Featured Spotlight

അമേരിക്കയിലെ ആദ്യ മുസ്ലിം സെനറ്ററുടെ ചരിത്രവിജയത്തില്‍ അഭിമാനമായി കർണാടകയുടെ മകൾ ഡോ. സാറാ ജുകാകു

അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് മിഷിഗണിൽ നിന്ന് യു.എസ്. സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്‌ലിം വംശജനായി മാറിയിരിക്കുകയാണ് ഡെമോക്രാറ്റിക് നേതാവ് ഡോ. അബു അൽ സെയ്ദ്. ഈ ചരിത്രവിജയത്തിന്റെ ശോഭ അമേരിക്കൻ അതിരുകൾ കടന്ന് ഇന്ത്യയിലെത്തി നിൽക്കുന്നത് മംഗളൂരുവിനടുത്തുള്ള കർണാടകയിലെ ഭട്കലിലേക്കാണ്. അബു അൽ സെയ്ദിന്റെ ഭാര്യയും പ്രമുഖ മനോരോഗ വിദഗ്ധയുമായ ഡോ. സാറാ ജുകാകുവിന്റെ കുടുംബവേരുകൾ ഭട്കലിലെ മണ്ണിലാണ് സ്ഥിതി ചെയ്യുന്നത്.

അമേരിക്കയിലെ മിഷിഗണിൽ ജനിച്ചുവളർന്ന ഡോ. സാറ ജുകാകു തൊഴിൽപരമായി ഒരു സൈക്യാട്രിസ്റ്റാണ്. കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ സാറ, മിഷിഗൺ യൂണിവേഴ്സിറ്റിയിലെ പഠനകാലത്താണ് അബു അൽ സെയ്ദിനെ കണ്ടുമുട്ടുന്നത്. ‘ദി മിഷിഗൺ ഡെയ്‌ലി’ എന്ന വിദ്യാർഥി പ്രസിദ്ധീകരണത്തിന്റെ വിവരമനുസരിച്ച്, കോളജ് കാലത്ത് വിവാഹം ഉറപ്പിച്ച ഇരുവരും 2006-ലാണ് ഔദ്യോഗികമായി ഒന്നാകുന്നത്. എമ്മാലി, സെറീൻ എന്നിങ്ങനെ രണ്ട് പെൺമക്കളാണ് ഈ ദമ്പതികൾക്കുള്ളത്.

ഈ വർഷത്തെ യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഭർത്താവിനു ശക്തമായ പിന്തുണയുമായി ഡോ. സാറ മുന്നിലുണ്ടായിരുന്നു. സാറയുടെ കുടുംബത്തിന് കർണാടകയുടെ രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ വലിയ പാരമ്പര്യമാണുള്ളത്. സാറയുടെ പിതാവ് ഡോ. ജുകാകു തയെബ് ഭട്കലിൽ വൃക്കരോഗ വിദഗ്ധനായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ്; എം.ബി.ബി.എസ് പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറുന്നത്. സാറയുടെ മുത്തച്ഛൻ ജുകാകു ഷംസുദീൻ ഭട്കലിലെ പ്രമുഖ അഭിഭാഷകനും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്നു. പഴയ ജംഖണ്ഡി നാട്ടുരാജ്യത്തിലെ ബി.ഡി. ജത്തി സർക്കാരിൽ ധനകാര്യ ഡെപ്യൂട്ടി മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജുകാകു കുടുംബാംഗം അമേരിക്കൻ രാഷ്ട്രീയത്തിൽ ഇത്രയും ഉയർന്ന പദവിയിലെത്തിയതിൽ ഭട്കലിലെ പ്രദേശവാസികളും വലിയ ആവേശത്തിലാണ്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഒരു ദക്ഷിണേന്ത്യൻ കുടുംബത്തിന്റെ ഭാഗമായിരിക്കുന്നതിനാൽ തനിക്ക് ഇന്ത്യൻ സംസ്കാരവുമായി വലിയ അടുപ്പമുണ്ടെന്ന് അബു അൽ സെയ്ദ് പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. “കഴിഞ്ഞ 20 വർഷമായി ഞാന്‍ ഒരു ദക്ഷിണേന്ത്യക്കാരിയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്, അതിനാൽ എനിക്ക് അറബിയേക്കാൾ കൂടുതൽ ഇന്ത്യൻ സ്വഭാവമുണ്ടെന്ന് പറയാം” എന്ന് തമാശരൂപേണ അദ്ദേഹം ഒരിക്കൽ പറയുകയുണ്ടായി. രണ്ട് പെൺമക്കളും ഭാര്യയും അടങ്ങുന്ന തന്റെ കുടുംബത്തെക്കുറിച്ച് അദ്ദേഹം എപ്പോഴും അഭിമാനത്തോടെ സംസാരിക്കാറുണ്ട്.

അമേരിക്കയുടെ പരമോന്നത ഭരണകേന്ദ്രത്തിലേക്ക് ഒരു മുസ്‌ലിം പ്രതിനിധി ആദ്യമായി ചുവടുവെക്കുമ്പോൾ, ആ ചരിത്രവിജയത്തിന്റെ ഭാഗമായി നിൽക്കുന്ന ഡോ. സാറാ ജുകാകുവിലൂടെ ഇന്ത്യയുടെയും കർണാടകയുടെയും പേര് വീണ്ടും ലോകവേദിയിൽ തിളങ്ങുകയാണ്.