ലക്നൗ∙ ഉത്തർപ്രദേശിലെ ഗോരഖ്പുർ ജില്ലയിലുള്ള ഒരു ഗ്രാമത്തിൽ, ഒൻപത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ പതിനാലുകാരനായ ബന്ധുവിനെ പൊലീസ് പിടികൂടി. കൃത്യം നടത്തുമ്പോൾ താൻ കടുത്ത മദ്യലഹരിയിലായിരുന്നുവെന്ന് കൗമാരക്കാരനായ പ്രതി പൊലീസിനോട് സമ്മതിച്ചു.
വെള്ളിയാഴ്ച രാത്രി അമ്മയുടെ കൂടെ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ പ്രതി വീട്ടിൽ നിന്നും രഹസ്യമായി കടത്തിക്കൊണ്ടുപോവുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് കുട്ടിയെ കാണാനില്ലെന്ന കാര്യം വീട്ടുകാർ ശ്രദ്ധിക്കുന്നത്. തുടർന്ന് നാട്ടുകാരും കുടുംബവും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ, വീട്ടിൽ നിന്നും ഏകദേശം 500 മീറ്റർ മാറിയുള്ള പാടത്തുനിന്നും ചോരയൊലിക്കുന്ന നിലയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം നടന്നതായി മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ ഇനി ഫൊറൻസിക് പരിശോധനാ ഫലങ്ങൾ കൂടി വരാനുണ്ട്. സംഭവത്തിന് ശേഷം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതും നാട്ടുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതുമാണ് പ്രതിയെ വേഗത്തിൽ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്. ഇതോടെ, കഴിഞ്ഞ ആഴ്ച മാത്രം ഗ്രാമത്തിൽ തിരിച്ചെത്തിയ പതിനാലുകാരനായ ബന്ധുവിലേക്ക് സംശയം നീളുകയും പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
അമ്മയുടെ അരികിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ താൻ തന്നെയാണ് എടുത്തതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി ഗോരഖ്പൂർ അഡീഷനൽ പൊലീസ് സൂപ്രണ്ട് പാട്ടീൽ നിമിഷ് ദശരഥ് അറിയിച്ചു. മദ്യത്തിന്റെ ലഹരിയിലാണ് താൻ ഈ ക്രൂരത ചെയ്തതെന്നാണ് പ്രതിയുടെ വാദം.
കുഞ്ഞിനെ പീഡിപ്പിച്ച ശേഷം പാടത്ത് ഉപേക്ഷിച്ച് ഇയാൾ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടർന്ന് രാവിലെ വീട്ടുകാർക്കൊപ്പം കുഞ്ഞിനെ തിരയാൻ ഈ പ്രതിയും മുന്നിലുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ കൗമാരക്കാരനെ നിയമനടപടികൾക്കായി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും. ഇയാളുടെ മൊബൈൽ ഫോണിൽ നിരവധി അശ്ലീല വിഡിയോകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഫോൺ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി അയക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.




