Crime

22-കാരനെ തട്ടിയെടുത്ത് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ട്രാൻസ്‌ജെൻഡറുകൾ! ഭിക്ഷ യാചിക്കാൻ തെരുവില്‍ വിട്ടു, പരാതിയുമായി കുടുംബം

ബെംഗളൂരു: ചിത്രദുർഗയിൽ പൂക്കട നടത്തുന്ന 22 വയസ്സുള്ള മകനെ രണ്ടു ട്രാൻസ്‌ജെൻഡറുകൾ ചേർന്ന് തട്ടിക്കൊണ്ടുപോയി നിർബന്ധപൂർവം ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്ന പരാതിയുമായി കർണാടകയിലെ ഒരു കുടുംബം രംഗത്തെത്തി. കടയിൽ പൂ വാങ്ങാൻ എത്താറുള്ള ഒരു ട്രാൻസ്‌ജെൻഡറുമായി യുവാവ് സൗഹൃദത്തിലായിരുന്നു. ഇതിനുശേഷമാണ് മകൻ സ്ത്രീകളെപ്പോലെ വസ്ത്രം ധരിക്കാൻ തുടങ്ങിയതെന്ന് കുടുംബം പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

സെപ്റ്റംബർ ഒന്നിന് യുവാവിനെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയ രണ്ടു ട്രാൻസ്‌ജെൻഡറുകൾ, ദാവണഗെരെയിലെ ആശുപത്രിയിലെത്തിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുപകയായിരുന്നു. ശസ്ത്രക്രിയ പൂർത്തിയായ ശേഷമാണ് വീട്ടുകാർ സംഭവത്തെക്കുറിച്ച് അറിയുന്നത്. തുടർന്ന് ചിത്രദുർഗയിലെ ബുദ്രാനഗറിലുള്ള ഒരു വീട്ടിൽ യുവാവിനെ പൂട്ടിയിടുകയും, ശസ്ത്രക്രിയ നടത്തിയ ശരീരഭാഗത്ത് പൊള്ളൽ ഏൽപ്പിക്കുകയും ചെയ്തുവെന്ന് കുടുംബം ആരോപിക്കുന്നു.

പിന്നീട് ഭിക്ഷയാചിക്കാൻ നിർബന്ധിച്ച് പുറത്തുവിട്ട സമയത്ത് യുവാവ് വീട്ടുകാരെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയും തന്ത്രപരമായി രക്ഷപ്പെടുകയുമായിരുന്നു. നിലവിൽ പരശുരാമപുരയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള യുവാവ് ചികിത്സയിലാണ്. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പരശുരാമപുര പോലീസ് രണ്ടു ട്രാൻസ്‌ജെൻഡറുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.