Oddly News

താൻ ‘കൊന്നു’ എന്ന് പറഞ്ഞ യുവതിയെ ജയിലിൽ നിന്നിറങ്ങി ജീവനോടെ കണ്ടെത്തി യുവാവ്, ഫോൺ വിളിക്കാൻ കൊടുത്തത് വിനയായി

ബംഗളൂരു: ഏഴു വർഷം മുൻപ് താൻ കൊലപ്പെടുത്തിയെന്ന കേസിൽ രണ്ടര വർഷത്തോളം ജയിൽവാസം അനുഭവിച്ച യുവാവ്, ‘കൊല്ലപ്പെട്ട’ സ്ത്രീയെ ജീവനോടെ കണ്ടെത്തി! കർണാടകയിലെ മാണ്ഡ്യയിലാണ് സിനിമാക്കഥയെ വെല്ലുന്ന ഈ അവിശ്വസനീയ സംഭവം അരങ്ങേറിയത്. മഞ്ജു എന്ന യുവതിയെ കൊന്ന കേസിൽ പ്രതിചേര്‍ക്കപ്പെട്ട്‌ രണ്ടരവര്‍ഷത്തോളം ജയിലിൽ കിടന്ന രാജേഷ് എന്ന യുവാവാണ് സ്വന്തം പരിശ്രമത്തിലൂടെ തന്റെ നിരപരാധിത്വം തെളിയിച്ചത്.

2019 ജൂലൈയിലാണ് ഈ കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. മാണ്ഡ്യയിലെ പാണ്ഡവപുര സ്വദേശിനിയായ മഞ്ജുവിന്റെ വിവാഹം അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി പിതാവ് നാഗരാജു നിശ്ചയിച്ചു. ഈ വിവാഹത്തിൽ നിന്നും രക്ഷപ്പെടാനായി 2019 ജൂലൈ മൂന്നിന് യുവതി കാമുകനൊപ്പം വീടുവിട്ടിറങ്ങി. വിവാഹത്തിന് മുൻപ് വീട്ടിലേക്ക് അത്യാവശ്യമായി വിളിക്കാനായി ബസ് സ്റ്റാൻഡിൽ വെച്ച് രാഗിമുദ്ദനഹള്ളി സ്വദേശിയായ രാജേഷിന്റെ കയ്യിൽ നിന്നും മൊബൈൽ ഫോൺ വാങ്ങി ഉപയോഗിച്ചതാണ് യുവാവിന് കുരുക്കായത്.

മഞ്ജു വീട്ടിൽ തിരിച്ചെത്താതായതോടെ പിതാവ് നാഗരാജു പൊലീസിൽ തിരോധാന പരാതി നൽകി. രാജേഷിന്റെ ഫോണിൽ നിന്നാണ് മഞ്ജു അവസാനമായി വിളിച്ചതെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും, യുവതിയെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിക്കാത്തതിനാൽ 2021-ൽ അന്വേഷണം അവസാനിപ്പിച്ചു.

എന്നാൽ 2021 ഓഗസ്റ്റ് 11-ന് അനന്തപത്മനാഭ, ഗുരുകുമാർ എന്നീ രണ്ടുപേരുടെ വാക്കുകളുടെ അടിസ്ഥാനത്തിൽ നാഗരാജു പൊലീസിൽ പുതിയൊരു പരാതി നൽകി. 2019-ൽ രാജേഷ് മഞ്ജുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാവേരി നദിയിൽ തള്ളിയെന്നായിരുന്നു പുതിയ പരാതിയിലെ ആരോപണം.

ഇതേത്തുടർന്ന് പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്തു. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഇൻസ്പെക്ടർ പ്രഭാകർ (ഇപ്പോൾ സർവീസിൽ നിന്നും വിരമിച്ചു) രാജേഷിനെ അറസ്റ്റ് ചെയ്തു. തുടർന്ന് തെളിവെടുപ്പ് നടത്തുകയും, സാക്ഷിമൊഴികളുടെയും കുറ്റസമ്മതത്തിന്റെയും അടിസ്ഥാനത്തിൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. മഞ്ജുവിന്റെ മൃതദേഹം പോലും കണ്ടെത്താതെയായിരുന്നു പൊലീസിന്റെ ഈ നടപടി.

പിന്നീട് ജാമ്യത്തിലിറങ്ങിയ രാജേഷ് തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള കഠിനശ്രമങ്ങൾ ആരംഭിച്ചു. രാജേഷിന്റെ അഭിഭാഷക സംഘം നടത്തിയ സ്വതന്ത്ര അന്വേഷണത്തിനൊടുവിൽ, മാണ്ഡ്യയിലെ നാഗമംഗല പ്രദേശത്ത് ഭർത്താവിനൊപ്പം സന്തോഷത്തോടെ ജീവിക്കുന്ന മഞ്ജുവിനെ കണ്ടെത്തി. ഉടൻ തന്നെ അഭിഭാഷകൻ ഈ വിവരം പൊലീസിനെ അറിയിച്ചു.

തുടർന്ന് ബിണ്ടിഗനവിള പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മഞ്ജുവിനെ സാന്ത്വന കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. താൻ വീടുവിട്ടിറങ്ങിയ ശേഷം രാജേഷിനെതിരെ കൊലപാതക കേസ് രജിസ്റ്റർ ചെയ്ത വിവരമൊന്നും അറിഞ്ഞിരുന്നില്ലെന്ന് മഞ്ജു പൊലീസിന് മൊഴി നൽകി. “രാജേഷ് ആരാണെന്നോ എന്റെ അച്ഛൻ എന്തിനാണ് ഇങ്ങനെയൊരു കേസ് കൊടുത്തതെന്നോ എനിക്കറിയില്ല. അദ്ദേഹം പൂർണ്ണമായും നിരപരാധിയാണ്, ഈ മൊഴി എവിടെയും നൽകാൻ ഞാൻ തയ്യാറാണ്” എന്നും അവർ വ്യക്തമാക്കി.

വ്യാജ പരാതി നൽകിയ പിതാവ് നാഗരാജുവിനെതിരെയും, കള്ളത്തെളിവുകൾ ഉണ്ടാക്കി രാജേഷിന്റെ ജീവിതം തകർത്ത വിരമിച്ച ഇൻസ്പെക്ടർ പ്രഭാകറിനെതിരെയും കർശന നിയമനടപടി വേണമെന്ന് രാജേഷിന്റെ കുടുംബം ആവശ്യപ്പെട്ടു. അന്വേഷണത്തിൽ സംഭവിച്ച വീഴ്ചയുടെ ഗൗരവം മാണ്ഡ്യ പൊലീസ് സൂപ്രണ്ട് ശോഭാറാണി സമ്മതിച്ചു. മൃതദേഹം ഇല്ലാതെ കുറ്റപത്രം നൽകിയ സാഹചര്യത്തെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചെങ്കിലും, അന്വേഷണ പാളിച്ചകളെക്കുറിച്ച് വിശദമായി പരിശോധിക്കാൻ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അവർ അറിയിച്ചു.