മീററ്റ്: ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിൽ സെപ്റ്റംബറിൽ യുവാവ് മരിച്ച സംഭവം ഹൃദയാഘാതമല്ല, കൊലപാതകമാണെന്ന് വ്യക്തമായി. യുവതി കാമുകനുമായി ചേർന്ന് സ്വന്തം ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞത്. ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചതാണെന്നാണ് യുവതി എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ കൊല്ലപ്പെട്ടയാളുടെ ഫോണിലെ ചാറ്റുകളാണ് അവിഹിത ബന്ധത്തിന്റെയും കൊലപാതകത്തിന്റെയും ചുരുളഴിച്ചത്. മീററ്റിലെ ലോഹിയാ നഗറിലാണ് ഈ ദാരുണ സംഭവം നടന്നത്.
കൊല്ലപ്പെട്ട താലിബും (30) ബ്യൂട്ടീഷ്യനായ ഇൽമയും (27) നാലു വർഷം മുമ്പാണ് വിവാഹിതരായത്. മൂന്ന് വയസ്സുള്ള ഒരു മകളും ഇവർക്കുണ്ട്. താലിബ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം പെട്ടെന്ന് അസുഖബാധിതനാവുകയും താമസിയാതെ മരിക്കുകയുമായിരുന്നു എന്നാണ് ഇൽമ തന്റെ സഹോദരൻ ഉൾപ്പെടെയുള്ളവരോട് പറഞ്ഞത്. സ്വാഭാവിക മരണമാണെന്ന് കരുതി ബന്ധുക്കൾ മൃതദേഹം സംസ്കരിക്കുകയും ചെയ്തു.
എന്നാൽ പിന്നീട് കുടുംബാംഗങ്ങൾക്ക് മരണത്തിൽ സംശയം തോന്നിത്തുടങ്ങി. ഒക്ടോബർ ഒന്നിന് താലിബിന്റെ ബന്ധുവായ റയീസ് ഇൽമയുടെ വീട്ടിലെത്തി നടത്തിയ പരിശോധനയിൽ, വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ചിരുന്ന താലിബിന്റെ മൊബൈൽ ഫോൺ കണ്ടെത്തി. ഇൽമയുടെ കാമുകനായ അമനുമായി താലിബ് നടത്തിയ സംഭാഷണങ്ങൾ ഫോണിലുണ്ടായിരുന്നു. തന്റെ ഭാര്യയോട് സംസാരിക്കുന്നത് താലിബ് വിലക്കുന്നതായിരുന്നു അതിൽ. ഇതോടെ കുടുംബം ചോദ്യം ചെയ്തപ്പോൾ ഭർത്താവിനെ കൊലപ്പെടുത്തിയതാണെന്ന് ഇൽമ സമ്മതിക്കുകയായിരുന്നു.
താലിബ് തന്നെ സ്ഥിരമായി മർദിക്കാറുണ്ടായിരുന്നുവെന്നും സെപ്റ്റംബർ 28 നും മർദനമേറ്റതായും ഇൽമ മൊഴി നൽകി. തുടർന്ന് ഇൽമ അമനെ വിളിച്ചുവരുത്തുകയായിരുന്നു. അമൻ ഒരു സുഹൃത്തിനൊപ്പമെത്തി മൂന്നുപേരും ചേർന്ന് താലിബിനെ മർദിക്കുകയും, തുടർന്ന് ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം ഇൽമയെ വിവാഹം കഴിക്കാമെന്ന് അമൻ വാഗ്ദാനം ചെയ്തിരുന്നതായും വ്യക്തമായിട്ടുണ്ട്.
സംഭവത്തിൽ ജില്ലാ മജിസ്ട്രേറ്റിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്ന് സർക്കിൾ ഓഫീസർ അറിയിച്ചു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇൽമ നിലവിൽ പൊലീസിന്റെ നിരീക്ഷണത്തിലാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം പ്രതികൾക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.




