജാമ്യത്തില്‍ വിട്ടിരുന്നു.
അറസ്റ്റ് കഴിഞ്ഞ് 39-ാം ദിവസം അന്നത്തെ ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ എം.പി. ആസാദ് 300 പേജുകളുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. 67 സാക്ഷി മൊഴികളും 42 ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി. പ്രതിക്കെതിരേ ഐ.പി.സിയിലെ വിവിധ വകുപ്പുകളും പോക്സോ നിയമത്തിലെ വകുപ്പുകളും ചുമത്തിയിരുന്നു. വീട്ടില്‍ അതിക്രമിച്ചു കയറല്‍, തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കല്‍, കവര്‍ച്ച, കൊല്ലുമെന്നു ഭീഷണിപ്പെടുത്തല്‍, മണിക്കൂറുകളോളം തടഞ്ഞുവയ്ക്കല്‍ എന്നിവയാണു കുറ്റമായി കോടതി വിശദീകരിച്ചത്. കഴിഞ്ഞ ജനുവരിയില്‍ വിചാരണ തുടങ്ങിയ കേസില്‍ വളരെ വേഗത്തിലാണ് കോടതി നടപടി പൂര്‍ത്തിയാക്കിയത്.




