മുംബൈ: പ്രമുഖ ഹോട്ടലിൽ നിന്നും വാങ്ങിയ ദോശയിൽ ചത്ത എലിയെ കണ്ടെത്തിയെന്ന പരാതിയിൽ നാടകീയ വഴിത്തിരിവ്. ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ ലംഘനം നടന്നെന്ന പരാതി വ്യാജമാണെന്നും, സംഭവത്തിന്റെ മറവിൽ ഹോട്ടൽ ഉടമയിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതായും കണ്ടെത്തിയതിനെ തുടർന്ന് രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ ബോറിവലി പൊലീസാണ് ഇരുവരെയും പിടികൂടിയത്.
ബോറിവലി വെസ്റ്റിലുള്ള രാധാകൃഷ്ണ ഹോട്ടലിലാണ് വിവാദപരമായ ഈ സംഭവം നടന്നത്. ഹോട്ടലിൽ നിന്ന് മൈസൂരു മസാല ദോശ കഴിച്ച അമിത് ത്രിവേദി എന്നയാൾ, ദോശയ്ക്കുള്ളിൽ ചെറിയ എലിയെ കണ്ടെത്തിയെന്നും ഇത് കഴിച്ച് താൻ പലതവണ ഛർദ്ദിച്ചതായും കാണിച്ച് ബോറിവലി പൊലീസിലും മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിലും പരാതി നൽകുകയായിരുന്നു. തുടർന്ന് ഹോട്ടലിനെതിരെ നടപടിയെടുത്ത ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലിന്റെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഇതിന് പിന്നാലെയാണ് കേസിലെ നിർണായക വിവരങ്ങൾ പുറത്തുവന്നത്. പരാതിക്കാരനായ അമിത് ത്രിവേദിയുടെ പ്രതിനിധികളാണെന്ന് അവകാശപ്പെട്ടെത്തിയ രണ്ട് സ്ത്രീകൾ, കേസ് ഒത്തുതീർപ്പാക്കാൻ ഹോട്ടൽ ഉടമയോട് 25 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ ഹോട്ടൽ എന്നന്നേക്കുമായി പൂട്ടിപ്പിക്കുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
ഹോട്ടൽ ഉടമ നൽകിയ പരാതിയിൽ ഭാരതീയ ന്യായ സംഹിതയിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം ഭീഷണിപ്പെടുത്തലിനും ബ്ലാക്ക്മെയിലിങ്ങിനും പൊലീസ് കേസെടുക്കുകയും രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ദോശയിൽ എലി എങ്ങനെ വന്നുവെന്നതിനെക്കുറിച്ചും, ഇത് ഹോട്ടൽ ജീവനക്കാരുടെ വീഴ്ചയാണോ അതോ പണം തട്ടിയെടുക്കാൻ മനപൂർവം പ്ലേറ്റിൽ കൊണ്ടുവച്ചതാണോ എന്നതിനെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.




