തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ 24-കാരിയായ വനിതാ ഡോക്ടർക്ക് നേരെ സീനിയർ ഡോക്ടറുടെ ലൈംഗികാതിക്രമ ശ്രമം. സംഭവത്തിൽ ജനറൽ സർജറി വിഭാഗം ജൂനിയർ കൺസൾട്ടന്റ് ഡോ. എൻ.കെ. ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂടാതെ, ആരോഗ്യവകുപ്പ് ഡോക്ടറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
സ്വകാര്യ ഡെന്റൽ കോളേജിൽ നിന്നും പി.ജി. കോഴ്സിന്റെ ഭാഗമായി പരിശീലനത്തിനെത്തിയ ഡോക്ടർക്കാണ് ദുരനുഭവമുണ്ടായത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡെന്റൽ വിഭാഗത്തിൽ ഇന്റേൺഷിപ്പ് ചെയ്യുകയായിരുന്നു യുവതി. രാവിലെ ആശുപത്രിയിലെ ക്ലാസിനിടെ ശരീരത്തിലുണ്ടായ ഒരു തടിപ്പിനെക്കുറിച്ച് സീനിയർ ഡോക്ടറോട് സംസാരിച്ചിരുന്നു. വിശദമായ പരിശോധനയ്ക്കായി ഉച്ചയ്ക്ക് ശേഷം താൻ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മുറിയിലേക്ക് വരാൻ ഡോക്ടർ നിർദ്ദേശിച്ചു. അവിടെവെച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പരാതി. അതിക്രമത്തെ ചെറുത്ത യുവതി മുറിയിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് യുവതി ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. സൂപ്രണ്ട് വിവരം പൊലീസിനെ അറിയിച്ചെങ്കിലും കേസെടുക്കാൻ വൈകിയെന്ന് ആക്ഷേപമുണ്ട്. ഉച്ചയ്ക്ക് 2.30-ന് പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയുടെ മൊഴിയെടുക്കൽ രാത്രി 8.30 വരെയാണ് നീണ്ടത്. ആറ് മണിക്കൂറോളം സ്റ്റേഷനിൽ ഇരുത്തി മൊഴിയെടുത്ത് മാനസികമായി തളർത്തിയെന്നും ആരോപണമുയർന്നു. പരാതിയിൽ ഉടൻ നടപടിയെടുക്കാതെ പരാതിക്കാരിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതിലും വ്യാപക പ്രതിഷേധമുണ്ടായി.
പൊലീസ് നടപടിയിലെ കാലതാമസത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ രാത്രി നെടുമങ്ങാട് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രകടനം നടത്തി. നേതാക്കൾ സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും വനിതാ ഡോക്ടർക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇതിന് പിന്നാലെ കുമാരപുരത്തെ വീട്ടിൽ നിന്നാണ് ഡോ. ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. സർക്കാർ ഡോക്ടറായിരിക്കെ ഡ്യൂട്ടി സമയത്ത് സ്വകാര്യ പ്രാക്ടീസ് നടത്തിയതും ഗുരുതരമായ അച്ചടക്കലംഘനമായി കണക്കാക്കിയാണ് ആരോഗ്യവകുപ്പ് ഇയാളെ സസ്പെൻഡ് ചെയ്തത്.




