കിഴക്കൻ ചൈനയിലെ ജിനാൻ സ്വദേശിനിയായ 76-കാരി, കഴിഞ്ഞ 14 വർഷമായി അർബുദബാധിതനായ തന്റെ മുൻ സഹപ്രവർത്തകനെ പരിചരിക്കുന്നത് തുടരുകയാണ്. 2012-ൽ അതീവ ദയനീയ സാഹചര്യത്തിൽ രോഗത്തോട് മല്ലിട്ട് കഴിയുന്ന ഷാങ് ഹോങ്ക്വാനെ കണ്ടെത്തിയതിനെ തുടർന്നാണ് ഷാങ് ജി അദ്ദേഹത്തിന്റെ സംരക്ഷണം ഏറ്റെടുത്തത്. അയൽക്കാരുടെയും മറ്റുള്ളവരുടെയും വിമർശനങ്ങൾ നേരിട്ടിട്ടും അദ്ദേഹത്തിന്റെ ദൈനംദിന കാര്യങ്ങളിൽ സഹായിക്കാനും പിന്തുണ നൽകാനും അവർ തയ്യാറായതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം 2012-ലാണ് ഷാങ് ജി തന്റെ മുൻ മേലുദ്യോഗസ്ഥനായിരുന്ന ഷാങ് ഹോങ്ക്വാനെ വീണ്ടും കണ്ടുമുട്ടുന്നത്. അന്ന് 82 വയസ്സുണ്ടായിരുന്ന ഹോങ്ക്വാൻ ഭാര്യ മരിച്ചതിനെ തുടർന്ന് തനിച്ചായിരുന്നു താമസം. പ്രായപൂർത്തിയായ മക്കളിൽ നിന്ന് അകന്നു കഴിഞ്ഞിരുന്ന അദ്ദേഹം മലാശയ അർബുദത്താൽ (rectal cancer) കഷ്ടപ്പെടുകയായിരുന്നു. ശോചനീയമായ ഒരു അപ്പാർട്ട്മെന്റിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ ഇടതുകാൽ രോഗം മൂലം കറുത്തു വീർത്ത നിലയിലായിരുന്നു. വീട്ടിൽ ചൂട് നൽകുന്നതിനുള്ള സംവിധാനങ്ങൾ ഇല്ലാതിരുന്നതിനാൽ തണുപ്പകറ്റാൻ ഒരു ചെറിയ കൽക്കരി അടുപ്പിനെയാണ് അദ്ദേഹം ആശ്രയിച്ചിരുന്നത്.
അദ്ദേഹത്തിന്റെ ഈ അവസ്ഥ കണ്ട് മനസ്സലിഞ്ഞ ഷാങ് ജി, തന്റെ വീട്ടിലേക്ക് താമസം മാറാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയും പരിചരിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ആളുകളുടെ വിമർശനങ്ങളുണ്ടാകുമെന്ന് അയൽക്കാർ മുന്നറിയിപ്പ് നൽകിയെങ്കിലും, അദ്ദേഹത്തെ തനിച്ചാക്കി പോയാൽ ജീവൻ തന്നെ അപകടത്തിലാകുമെന്ന് അവർ ഉറച്ചു വിശ്വസിച്ചു.
ആളുകൾ എന്ത് പറയുമെന്ന ആശങ്ക കാരണം ഹോങ്ക്വാൻ ആദ്യം ഇതിന് വിസമ്മതിച്ചു. എന്നാൽ ഷാങ് ജി തുടർച്ചയായി അദ്ദേഹത്തെ സന്ദർശിക്കുകയും നിർബന്ധിക്കുകയും ചെയ്തതോടെ 2012-ലെ വേനൽക്കാലത്ത് അദ്ദേഹം അവരുടെ വീട്ടിലേക്ക് താമസം മാറാൻ സമ്മതിച്ചു. വീട്ടിലെത്തിയ ശേഷം അദ്ദേഹത്തിനായി പ്രത്യേക മുറി ഒരുക്കിയ ഷാങ് ജി, ചികിത്സയ്ക്കും നിത്യജീവിതത്തിലെ കാര്യങ്ങൾക്കും എല്ലാ സഹായങ്ങളും നൽകി. അക്യുപങ്ചർ ചികിത്സയ്ക്ക് കൊണ്ടുപോകുകയും, ശുഭാപ്തിവിശ്വാസം പകരുകയും, വ്യായാമങ്ങൾ ചെയ്യാൻ സഹായിക്കുകയും ചെയ്തു.
