സഹോദരിക്ക് ബാധ കയറിയെന്ന് സംശയിച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിൽ സഹോദരൻ അറസ്റ്റിലായി. അമേരിക്കയിലെ മാസച്യൂസറ്റ്സിലാണ് ഈ ദാരുണ സംഭവം നടന്നത്. കെനിയ നോയെൽ (38) എന്ന യുവതിയെയാണ് സഹോദരനായ ജീൻ എഡ്ഡി നോയെൽ (43) കൊലപ്പെടുത്തിയത്. സഹോദരി ആത്മഹത്യ ചെയ്തു എന്നാണ് ഇയാൾ ആദ്യം പൊലീസിനെ വിളിച്ച് അറിയിച്ചത്. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇതൊരു കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
ആത്മഹത്യയാണെന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കെനിയയെ കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. മൃതദേഹത്തിന് അരികിൽ കൈകൊണ്ട് നിർമ്മിച്ച ഒരു കുരിശും ഉണ്ടായിരുന്നു. കൂടാതെ, മുറിക്കുള്ളിൽ എല്ലായിടത്തും ഉപ്പും ഗ്രാമ്പുവും വിതറിയിട്ട നിലയിലായിരുന്നു.
കൂടുതൽ അന്വേഷണത്തിൽ, തനിക്ക് തൊണ്ടവേദനയുണ്ടെന്ന് കെനിയ സഹോദരനോട് പറഞ്ഞിരുന്നതായും, ശത്രുക്കളാരോ കൂടോത്രം ചെയ്തതുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് യുവതി വിശ്വസിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.
തുടർന്ന് മന്ത്രവാദത്തിലൂടെ തൊണ്ടവേദന മാറ്റുന്നതിനായി ഇരുവരും ചേർന്ന് ഒരു മുറി വാടകയ്ക്കെടുത്തു. എന്നാൽ ഇതിനിടെ യുവതിക്ക് ദുർമന്ത്രവാദത്തിന്റെ ബാധ കയറിയെന്നും സമനില തെറ്റിയതുപോലെ പെരുമാറാൻ തുടങ്ങിയെന്നുമാണ് ജീൻ പറയുന്നത്. പിന്നാലെ സഹോദരി സ്വയം കുത്തി മരിക്കുകയായിരുന്നു എന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി.
എന്നാൽ, സഹോദരി മരിച്ചതിന് ശേഷം ജീൻ മുറി വൃത്തിയാക്കുകയും കുളിക്കുകയും ചെയ്തതാണ് പൊലീസിൽ സംശയമുണ്ടാക്കിയത്. സംഭവത്തിൽ പൊലീസിന്റെ തുടരന്വേഷണം പുരോഗമിക്കുകയാണ്.




