Crime

രക്തബന്ധത്തെക്കാൾ വലുതോ പണം? 42 ലക്ഷത്തിന് വേണ്ടി സ്വന്തം പെങ്ങളെ തലയ്ക്കടിച്ചുകൊന്ന് സഹോദരനും ഭാര്യയും!

പണത്തോടുള്ള ആർത്തിയിൽ സ്വന്തം സഹോദരിയെ ക്രൂരമായി കൊലപ്പെടുത്തിയ ദാരുണ സംഭവത്തിന്റെ ഞെട്ടലിലാണ് ഉത്തർപ്രദേശിലെ ബരാബങ്കി ഗ്രാമം. സർക്കാർ വികസന പദ്ധതിയിൽ നിന്നും ലഭിക്കുന്ന ഭീമമായ നഷ്ടപരിഹാര തുക പങ്കുവെക്കാതിരിക്കാനാണ് സ്വന്തം സഹോദരിയെ ദാക്ഷിണ്യമില്ലാതെ കൊലപ്പെടുത്തിയത്. ഈ സംഭവത്തിൽ സഹോദരനെയും ഭാര്യയെയും യുപി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബരാബങ്കിയിലെ രാംനഗർ പ്രദേശത്താണ് ഈ കൊലപാതകം അരങ്ങേറിയത്. അംഗൻവാടി ജീവനക്കാരിയായ മന്നു എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ സഹോദരനായ സന്ദീപിന്റെ വീട് ‘മഹാദേവ കോറിഡോർ പ്രോജക്ടിനായി’ സർക്കാർ ഏറ്റെടുത്തിരുന്നു. പദ്ധതിയുടെ ഭാഗമായി ഏകദേശം 42 ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിക്കാൻ വഴിയൊരുങ്ങി. എന്നാൽ ഈ തുകയിൽ സഹോദരി മന്നുവിനും അവകാശമുണ്ടെന്നും അവർക്ക് വിഹിതം നൽകേണ്ടി വരുമെന്നും മനസ്സിലാക്കിയതോടെയാണ് സന്ദീപും ഭാര്യ ശീതളും ഈ ക്രൂരകൃത്യത്തിന് മുതിർന്നത്.

പണം പൂർണ്ണമായും ത തങ്ങളുടേത് മാത്രമാക്കി മാറ്റാൻ ഇരുവരും ചേർന്ന് മന്നുവിനെ ഇല്ലാതാക്കാൻ പദ്ധതി തയ്യാറാക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബർ 30-നാണ് മന്നുവിനെ ഇവർ അതിക്രൂരമായി കൊലപ്പെടുത്തിയത്. മന്നുവിന്റെ വീട്ടിലെത്തിയ സന്ദീപും ഭാര്യയും ആദ്യം വഴക്കുണ്ടാക്കുകയും തുടർന്ന് കല്ലുപയോഗിച്ച് തലയിലും മുഖത്തും ക്രൂരമായി അടിച്ചു പരിക്കേൽപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ മന്നു സംഭവസ്ഥലത്തുതന്നെ മരിച്ചു. അംഗൻവാടി ജീവനക്കാരി കൊല്ലപ്പെട്ട വാർത്ത പ്രചരിച്ചതോടെ പ്രദേശത്ത് വലിയ പ്രക്ഷോഭം ഉയർന്നു.

കൊല്ലപ്പെട്ട മന്നുവിന്റെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കി. ശാസ്ത്രീയമായ തെളിവെടുപ്പിലൂടെയാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. ചോദ്യം ചെയ്യലിൽ പണത്തോടുള്ള ആർത്തിയിലാണ് കൊലപാതകം നടത്തിയതെന്ന് സന്ദീപും ശീതളും സമ്മതിച്ചതായി അഡീഷണൽ എസ്‌പി വിവേക് തിവാരി അറിയിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പണത്തിനും സ്വത്തിനും വേണ്ടി സ്വന്തം രക്തബന്ധം പോലും മറന്നാണ് ഇവർ ഈ ദാരുണകൃത്യം ചെയ്തത്.