Featured Spotlight

‘വാജിവാഹനം തന്ത്രിയുടേതല്ല’; ദേവസ്വം സ്വത്തുക്കൾ ദേവന് സ്വന്തം, തന്ത്രിമാർക്ക് ഉടമസ്ഥാവകാശമില്ലെന്ന് ഹൈക്കോടതി

ക്ഷേത്രങ്ങളിലെ പഴയ കൊടിമരത്തിലുള്ള വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന് ഹൈക്കോടതി . ക്ഷേത്രസ്വത്തുക്കളിൽ തന്ത്രിമാർക്ക് ഉടമസ്ഥാവകാശമില്ലെന്നും, ഇത് ചൂണ്ടിക്കാട്ടി 2012-ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇറക്കിയ സർക്കുലറിനെതിരെ അഖില തന്ത്രി പ്രചാരക സഭ നൽകിയ ഹർജി തള്ളിക്കൊണ്ടുമാണ് കോടതിയുടെ ഉത്തരവ്.

ദേവസ്വം സ്വത്തുക്കൾ ദേവന് അവകാശപ്പെട്ടതാണെന്നും, തന്ത്രിയുടേത് ആചാരപരമായ അധികാരം മാത്രമാണെന്നും അല്ലാതെ സ്വത്തവകാശമല്ലെന്നും കോടതി നിരീക്ഷിച്ചു. തന്ത്രസമുച്ചയത്തിലെ ആചാരങ്ങൾ ഉടമസ്ഥാവകാശത്തിന് ആധാരമാകില്ല. ക്ഷേത്രവസ്തുക്കൾ ദേവസ്വം സ്വത്തായി തന്നെ സംരക്ഷിക്കപ്പെടണം. അതിനാൽ 2012-ലെ ദേവസ്വം ബോർഡ് സർക്കുലർ സാധുതയുള്ളതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

1971-ൽ സ്ഥാപിച്ച കൊടിമരം മാറ്റി 2017 ഫെബ്രുവരി 17-നാണ് ശബരിമലയിൽ പുതിയ കൊടിമരം പ്രതിഷ്ഠിച്ചത്. ആ ചടങ്ങുകൾക്കിടെ ആചാരപ്രകാരം വാജി വാഹനം ഔദ്യോഗികമായി തന്ത്രി കണ്ഠര് രാജീവർക്ക് കൈമാറിയതായി അഭിഭാഷക കമ്മിഷൻ എൻ.ആർ.സി. കുറുപ്പ് റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് ഈ വാഹനം ഹൈദരാബാദിലെ ഒരു വ്യവസായിക്ക് കൈമാറിയെന്ന ആരോപണം വിവാദമായിരുന്നു.

ഇതിനെത്തുടർന്ന്, വാജി വാഹനം തന്റെ വീട്ടിലുണ്ടെന്നും അത് തിരികെ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് ഒക്ടോബർ 17-ന് തന്ത്രി ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. എന്നാൽ ബോർഡ് അത് സ്വീകരിക്കാൻ തയ്യാറായില്ല. തുടർന്ന് സ്വർണക്കൊള്ള കേസിൽ തന്ത്രി അറസ്റ്റിലായതിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് വാജി വാഹനം പിടിച്ചെടുത്തത്.