2017-ൽ രോഗം മൂർച്ഛിച്ചതോടെ അദ്ദേഹത്തിന്റെ കണങ്കാലിന് ചുറ്റുമുള്ള തൊലി അടർന്നുമാറുകയും ദിവസവും വൃത്തിയാക്കേണ്ട വലിയ മുറിവുകൾ രൂപപ്പെടുകയും ചെയ്തു. ഈ മുറിവുകൾ വൃത്തിയാക്കുന്നതിനായി ഒരു പൂച്ചട്ടി ഉപയോഗിച്ച് വെള്ളം ഒഴുകിപ്പോകാനുള്ള പ്രത്യേക സംവിധാനം ഷാങ് ജി ഒരുക്കി. അഴുക്കുവെള്ളം തങ്ങിനിന്ന് അണുബാധ കൂടാതിരിക്കാൻ ഇത് ഏറെ സഹായിച്ചു.
അവരുടെ നിരന്തരമായ പരിചരണത്തിലൂടെ അദ്ദേഹത്തിന്റെ ആരോഗ്യനില ക്രമേണ മെച്ചപ്പെട്ടു. അദ്ദേഹത്തിന്റെ സാമ്പത്തിക കാര്യങ്ങളും കൃത്യമായി കൈകാര്യം ചെയ്ത ഷാങ് ജി, പെൻഷൻ തുക പ്രത്യേക സ്ഥിരനിക്ഷേപ അക്കൗണ്ടുകളിലായി സുരക്ഷിതമാക്കി വെച്ചു. ഹോങ്ക്വാൻ ഇപ്പോൾ സ്വന്തമായി ഭക്ഷണം പാകം ചെയ്യാൻ താല്പര്യം കാണിക്കുന്നുണ്ടെന്നും എല്ലാ ദിവസവും പുഞ്ചിരിയോടെയാണ് തുടങ്ങുന്നതെന്നും ഷാങ് ജി പറയുന്നു.
ഇത്രയൊക്കെ ചെയ്തിട്ടും ചുറ്റുമുള്ളവരിൽ നിന്ന് അവർക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നു. ഹോങ്ക്വാനിൽ നിന്ന് വാടക വാങ്ങണമെന്ന് ഒരു ബന്ധു നിർദ്ദേശിച്ചപ്പോൾ, അദ്ദേഹത്തിന്റെ പണം എന്തുകൊണ്ട് ചിലവാക്കുന്നില്ലെന്നായിരുന്നു ഒരു സുഹൃത്തിന്റെ ചോദ്യം. ഭർത്താവ് മരിച്ച് അധികം വൈകാതെ രോഗിയായ മറ്റൊരാളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതിനെ ഒരു അയൽവാസിയും വിമർശിച്ചു.
എന്നാൽ ഇത്തരം അഭിപ്രായങ്ങളൊന്നും തന്റെ തീരുമാനത്തെ ബാധിക്കാൻ ഷാങ് ജി അനുവദിച്ചില്ല. സത്യസന്ധമായ സ്വഭാവമുള്ള ഒരാൾ വ്യാജ ആരോപണങ്ങളെ ഭയപ്പെടേണ്ടതില്ലെന്നായിരുന്നു അവരുടെ നിലപാട്. ഹോങ്ക്വാൻ ജീവിച്ചിരിക്കുന്ന ഓരോ അധിക ദിവസവും തനിക്ക് വലിയ സംതൃപ്തി നൽകുന്നുണ്ടെന്നും അവർ പറഞ്ഞു.
ഷാങ് ജിയുടെ ഈ അർപ്പണബോധം ഒടുവിൽ ഹോങ്ക്വാന്റെ കുടുംബത്തിന്റെയും ആദരവ് നേടിയെടുത്തു. വീട്ടിലേക്ക് തിരികെ വരാൻ അദ്ദേഹത്തിന്റെ സഹോദരഭാര്യ ആവശ്യപ്പെട്ടെങ്കിലും, ആവശ്യമായ എല്ലാ പരിചരണവും ഇവിടെ ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കി ഷാങ് ജി ആ ആവശ്യം നിരസിച്ചു. സ്വന്തം അമ്മയേക്കാൾ മികച്ച രീതിയിലാണ് ഷാങ് ജി അച്ഛനെ നോക്കുന്നതെന്ന് ഹോങ്ക്വാന്റെ മകൾ പറഞ്ഞപ്പോൾ, അവരുടെ സത്യസന്ധതയെയും സ്വഭാവത്തെയും അദ്ദേഹത്തിന്റെ മൂത്ത സഹോദരി പ്രശംസിച്ചു. തനിക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ ഒരിക്കലും മറക്കില്ലെന്ന് പറഞ്ഞ ഹോങ്ക്വാൻ, നിഷ്കളങ്കമായ മനസ്സും വിശാലമായ ചിന്താഗതിയുമുള്ള വ്യക്തിയാണ് ഷാങ് ജി എന്നും കൂട്ടിച്ചേർത്തു.




