സ്വർണവും പണവും കവരുന്നതിനായി സ്ത്രീകളെ കൊലപ്പെടുത്തിയിരുന്ന അമ്മയും പ്രായപൂർത്തിയാകാത്ത മകനും തെലങ്കാനയിലെ സിദ്ധിപ്പേട്ടിൽ അറസ്റ്റിലായി. ഓഗസ്റ്റ് എട്ടിന് പാതി കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഭൂപള്ളി സ്വദേശിയായ ചാക്കലി രജിതയുടെയും മകന്റെയും ക്രൂരകൃത്യങ്ങൾ പുറത്തുവരുന്നത്.
തനിച്ചു ജീവിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ കവരുകയും മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കുകയുമാണ് ഇവരുടെ രീതി. അന്വേഷണത്തിനിടെ മറ്റ് രണ്ട് കുറ്റകൃത്യങ്ങളിൽക്കൂടി ഇവർക്ക് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
രാമക്കപേട്ട ഗ്രാമത്തിൽ കണ്ടെത്തിയ കരിഞ്ഞ മൃതദേഹം ഭൂപള്ളി സ്വദേശി അതികം വിജയയുടേതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് അയൽവാസിയായ രജിതയും മകനും പിടിയിലാകുന്നത്. വിജയയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടിൽ സൂക്ഷിക്കുകയും, ആഭരണങ്ങൾ പണയം വെച്ച് പണമാക്കിയ ശേഷം 10 ലിറ്റർ പെട്രോൾ വാങ്ങി മൃതദേഹം കത്തിക്കുകയുമായിരുന്നു. തുടക്കത്തിൽ വനപ്രദേശത്തേക്ക് മാറ്റാൻ പദ്ധതിയിട്ടിരുന്നെങ്കിലും മഴ കാരണം വഴിയിൽ ഉപേക്ഷിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.
ചോദ്യം ചെയ്യലിൽ, കഴിഞ്ഞ മേയ് മാസത്തിൽ കാണാതായ കെ. രേണുക എന്ന സ്ത്രീയെയും ഇവർ കൊലപ്പെടുത്തി മൃതദേഹം വനത്തിൽ വെച്ച് കത്തിച്ചതാണെന്ന് തെളിഞ്ഞു. കൂടാതെ 2025 ജൂണിൽ പ്രഭാതസവാരിക്കിടെ അന്നപൂർണ്ണ എന്ന സ്ത്രീയെ ആക്രമിച്ച സംഭവത്തിലും ഇവർക്ക് പങ്കുണ്ട്; ഗുരുതരമായി പരിക്കേറ്റ അന്നപൂർണ്ണ ഇപ്പോഴും കോമയിലാണ്. പ്രതികളിൽ നിന്ന് 5.6 പവൻ സ്വർണ്ണവും 53 പവൻ വെള്ളിയും പോലീസ് പിടിച്ചെടുത്തു. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് കൊലപാതകങ്ങൾ നടത്തിയ ഇവർ അടുത്തതായി മറ്റ് നാല് പേരെക്കൂടി വധിക്കാൻ പദ്ധതിയിട്ടിരുന്നതായും പോലീസ് വ്യക്തമാക്കി.




